ഗുരുതരാവസ്ഥയിലായ നായക്കുഞ്ഞിനെ കടിച്ചെടുത്ത് മൃഗാശുപത്രിയിലെത്തിച്ച് അമ്മനായ. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. തുര്‍ക്കിയിലെ ഇസ്താംബൂളിലാണ് സംഭവം.
ആരോഗ്യസ്ഥിതി മോശമായിരുന്ന നായക്കുഞ്ഞിന് മൃഗഡോക്ടര്‍മാര്‍ അടിയന്തര വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു. നായക്കുഞ്ഞ് അപകടനില തരണം ചെയ്തെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
തുര്‍ക്കിയിലെ ഇസ്താംബൂളില്‍ ഈ മാസം 13നാണ് ആരെയും അത്ഭുതപ്പെടുത്തുന്ന സംഭവമുണ്ടായത്. ബെയ്ലിക്ഡുസുവിലെ അദ്നാന് കഹ്വെസി പരിസരത്തുള്ള ഒരു വെറ്ററിനറി ക്ലിനിക്കിലേക്കാണ് അമ്മനായ തന്റെ കുഞ്ഞിനെയും കടിച്ചെടുത്ത് എത്തിയത്. വെറ്ററിനറി ക്ലിനിക്കിന്റെ വാതില്ക്കല് മഴയത്ത് കുഞ്ഞിനെ വായില്‍ കടിച്ചുപിടിച്ചെത്തിയ നായയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
വെറ്ററിനറി ഡോക്ടര്‍ ഇത് ശ്രദ്ധിക്കുകയും കുഞ്ഞിനെ ഉടന്‍ ചികിത്സയ്ക്കായി അകത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. ഹൃദയമിടിപ്പ് അപകടകരമാം വിധം കുറഞ്ഞ നിലയിലായിരുന്നു നായക്കുഞ്ഞ്. കുഞ്ഞിനെ ഉടന്‍ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അമ്മ നായ അടുത്ത് തന്നെ നില്‍ക്കുകയും ചികിത്സാ വേളയില്‍ കുഞ്ഞിനെ ശ്രദ്ധിക്കുകയും ചെയ്തു.
ഈ അമ്മ നായ നേരത്തെ അടുത്തുള്ള ഒരു സ്ഥലത്ത് പ്രസവിച്ചിരുന്നുവെന്നും എന്നാല്‍ മിക്ക കുഞ്ഞുങ്ങളും മരിച്ചുപോയെന്നും ക്ലിനിക്കിലെ മൃ?ഗഡോക്ടറായ ബതുറാല്പ് ഓഘാന് വെളിപ്പെടുത്തി. മറ്റൊരു കുഞ്ഞ് ഉണ്ടെന്ന് അറിയാതെ, അതിജീവിച്ച ഒരു കുഞ്ഞിനെ മൃഗസ്നേഹികള്‍ നേരത്തെ ക്ലിനിക്കില്‍ എത്തിച്ചിരുന്നു. പിന്നീട് അവസാനം അവശേഷിച്ച കുഞ്ഞിനെ അമ്മ നായ കണ്ടെത്തി സഹായത്തിനായി ക്ലിനിക്കില്‍ എത്തിക്കുകയായിരുന്നു.
പോഷകം കുറവുള്ളതാണ് അമ്മനായയുടെ പാലെന്നാണ് ഡോ. ഓഘാന് പറയുന്നത്. ഇക്കാരണത്താലാണ് നായക്കുഞ്ഞുങ്ങളുടെ ആരോഗ്യനില ഗുരുതരമായത്. അതിനാല്‍ ക്ലിനിക്ക് കുഞ്ഞുങ്ങള്‍ക്ക് അധിക ഭക്ഷണം നല്കി പിന്തുണയ്ക്കുകയാണ്.അമ്മ നായയെയും കുഞ്ഞുങ്ങളും ഇപ്പോള്‍ ക്ലിനിക്കില്‍ പരിചരണത്തിലാണ്. ഇവരുടെ ആരോഗ്യം ക്രമാനുഗതമായി മെച്ചപ്പെടുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.