ടെക്‌നോളജി മനുഷ്യ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയ കാലത്ത് ദൈനംദിന ആവശ്യങ്ങള്‍ തുടങ്ങി അപകട ഘട്ടങ്ങളില്‍ വരെ ഇവ നമ്മെ സഹായിച്ചു തുടങ്ങി. അത്തരത്തില്‍ നിരവധി അനുഭവങ്ങള്‍ ആണ് പുറത്ത് വന്നിട്ടുള്ളത്. ഇപ്പോഴിതാ ഒരു സന്ദര്‍ഭത്തില്‍ പിതാവിന്റെ ജീവന്‍ രക്ഷിച്ച ആപ്പിള്‍ വാച്ചിന്റെ ഫീച്ചറിനെ കുറിച്ച് പറയുകയാണ് ആപ്പിള്‍ സിഇഒ ടിം കുക്ക്.
തനിച്ച് താമസിച്ചുവരികയായിരുന്ന ടിം കുക്കിന്റെ പിതാവ് ഒരിക്കല്‍ സുഖമില്ലാതെ വീടിനുള്ളില്‍ വീഴുകയും ബോധരഹിതനാവുകയും ചെയ്തു. എന്നാല്‍ അദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന ആപ്പിള്‍ വാച്ചിലെ, അത്യാവശ്യ ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അലെര്‍ട് ഫീച്ചര്‍ അന്ന് ഉപകാരമായി. അധികം വൈകാതെ തന്നെ വീട്ടിലേക്ക് എത്തുവാനും പിതാവിന്റെ ജീവന്‍ രക്ഷിക്കുവാനും സാധിച്ചതായി ടേബിള്‍ മാനേഴ്‌സ് എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന്റെ അഭിമുഖത്തില്‍ ടിം കുക്ക് വെളിപ്പെടുത്തി. അത്യാവശ്യ ഘട്ടങ്ങളില്‍ അലെര്‍ട് നല്‍കുക മാത്രമല്ല, ഒപ്പം എമര്‍ജന്‍സി സര്‍വീസിലേക്ക് നേരിട്ട് ഫോണ്‍ കോള്‍ പോവുകയും ചെയ്യുന്നതാണ് ആപ്പിള്‍ വാച്ചിന്റെ ഈ ഫീച്ചര്‍. ഇതോടെ ആളുകള്‍ക്ക് പെട്ടെന്ന് സംഭവ സ്ഥലത്തേക്ക് എത്തുവാനും ആളെ രക്ഷിക്കുവാനും കഴിയും.
ആപ്പിള്‍ ഗാഡ്ജറ്റുകള്‍ മനുഷ്യ ജീവന്‍ രക്ഷിച്ച മറ്റനേകം സംഭവങ്ങളുമുണ്ട്. ദില്ലിയില്‍ ഒരു പെണ്‍കുട്ടിയുടെ ഹൃദയമിടിപ്പ് കൂടുതലാണെന്ന് ആപ്പിള്‍ വാച്ചിന്റെ ഇസിജി ഡിക്ടറ്റര്‍ ഫീച്ചര്‍ തിരിച്ചറിഞ്ഞതാണ് ഒരു സംഭവം. വാഹനാപകടത്തില്‍പ്പെട്ട ഒരു യുവാവിന് രക്ഷകനായത് ആപ്പിള്‍ വാച്ചിന്റെ ഫാള്‍ ഡിറ്റക്ഷന്‍ ഫീച്ചറാണ് എന്നത് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഇത്തരത്തില്‍ ആപ്പിള്‍ ഗാഡ്ജറ്റുകള്‍ ജീവന്‍ രക്ഷിച്ച നിരവധി സംഭവങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പലരും വെളിപ്പെടുത്തിയിട്ടുണ്ട്. ആധുനിക കാലത്ത് ദൈനംദിന ജീവിതത്തില്‍ സാങ്കേതിക ഉപകരണങ്ങളുടെ പ്രാധാന്യത്തെയാണ് ഈ സംഭവങ്ങളൊക്കെയും ചൂണ്ടിക്കാട്ടുന്നത്.