ആപ്പിള്‍ സ്റ്റോര്‍ ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് കമ്പനി. ഇനി മുതല്‍ ഉപയോക്താക്കള്‍ക്ക് ആപ്പിളിന്റെ സേവനം വളരെ എളുപ്പം ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് ആക്സസ് ഉള്ള ഫിസിക്കല്‍ സ്റ്റോര്‍, അംഗീകൃത വില്‍പ്പനക്കാര്‍, തേര്‍ഡ് പാര്‍ട്ടി റീട്ടെയിലര്‍മാര്‍ എന്നിവയ്ക്ക് പുറമേ രാജ്യത്തെ ആപ്പിളിന്റെ ഉല്‍പന്നങ്ങളിലേക്കും സേവനങ്ങളിലേക്കുമുള്ള പൂര്‍ണമായ ആക്‌സസാണ് ആപ്പിന്റെ ലക്ഷ്യം.
തങ്ങളുടെ നെറ്റ്വര്‍ക്ക് ശക്തമാക്കിക്കൊണ്ട് രാജ്യത്തെ കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്താന്‍ ആപ്പിള്‍ സ്റ്റോര്‍ ആപ്ലിക്കേഷന്‍ സഹായിക്കുമെന്ന് കമ്പനി പറയുന്നു. ഇന്ത്യയിലെ ഉപഭോക്താക്കളുടെ കസ്റ്റമൈസേഷനുകളും ആപ്പിള്‍ സ്റ്റോര്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്തെങ്കിലും വാങ്ങിയതിന് ശേഷം ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വ്യക്തിഗത സജ്ജീകരണ സെഷനുകള്‍ക്കായി ആപ്പിള്‍ സ്‌പെഷ്യലിസ്റ്റുകളുമായി കണക്റ്റ് ചെയ്യാനും ഹ്രസ്വ വീഡിയോകള്‍ വഴി വിവരങ്ങളറിയാനും ഉപകരണങ്ങളുടെ പൂര്‍ണ്ണ ശേഷി അണ്‍ലോക്ക് ചെയ്യുന്നതിന് പ്രാദേശിക സ്റ്റോറുകളുടെ സഹായം തേടാനുമുള്ള സംവിധാനം ഇതിലുണ്ട്.
വിവിധ ഭാഷകളില്‍ പേരുകള്‍, ഇനീഷ്യലുകള്‍ അല്ലെങ്കില്‍ ഇമോജികള്‍ എന്നിവ ഉപയോഗിച്ച് എയര്‍പോഡുകള്‍, ഐപാഡുകള്‍, ആപ്പിള്‍ പെന്‍സിലുകള്‍ എന്നിവ പോലുള്ള ഉപകരണങ്ങള്‍ ആഡ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ആപ്പിളിന്റെ കസ്റ്റമൈസേഷന്‍ ഫീച്ചറുകളും ഇതിലുണ്ട്. ആപ്പ് സ്റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.