ജെറുസലേം: ഹമാസ് ഇസ്രയേലില്‍ കടന്നുകയറി ബന്ദികളാക്കിയവരിലെ ഏറ്റവും പ്രായം കുറഞ്ഞയാളാണ് കഫീര്‍ ബിബാസ്. കുഞ്ഞ് ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് പറയുമ്പോഴും അതിലെ സത്യം എന്തെന്ന് ഇനിയും ആര്‍ക്കും അറിയില്ല.
കഫിര്‍ ബിബാസിന്റെ രണ്ടാംപിറന്നാളായിരുന്നു ഇന്നലെ. എന്നാല്‍, കുഞ്ഞു കഫീര്‍ എവിടെയെന്ന് ആര്‍ക്കുമറിയില്ല. കുഞ്ഞ് കൊല്ലപ്പെട്ടെന്ന് ഹമാസ് പറയുമ്പോഴും ഇക്കാര്യം ഇസ്രയേല്‍ ഇനിയും സ്ഥിരീകരിച്ചിട്ടില്ല. കഫിറും അവന്റെ നാലുവയസ്സുകാരന്‍ ചേട്ടന്‍ ഏരിയലും അമ്മ ഷിരിയും കൊല്ലപ്പെട്ടു എന്നാണ് ഹമാസ് പറയുന്നത്. കഴിഞ്ഞ നവംബറില്‍ ഇവര്‍ മൂന്നുപേരും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചിരുന്നു. ഇക്കാര്യം ഇസ്രയേല്‍ സൈന്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ പറയുന്ന ബന്ദികളുടെ കൂട്ടത്തിലും ഇവരുടെ പേരുകളില്ല. അതുകൊണ്ട് തന്നെ ഇവര്‍ മരിച്ചോ ജീവനോടെയുണ്ടോ എന്ന് ബന്ധുക്കള്‍ക്കും ഉറപ്പിക്കാനാകുന്നില്ല. വെടിനിര്‍ത്തല്‍ വാര്‍ത്തയെത്തിയതോടെ ബന്ദികളെ മോചിപ്പിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് ഇസ്രയേല്‍ തെരുവുകളെല്ലാം. എങ്കിലും ആദ്യഘട്ടത്തില്‍ മോചിപ്പിക്കാത്ത ബന്ദികളുടെകാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്. കെരെം ശാലോം അതിര്‍ത്തി, എറെസ്, റെയിം എന്നിവിടങ്ങളില്‍ ബന്ദികളെ കൈമാറുമെന്നാണ് മധ്യസ്ഥര്‍ അറിയിച്ചിരിക്കുന്നത്. ഈജിപ്ത്, ഖത്തര്‍ പ്രതിനിധികളും ജീവകാരുണ്യസംഘടനയായ റെഡ്‌ക്രോസും ചേര്‍ന്ന് ഇവരെ സ്വീകരിക്കും. പിന്നീട് ആരോഗ്യപരിശോധനയ്ക്കായി ഈജിപ്തിലേക്ക് കൊണ്ടുപോയശേഷം ഇസ്രയേലിന് കൈമാറും.
ഗാസയില്‍ ഇന്നു മുതലാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കാന്‍ കഴിഞ്ഞുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. എന്നാല്‍, ഹമാസുമായുള്ള വെടിനിര്‍ത്തല്‍ താല്‍ക്കാലികമാണെന്നും അദ്ദേ?ഹം പറഞ്ഞു. ആവശ്യമെങ്കില്‍ പോരാട്ടം തുടരുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി.
ഹമാസിനെ വെടിനിര്‍ത്തലിന് പ്രേരിപ്പിച്ചത് ലബനനിലും സിറിയയിലും ഇസ്രയേലിനുണ്ടായ സൈനിക വിജയമാണെന്നും നെതന്യാഹു പറഞ്ഞു. ഇസ്രായേലിന് പോരാട്ടം തുടരാന്‍ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിട്ടയക്കുന്ന ബന്ദികളുടെ പേരുകള്‍ ഹമാസ് പുറത്തുവിടാതെ വെടിനിര്‍ത്തലിന് ഇല്ലെന്നായിരുന്നു നേരത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി അറിയിച്ചത്. സുരക്ഷ ക്യാബിനറ്റ് വെടിനിര്‍ത്തലിന്റെ അന്തിമ തീരുമാനം സര്‍ക്കാരിന് വിട്ടിരുന്നു. ഭൂരിപക്ഷ പിന്തുണ കാബിനറ്റിലും വെടിനിര്‍ത്തലിന് അനുകൂലമായിരുന്നു.