വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമായ ടിക്ടോക്കിന് തല്‍ക്കാലം ആശ്വസിക്കാം. ചൈനീസ് കമ്പനിയുടെ ജനപ്രിയ വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമായ ടിക്ടോക്കിന് പ്രവര്‍ത്താനനുമതി നല്‍കി ട്രംപ്.
സുപ്രീം കോടതിയും കൈവിട്ടതിനെ തുടര്‍ന്ന് ഇന്ന് മുതല്‍ ടിക്ടോക്ക് അമേരിക്കയില്‍ ലഭ്യമാകില്ല എന്ന ഉപയോക്താക്കളുടെ ആശങ്കയും നിരാശയുമാണ് ഇതോടെ മാറിയത്. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇക്കാര്യം വാഗ്ദാനം ചെയ്തത്.
അധികാരമേറ്റ ആദ്യ ദിവസം തന്നെ എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം ടിക്ടോക്ക് നിരോധനം താത്കാലികമായി മരവിപ്പിക്കാന്‍ ശ്രമിക്കുമെന്ന് ട്രംപ് പറഞ്ഞു. ഇതോടെയാണ് യുഎസിലെ ഉപയോക്താക്കള്‍ക്ക് സേവനം പുനഃസ്ഥാപിക്കുകയാണെന്ന് ടിക്ടോക്ക് പറഞ്ഞത്. ടിക്ടോക്കിന്റെ ചൈന ആസ്ഥാനമായുള്ള മാതൃകമ്പനി ബൈറ്റ്ഡാന്‍സിന് വില്‍പ്പനയ്ക്കായി കമ്പനിയെ കണ്ടെത്താന്‍ കൂടുതല്‍ സമയം നല്‍കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് ട്രംപ് പറഞ്ഞത്. അടച്ചുപൂട്ടുകയോ അമേരിക്കയിലെ ഒരു കമ്പനിക്ക് ടിക്ടോക്ക് കൈമാറുകയോ വേണമെന്നാണ് തീരുമാനം.
ഞായറാഴ്ച തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലെ പോസ്റ്റ് വഴി ട്രംപ് തീരുമാനം പ്രഖ്യാപിച്ചു. 170 ദശലക്ഷത്തിലധികം വരുന്ന അമേരിക്കന്‍ ഉപയോക്താക്കള്‍ക്ക് യാതൊരു പിഴയും നേരിടേണ്ടിവരില്ലെന്ന് ട്രംപിന്റെ പോസ്റ്റ് ആവശ്യമായ വ്യക്തതയും ഉറപ്പും നല്‍കിയിട്ടുണ്ടെന്ന് ടിക് ടോക്ക് എക്‌സിലും കുറിച്ചു