ആലപ്പുഴ: ആലപ്പുഴയില്‍ അസാധാരണ വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവം ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുന്ന അറിയിപ്പാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്നത്.
കുഞ്ഞിന്റെ ആരോഗ്യ നില മോശമായതും മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിനുമായി കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്നും തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലേക്ക് മാറ്റിയത്.
ഇപ്പോള്‍ കുഞ്ഞ് വെന്റിലേറ്ററില്‍ കഴിയുകയാണ്. എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ പുരോഗതി ഒന്നുമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കുഞ്ഞിന് വീണ്ടും ശ്വാസ തടസ്സം അനുഭവപെട്ടിരുന്നു. തിങ്കളാഴ്ച മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന ശേഷം, ചികിത്സ രീതിയില്‍ മാറ്റം വരുത്തണോ എന്നുള്ള കാര്യങ്ങള്‍ തീരുമാനിക്കും.
കുഞ്ഞിന് ഇപ്പോള്‍ രണ്ട് മാസം മാത്രമാണ് പ്രായം ഉള്ളത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ ശരീരത്തില്‍ ഓക്സിജന്റെ അളവ് നന്നേ കുറവായതിനാല്‍ അന്ന് തന്നെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. അണുബാധ മൂലമുള്ള സെപ്റ്റിക് ഷോക്ക് എന്ന അവസ്ഥയായിരുന്നു കുഞ്ഞിന്റേത്.