കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ വേദിയില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എ ആരോഗ്യം വീണ്ടെടുത്തു. ആശുപത്രിയിലെ മെഡിക്കല്‍ ടീമാണ് വാര്‍ത്ത പങ്കുവെച്ചത്. നിലവില്‍ എംഎല്‍എ വേഗത്തില്‍ സുഖം പ്രാപിക്കുന്നുണ്ടെന്നും ഉടനെ ആരോഗ്യം പൂര്‍വ്വസ്ഥിതിയിലെത്തുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
വീണ് പരിക്കേറ്റ ആദ്യ ദിനങ്ങളില്‍ ഉമാ തോമസിന്റെ ആരോഗ്യ നില വളരെ മോശം അവസ്ഥയിലായിരുന്നു. എംഎല്‍എയുടെ മനോധൈര്യം തിരിച്ചുവരവിന് മുതല്‍ക്കൂട്ടായെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അടുത്തയാഴ്ച ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ. ഉമാ തോമസിന്റെ ആശുപത്രിയില്‍ നിന്നുള്ള വീഡിയോ എംഎല്‍എയുടെ ഫേസ്ബുക്ക് ടീം കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
അതേസമയം ആശുപത്രിയില്‍ തന്നെ എംഎല്‍എയ്ക്ക് ഓഫീസ് സൗകര്യം ഒരുക്കാനാണ് തീരുമാനം. ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ കഴിഞ്ഞദിവസം സന്ദര്‍ശിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് ഗവര്‍ണര്‍ ഉമാ തോമസ് എംഎല്‍എയെ കണ്ടത്. ഉമ തോമസിന്റെ ആരോഗ്യനില മെച്ചപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പറഞ്ഞു.