വാഷിങ്ടണ്‍: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഇന്നാണ് ഡോണള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്നത്. അധികാരമേല്‍ക്കുന്ന ട്രംപാണ് ഇന്ന് ലോകമൊന്നാകെയുള്ള ചര്‍ച്ചാ വിഷയം.
ട്രംപ് അധികാരമേല്‍ക്കുന്നതോടെ വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് നടക്കുന്ന ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ വ്യവസായി മുകേഷ് അംബാനിയും നിതാ അംബാനിയും അമേരിക്കയിലെത്തിയ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
ഇരുവരും ട്രംപിന്റെ വിരുന്നില്‍ പങ്കെടുത്ത് അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. ശനിയാഴ്ച യുഎസ് തലസ്ഥാനമായ വാഷിങ്ടണിലെത്തിയ ഇരുവരും ട്രംപിന്റെ കാന്‍ഡില്‍ ലൈറ്റ് ഡിന്നറില്‍ പങ്കെടുത്തു. ട്രംപുമായി വളരെ അടുപ്പമുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 100 പ്രമുഖരാണ് അത്താഴം വിരുന്നിലേക്ക് ക്ഷണിക്കപ്പെട്ടത്.
നിയുക്ത വൈസ് പ്രസിഡന്റ് ജെഡി വാന്‍സുമായും ഭാര്യ ഉഷ വാന്‍സുമായും ഇരുവരും കൂടിക്കാഴ്ച നടത്തി. ട്രംപ് കുടുംബവുമായി വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന കുടുംബമാണ് മുകേഷ് അംബാനിയുടേത്. കഴിഞ്ഞ വര്‍ഷം ഗുജറാത്തില്‍ നടന്ന അനന്ദ് അംബാനിയുടെ ആഡംബര വിവാഹചടങ്ങില്‍ ട്രംപിന്റെ മകള്‍ ഇവാന്‍കയും ഭര്‍ത്താവ് ജറേഡ് കുഷ്‌നറും മകള്‍ അരബെല്ല റോസും പങ്കെടുത്തിരുന്നു.