യുഎസില്‍ ടിക് ടോക്കിന്റെ നിരോധനം ഇന്ന് പ്രാബല്യത്തില്‍ വരന്നേക്കും. ടിക് ടോക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ നടത്തിയ ശ്രമങ്ങള്‍ പാഴാകുമോ എന്ന് ഇന്ന് അറിയാം.
യുഎസില്‍ പ്രവര്‍ത്തന വിലക്ക് തടയുന്നതിന് കമ്പനിയെ യുഎസ് ഉടമകള്‍ക്ക് വില്‍ക്കുകയെന്ന നിര്‍ദേശം അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും അക്കാര്യത്തില്‍ ഇനിയും യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല. ഇന്ന് യുഎസിലെ ജോ ബൈഡന്‍ ഭരണകൂടത്തിന്റെ അവസാന ദിനമാണ്. നാളെ പുതിയ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കും. എന്നാല്‍ അവസാന ദിവസമായ ഇന്ന് പോകുന്നതിന് മുമ്പ് ടിക് ടോക്ക് നിരോധനം നടപ്പാക്കുന്നില്ലെന്ന് ബൈഡന്‍ പ്രഖ്യാപിച്ചാല്‍ മാത്രമേ ടിക് ടോക്കിന് യുഎസില്‍ തുടരാനാവൂ.
ടിക് ടോക്ക് നിരോധനത്തിലേക്ക് നയിക്കുന്ന നിയമം നടപ്പിലാക്കുന്നത് തടയാന്‍ കമ്പനി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും നിയമം റദ്ദ് ചെയ്യാന്‍ തയ്യാറായില്ല. ടിക് ടോക്കിന് തുടര്‍ന്ന് പ്രവര്‍ത്തിക്കണമെങ്കില്‍ ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയില്‍ നിന്ന് ടിക് ടോക്കിനെ മാറ്റണമെന്നും അത് യുഎസ് ഉടമയ്ക്ക് കൈമാറണമെന്നുമാണ് നിയമം പറയുന്നത്. അല്ലാത്തപക്ഷം നിരോധനം നേരിടണം. യുഎസിന്റെ രാജ്യ സുരക്ഷ കണക്കിലെടുത്താണ് ഇത്തരം ഒരു നിയമനിര്‍മാണം നടത്തിയത്.
കമ്പനി വില്‍ക്കുന്നതിന് ജനുവരി 19 വരെയാണ് സമയം അനുവദിച്ചത് എന്നാല്‍ ഇതുവരെ അതില്‍ തീരുമാനമെടുത്തിട്ടില്ല. ഇനി ഒരു ദിവസം കൊണ്ട് അതുണ്ടാവാനും സാധ്യതയില്ല. നിരോധനം നിലവില്‍ വന്നാല്‍ ഞായറാഴ്ച മുതല്‍ ഗൂഗിളിന്റേയും ആപ്പിളിന്റേയും ആപ്പ് സ്റ്റോറുകളില്‍ നിന്ന് ടിക് ടോക്ക് ആപ്പ് അപ്രത്യക്ഷമാവും. അതേസമയം ചുമതലയേല്‍ക്കാനിരിക്കുന്ന പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടിക് ടോക്കിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന നിലപാടുകാരനാണ്.