വാഷിംഗ്ടണ്‍: അമേരിക്കയുടെ 47-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് നാളെ ചുമതലയേല്‍ക്കും. ഇന്ന് ബൈഡന്റെ അധികാരത്തിലുള്ള അവസാന ദിനമാണ്.
പ്രതാപം തിരിച്ചുപിടിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് നാളെ ചുമതലയേല്‍ക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 10.30ന് (ഈസ്റ്റേണ്‍ സമയം ഉച്ചയ്ക്ക് 12) ചടങ്ങുകള്‍ തുടങ്ങും. 50-ാം വൈസ് പ്രസിഡന്റായി ജെ.ഡി.വാന്‍സും അധികാരമേല്‍ക്കും.
വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ അടക്കം ലോകനേതാക്കള്‍ സംബന്ധിക്കും. അതിശൈത്യം കാരണം പരേഡ് ഒഴികെയുള്ള ചില ചടങ്ങുകള്‍ അമേരിക്കന്‍ കോണ്‍ഗ്രസ് ചേരുന്ന കാപ്പിറ്റോളിന്റെ ഉള്ളിലേക്ക് മാറ്റിയേക്കും. വാഷിംഗ്ടണില്‍ ആര്‍ക്ടിക് സമാനമായ ശൈത്യത്തിനുള്ള സാധ്യത കണക്കിലെടുത്താണ് അസാധാരണ നടപടി.
തിങ്കളാഴ്ച്ച വാഷിംഗ്ടണില്‍ മൈനസ് 12 ഡിഗ്രി സെല്‍ഷ്യസ് തണുപ്പാണ് പ്രവചിക്കുന്നത്. ഈ സാഹചര്യത്തിലാണ് അസാധരണ നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. 40 വര്‍ഷങ്ങള്‍ക്കുമുമ്പ് 1985ല്‍ മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ രണ്ടാമത്തെ സത്യപ്രതിജ്ഞാ വേളയിലായിരുന്നു അവസാനമായി അതിശൈത്യം കാരണം ഉദ്ഘാടനം കെട്ടിടത്തിനുള്ളില്‍ നടത്തിയതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ലോകത്തെ പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുക്കുക.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അടക്കമുള്ള പ്രമുഖര്‍ എത്തിയേക്കും. ഇന്ത്യയില്‍ നിന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചടങ്ങില്‍ കേന്ദ്ര സര്‍ക്കാറിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും. റിലയന്‍സ് മേധാവി മുകേഷ് അംബാനി, ഭാര്യ നിതാ അംബാനി എന്നിവരും ചടങ്ങില്‍ പങ്കെടുക്കും
യുക്രെയിന്‍ യുദ്ധം നിറുത്തുന്നതടക്കം വമ്പന്‍ വാഗ്ദ്ധാനങ്ങളാണ് ട്രംപ് പ്രഖ്യാപിച്ചിട്ടുള്ളത്. ജന്മാവകാശ പൗരത്വം നിറുത്തുന്നതു മുതല്‍ എച്ച്- 1 ബി വിസയിലെ പരിഷ്‌കരണം അടക്കം കുടിയേറ്റ നിയന്ത്രണത്തിനുള്ള പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു.