അടുത്തിടെ ഫാന്റ ഓംലെറ്റ് പോലെയുള്ള വിചിത്ര സ്ട്രീറ്റ് ഫുഡ് വിഭവങ്ങള്‍ വലിയ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ ഇത്തരം ഭക്ഷണങ്ങളുടെ പട്ടികയിലേക്ക് മറ്റൊന്നു കൂടി ഇടം പിടിച്ചിരിക്കുകയാണ്. ഹാര്‍ട്ട് അറ്റാക്ക് അമൃതസരി കുല്‍ച്ച എന്നാണ് ഇതിന്റെ പേര്. വ്യത്യസ്ത രീതിയില്‍ കുല്‍ച്ച തയ്യാറാക്കി വിളമ്പുന്ന അമൃത്സറിലെ ഒരു കച്ചവടക്കാരനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.
25തരം കുല്‍ച്ചകള്‍ തന്റെ ഷോപ്പില്‍ ലഭ്യമാകുമെന്ന് ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. പിന്നീട് കുല്‍ച്ചയ്ക്കുള്ള സ്റ്റഫിംഗ് തയ്യാറാക്കാന്‍ എല്ലാ ചേരുവകളും അദ്ദേഹം കുഴക്കുന്നു. സ്റ്റഫ് ചെയ്തുകഴിഞ്ഞ് അവ ഗ്രില്‍ ചെയ്യാന്‍ വയ്ക്കുന്നു. പിന്നീടാണ് ട്വിസ്റ്റ് തന്തൂരിയില്‍ നിന്ന് കുല്‍ച്ച പുറത്തെടുത്ത ശേഷം അയാള്‍ അതില്‍ വലിയ അളവില്‍ നെയ്യ് ഒഴിക്കുകയാണ്.
അവസാനമായി, വിഭവം ചോളയ്ക്കൊപ്പം വിളമ്ബുകയും ചീസ് ചീകി അതിലേക്ക് ഇടുന്നതും കാണാന്‍ സാധിക്കും. ഈ പ്രക്രിയ കണ്ട് നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ വിമര്‍ശന കമന്റുമായി എത്തിയിരിക്കുന്നത്.
'ഹാര്‍ട്ട് അറ്റാക്ക് അമൃതസരി കുല്‍ച്ച' എന്നാണ് ഈ വീഡിയോയുടെ ക്യാപ്ഷന്‍. ചില കാഴ്ചക്കാര്‍ വളരെയധികം നെയ്യ് ഉപയോഗിക്കുന്നതിന്റെ ആരോഗ്യ പ്രശ്‌നങ്ങളെകുറിച്ച് ഗൗരവമായ ആശങ്കകള്‍ പ്രകടിപ്പിച്ചു. മറ്റുള്ളവര്‍ അത് കഴിച്ചതിന് ശേഷം ആംബുലന്‍സ് അരികില്‍ വിളിച്ച് നിര്‍ത്തണമെന്നായിരുന്നു ചിലരുടെ കമന്റ്.