റെസ്‌റ്റോറന്റില്‍ അല്‍പം വെറൈറ്റിയായ വിഭവങ്ങള്‍ ട്രൈ ചെയ്യുമ്പോള്‍ അതിന്റെ വില അല്‍പം കൂടാറുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചൈനീസ് റെസ്റ്റൊറന്റില്‍ നിന്നും ഭക്ഷണം കഴിച്ച യുവതി ഒരിക്കലും കരുതിയില്ല തനിക്ക് ഞെട്ടിക്കുന്ന ഒരു ബില്ല് ലഭിക്കുമെന്ന്.
ഇവിടെ ഭക്ഷണം കഴിച്ച് മടങ്ങുമ്പോള്‍ ഏകദേശം അരലക്ഷം രൂപയുടെ ബില്ലാണ് ഹോട്ടല്‍ അധികൃതര്‍ പെര്‍ത്ത് സ്വദേശിയായ റിയാനയ്ക്ക് നല്‍കിയത്. എട്ട് പേരുടെയൊപ്പമാണ് അവര്‍ ഭക്ഷണം കഴിക്കാന്‍ എത്തിയത്. വ്യത്യസ്തമായ എട്ട് വിഭവങ്ങള്‍ അവര്‍ ഓഡര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ ജീവനോടെ നല്‍കിയ ലോബ്സ്റ്ററിന്റെ(ഒരു തരം കൊഞ്ച്) വിലയായിരുന്നു ബില്ലിലെ ഏറ്റവും ഞെട്ടിപ്പിക്കുന്നത്. ഏകദേശം 32,968 രൂപയാണ് ലോബ്സ്റ്ററിന് ഈടാക്കിയത്.
ലോബ്സ്റ്ററിന്റെ തൂക്കവും വിപണി വിലയെയും ആശ്രയിച്ചാണ് അതിന് വില ഈടാക്കുന്നതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ റിയാനയെ അറിയിച്ചു. എന്നാല്‍, ആ വിഭവം ഓഡര്‍ ചെയ്തപ്പോള്‍ ജീവനക്കാര്‍ അതിന്റെ വിശദാംശങ്ങള്‍ നല്‍കിയിരുന്നില്ല. പിറ്റേദിവസം അവര്‍ റെസ്റ്ററന്റിലേക്ക് ഫോണ്‍ വിളിച്ച് നോക്കി. അപ്പോള്‍ അവര്‍ വാങ്ങിയ ലോബ്സ്റ്ററിന് 4.5 പൗണ്ട് (2.04 കിലോഗ്രാം) തൂക്കമുണ്ടെന്നും ഒരു പൗണ്ടിന് 6431 രൂപ വിലയുണ്ടെന്നും ജീവനക്കാര്‍ റിയാനയെ അറിയിച്ചു.
'ലോബ്സ്റ്റര്‍ വില കൂടിയ ഭക്ഷ്യവസ്തുവാണെന്ന കാര്യം എനിക്കറിയാം പക്ഷേ സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കുമ്‌ബോള്‍ ഒരു പൗണ്ടിന് സാധാരണയായി 3215 മുതല്‍ 3750 രൂപ വരെയാണ് ഇടാക്കുക. ഉത്സവകാലത്തുപോലും ഒരു പൗണ്ടിന് 6431 രൂപയായി ഉയരുന്നത് യുക്തിക്ക് നിരക്കാത്ത കാര്യമാണ്' അവര്‍ പറഞ്ഞു.
തുടര്‍ന്ന് ലോബ്സ്റ്ററിന്റെ വിലയും ഭാരവും സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായി നല്‍കിയിരുന്നില്ലെന്ന് റെസ്റ്റൊറന്റ് മാനേജ്‌മെന്റ് സമ്മതിച്ചു. അതേസമയം, പാചകം ചെയ്ത രീതിയെ അവര്‍ ന്യായീകരിച്ചു. പാചകം ചെയ്യുന്നതിന് മുമ്ബ് തങ്ങള്‍ അതിന്റെ തല നീക്കം ചെയ്യാറുണ്ടെന്ന് അവര്‍ പറയുന്നു. എന്തായാലും താന്‍ കബളിപ്പിക്കപ്പെട്ടുവെന്നും ഇനിയാര്‍ക്കും ഇത് സംഭവിക്കരുതെന്നുമാണ് റിയാന പറയുന്നത്.