തിരുവനന്തപുരം: നെയ്യാറ്റിന്‍കര സമാധി കേസില്‍ രാസ പരിശോധനഫലം കാത്ത് പൊലീസ്. സമാധി കേസില്‍ ഗോപന്റെ മരണ കാരണം അറിയാന്‍ രാസ പരിശോധനാ ഫലം കാത്തിരിക്കുകയാണ് പൊലീസ്. പരിശോധനാ ഫലം വേഗത്തില്‍ ലഭിക്കാന്‍ പൊലീസ് നടപടി തുടങ്ങി കഴിഞ്ഞു.
രാസ പരിശോധനാ ഫലം വേഗത്തില്‍ ലഭ്യമാകാന്‍ കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറി അധികൃതര്‍ക്ക് കത്ത് നല്‍കും. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് ഗോപന്റെ ശരീരത്തില്‍ മുറിവുകളോ മറ്റ് അസ്വാഭാവികതകളോ ഇല്ലായിരുന്നു. രാസ പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുകയുളളൂ.
മരണത്തിലെ ദുരൂഹത നീങ്ങാന്‍ മൂന്നു പരിശോധന ഫലങ്ങളാണ് ലഭിക്കേണ്ടത്. ശ്വാസകോശത്തില്‍ എന്തെങ്കിലും കടന്നിട്ടുണ്ടോ എന്നറിയാനുള്ള രാസ പരിശോധന ഫലം, ഫോറന്‍സിക് സയന്‍സ് ലാബ് ടെസ്റ്റ് ഫലം, ആന്തരിക അവയവങ്ങള്‍ക്ക് മുറിവോ മറ്റോ ഉണ്ടോ എന്നറിയാന്‍ ഫിസ്റ്റോ പത്തോളജിക്കല്‍ ഫലം എന്നിവയാണ് ഇനി ലഭിക്കേണ്ടത്.
കുടുംബാംഗങ്ങളുടെ മൊഴി ഇനിയും എടുക്കേണ്ടതുണ്ടോ എന്ന് അടക്കമുള്ള തുടര്‍നടപടികള്‍ പരിശോധഫലം ലഭിച്ചതിനുശേഷം പൊലീസ് തീരുമാനിക്കും. ഗോപന്റേത് സ്വാഭാവികമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായെങ്കിലും രാസപരിശോധന ഫലം പുറത്തുവന്നാല്‍ മാത്രമെ ദുരൂഹത ഒഴിയുകയുള്ളൂ.
ജനുവരി 16-ാം തിയതിയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്റെ മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്