വാഷിംഗ്ടണ്‍: യു.എസിന്റെ 47 -ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് ചുമതലയേല്‍ക്കും. ലോകം ഉറ്റു നോക്കുന്ന സ്ഥാനാരോഹണ ചടങ്ങ് ഇന്ത്യന്‍ സമയം രാത്രി 10.30ന് (ഈസ്റ്റേണ്‍ സമയം ഉച്ചയ്ക്ക് 12) വാഷിംഗ്ടണില്‍ നടക്കും.
പതിവില്‍ നിന്നും വ്യത്യസ്തമായി അതിശൈത്യമായതിനാല്‍ ചടങ്ങുകള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന്റെ ഉള്ളിലാണ് നടക്കുന്നത് എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. അമേരിക്കന്‍ കോണ്‍ഗ്രസ് ചേരുന്ന കാപ്പിറ്റോളിന് മുന്നിലെ തുറസായ സ്ഥലത്താണ് സാധാരണ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ നടത്താറുള്ളത്. 1985ല്‍ റൊണാള്‍ഡ് റീഗന്റെ സത്യപ്രതിജ്ഞ കാപ്പിറ്റോളിനുള്ളിലായിരുന്നു.
അതേസമയം, സ്ഥാനാരോഹണ ആഘോഷം വിര്‍ജീനിയയിലെ ട്രംപ് നാഷണല്‍ ഗോള്‍ഫ് ക്ലബ്ബില്‍ നടത്തി. നിരവധി പ്രമുഖര്‍ അടക്കം അഞ്ഞൂറോളം പേര്‍ വിരുന്നില്‍ പങ്കെടുത്തു. ഇന്നലെ രാവിലെ വാഷിംഗ്ടണിലെത്തിയ ട്രംപ് ക്യാപിറ്റല്‍ വണ്‍ അരീനയില്‍ നടന്ന 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ വിക്ടറി റാലി'യിലും പങ്കെടുത്തു. ചടങ്ങുകള്‍ക്ക് സാക്ഷിയാകുമെന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചിട്ടുണ്ട്
ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് പങ്കെടുക്കുന്നത്. അര്‍ജന്റീന പ്രസിഡന്റ് ഹാവിയര്‍ മിലെ, ചൈനീസ് വൈസ് പ്രസിഡന്റ് ഹാന്‍ ഷെംഗ്, ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്, ആമസോണ്‍ മേധാവി ജെഫ് ബെസോസ്, മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തുടങ്ങിയവരും പങ്കെടുക്കും. പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയ്ക്ക് വിദേശ നേതാക്കളെ ക്ഷണിക്കുന്ന പതിവ് യു.എസിലില്ല.നയതന്ത്ര ഉദ്യോഗസ്ഥരാണ് പങ്കെടുക്കുക.അതിലാണ് മാറ്റംവന്നത്.