എൻഎച്ച്എസ് ആശുപത്രികളിലെ ഫ്ലൂ തരംഗം ഒഴിയുമ്പോൾ, ഭീഷണിയായി വീണ്ടും മഞ്ഞും മഴയും! ആശുപത്രി അവസ്ഥകൾ കണ്ട് അന്തംവിട്ട് ആദ്യമായി യുകെയിലെത്തിയ നഴ്‌സുമാരും കെയറർമാരും! ട്രോളികളിലും ആംബുലൻസിലും കിടത്തി ചികിത്സ
ഭീതിദമായ ഒരു ദുഃസ്വപ്നം മെല്ലെ വിട്ടകലുന്ന പ്രതീതിയിലാണ് യുകെയിലെ എൻഎച്ച്എസിൽ ആദ്യമായെത്തിയ മലയാളി നഴ്‌സുമാർ. അതേസമയം ഇതുപോലെയുള്ള പല മഞ്ഞുകാലങ്ങളും കോവിഡ് മഹാമാരിയും നേരിട്ടനുഭവിച്ച സീനിയർ നഴ്‌സുമാർക്കാകട്ടെ, പതിവ് ശൈത്യകാല കാഴ്ച്ച മാത്രവുമായി. കഴിഞ്ഞ ഏതാനും വർഷങ്ങളായി യുദ്ധകാല അവസ്ഥയാണ് മഞ്ഞുകാലത്ത് ഒട്ടുമിക്ക എൻഎച്ച്എസ് ആശുപത്രികളിലും നടമാടുന്നത്. വാർഡുകൾ അടയ്ക്കുന്നതും ട്രോളികളിലും വരാന്തകളിലും കിടത്തി ചികിത്സിക്കുന്നതും ആംബുലന്സുകളിൽ നിന്നും എമർജൻസി രോഗികളെ ഏറ്റുവാങ്ങാൻ മണിക്കൂറുകൾ താമസിക്കുന്നതും എല്ലാം വിന്റർ സീസണിലെ പതിവ് കാഴ്ച്ചകൾ. ഫ്ലൂ ബാധിതരാണ് ഇക്കൊല്ലം എൻഎച്ച്എസ് ആശുപത്രികളെ കൂടുതൽ വലച്ചത്. അതിനൊപ്പം കോവിഡും നൊറോവൈറസും കുട്ടികളുടെ ആർഎസ്‌വി വൈറസും കൂടിയായപ്പോൾ, രോഗബാധിതരുടെ ആധിക്യം മൂലം ആശുപത്രികൾ യുദ്ധക്കളങ്ങളെപ്പോലെ ആയി മാറുകയായിരുന്നു. ബെഡ്ഡുകളുടെ കുറവിനു പുറമേ, മരുന്നുകളും ഓക്‌സിജനും യഥാസമയം ലഭിക്കാത്തതും നഴ്സുമാരുടേയും ഡോക്ടർമാരുടേയും കുറവും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. 20 തോളം ആശുപത്രികളാണ് ‘ക്രിട്ടിക്കൽ ഇൻസിഡന്റ്’ പ്രഖ്യാപിച്ചത്. പല ആശുപത്രികളിലേയും എ ആൻഡ് ഇ വാർഡുകൾക്ക് മുന്നിൽ കഴിഞ്ഞ വാരങ്ങളിൽ ആംബുലൻസുകളുടെ നീണ്ടനിര കാണാമായിരുന്നുവെന്നും ദേശീയ മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. വയോധികരേയും പ്രതിരോധശേഷി കുറഞ്ഞവരേയും മറ്റ് അസുഖങ്ങൾ ഉള്ളവരേയുമാണ് ഫ്ലൂ അടക്കമുള്ള അസുഖങ്ങൾ കൂടുതൽ ഗുരുതരമായി ബാധിച്ചത്. എന്നാൽ അത്തരക്കാരുടെ മരണസംഖ്യ ഉയരാതിരുന്നത് നേട്ടമായി. നഴ്‌സുമാർ അടക്കമുള്ള വിദേശ ആശുപത്രി സ്റ്റാഫുകളുടെ റിക്രൂട്ട്മെന്റ് സർക്കാർ നിയന്ത്രണ വിധേയമാക്കിയതാണ് പ്രതിസന്ധി ഇത്രകൂടാനുള്ള മറ്റൊരുകാരണമായി പറയുന്നത്. ഇതുമൂലം പലയിടത്തും രോഗികൾക്ക് യഥാസമയം ചികിത്സ നൽകാൻ കഴിഞ്ഞില്ല. ഏറ്റവും പുതിയതായി വന്ന ദേശീയതലത്തിൽ, ഫ്ലൂ ബാധിതരുടെ സംഖ്യ കുറയുന്നു എന്ന കണക്കാണ് ഇപ്പോൾ അൽപമെങ്കിലും ആശ്വാസകരം. ഇതോടെ ആശുപത്രികളിൽ രോഗികളുടെ എണ്ണവും കുറയുമെന്നാണ് പ്രതീക്ഷ. എന്നാൽ വീണ്ടും ഭീഷണിയുയർത്തി മെറ്റ് ഓഫീസിന്റെ കാലാവസ്ഥാ പ്രവചനവുമെത്തി. അടുത്തയാഴ്ച്ച വീണ്ടും മഞ്ഞും മഴയും അതിശൈത്യവും കടുക്കുമെന്നാണ് പ്രവചനം. അതോടെ ഫ്ലൂവും പനിയും പിടിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണവും കൂടുമെന്നതാണ് ആശങ്കയ്ക്ക് കാരണം.