മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയയാണ് മറീന മൈക്കിള്‍. മിനിസ്‌ക്രീനിലും ഏറെ തിളങ്ങിയ താരം ആണ് മറീന മൈക്കിള്‍. ഇപ്പോഴിതാ അഭിനയ ജീവിതത്തിന് ഇടയില്‍ തന്നെ ഏറെ വേദനിപ്പിച്ച ഒരു അനുഭവം പങ്കുവയ്ക്കുകയാണ് താരം. ഷൂട്ടിംഗ് സെറ്റില്‍ ഉണ്ടായ ഈ സംഭവം തന്നെ വല്ലാതെ വേദനിപ്പിച്ചു എന്നാണ് മറീന മൈക്കിള്‍ പറയുന്നത്. ഒരു സഹതാരം മോശമായി പെരുമാറിയെന്നാണ് മറീന ആരോപിക്കുന്നത്. ആ നടി ആരെന്നോ ഏതാണ് ചിത്രമെന്നോ വെളിപ്പെടുത്താന്‍ പക്ഷേ മറീന മൈക്കിള്‍ തയ്യാറായില്ല.
ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു മറീന ഇക്കാര്യം വെളിപ്പെടുത്തിയത്. അന്ന് തന്നോട് അത്തരത്തില്‍ പെരുമാറിയത് ഒരു വനിതാ അഭിനേതാവ് തന്നെ ആയിരുന്നുവെന്നും അവര്‍ പറയുന്നു. ഇരുവരും ഒരുമിച്ച് ഒരു കാറില്‍ ഷൂട്ട് നടക്കുന്ന സ്ഥലത്തേക്ക് പോവാനിരിക്കെ ആ താരത്തെ പെട്ടെന്ന് തന്നെ കണ്ടപ്പോള്‍ കാറിന്റെ ഡോര്‍ വലിച്ചടയ്ക്കുക ആയിരുന്നു എന്നാണ് മറീന പറയുന്നത്.
ആ നടിയെ സൂപ്പര്‍ സ്റ്റാര്‍ എന്നൊന്നും ഞാന്‍ വിശേഷിപ്പിക്കില്ല. അവര്‍ വളര്‍ന്നുവന്ന ഒരു താരമായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് ഒരു സിനിമ ചെയ്തതാണ്. ഓര്‍ നൂറ് മീറ്റര്‍ അപ്പുറത്തേക്കാണ് ഷൂട്ട് നടക്കുന്നത്. ശരിക്കും നടന്നുപോവാനുള്ള ദൂരമേയുള്ളൂ. ഞാന്‍ ആദ്യം തന്നെ മേക്കപ്പ് ഒക്കെ കഴിഞ്ഞ് റെഡിയായി. അതിന്റെ തലേ ദിവസം ഞാന്‍ മുന്‍ സീറ്റില്‍ ഇരുന്നപ്പോള്‍ ആ നടി വളരെയധികം അപ്‌സെറ്റ് ആയത് ഞാന്‍ ശ്രദ്ധിച്ചിരുന്നു' മറീന പറഞ്ഞു.
'നേരത്തെ അത്തരം ഒരു അനുഭവം എനിക്കുണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ രണ്ടാം ദിവസം പിന്നില്‍ പോയിരുന്നു. അവര്‍ വന്നാല്‍ മുന്നില്‍ ഇരുന്നോട്ടെ എന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. എന്നാല്‍ അവര്‍ ഫ്രണ്ടില്‍ ഇരുന്നില്ല. ഞാനിങ്ങനെ ഫോണില്‍ കളിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു പിന്നില്‍. അവരുടെ കാരവന്റെ സൈഡില്‍ ആയിരുന്നു എന്റെ സീറ്റ് ഉണ്ടായിരുന്നത്' മറീന പറയുന്നു.
'അവരുടെ കാരവാന്റെ ഡോര്‍ തുറന്നു, എന്നാല്‍ എന്നെ കണ്ടയുടനെ അവര്‍ വാതില്‍ വലിച്ചടച്ചു. അപ്പോള്‍ തന്നെ എനിക്ക് മനസിലായി. ദൈവമേ ഇന്നലെ ഫ്രണ്ടില്‍ ഇരുന്നതിനായിരുന്നു പ്രശ്നം, ഇന്നെനി പിന്നില്‍ ഇരുന്നത് ഇഷ്ടമായില്ലേ. അപ്പോള്‍ അവരുടെ അസിസ്റ്റന്റ് വന്നിട്ട് പറഞ്ഞു അടുത്ത വണ്ടി വിട്ടോളാന്‍. എന്നാല്‍ ഞാന്‍ നടക്കാനാണ് തീരുമാനിച്ചത്.' നടി വെളിപ്പെടുത്തി.
അവിടെയൊരു സംവിധായകന്‍ നമ്മളെ കാത്തിരിക്കുന്നുണ്ട്. അത്രയധികം പരിചയസമ്പത്തുള്ള അദ്ദേഹത്തെ അപമാനിക്കുന്നത് പോലെയാവരുത്. കാറിന്റെ ഡ്രൈവര്‍ ചേട്ടന് വരെ കാര്യം മനസിലായി, പുള്ളിക്കും അത് വിഷമമായി. ചെന്നപ്പോള്‍ ഡയറക്ടര്‍ എന്നോട് ചോദിച്ചു എന്താ വൈകിയതെന്ന്. ഞാന്‍ സീന്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞ് എല്ലാം പറയാമെന്ന് ആയിരുന്നു മറുപടി കൊടുത്തത്' മറീന മൈക്കിള്‍ പറഞ്ഞു.
നേരത്തെ അവതാരകയും യൂട്യൂബറും ഒക്കെയായ പേളി മാണിക്കെതിരെയും സമാനമായ ആരോപണവുമായി മറീന മൈക്കിള്‍ രംഗത്ത് വന്നിരുന്നു. ഒരു അഭിമുഖ പരിപാടിയില്‍ താന്‍ പങ്കെടുക്കുകയാണ് എന്ന് അറിഞ്ഞപ്പോള്‍ അവര്‍ പിന്മാറിയെന്നും പിന്നീട് താന്‍ ചെന്നപ്പോള്‍ പുതിയ ആളാണ് ആങ്കര്‍ ആയി ഉണ്ടായിരുന്നതെന്നും മറീന ആരോപിച്ചിരുന്നു. എന്നാല്‍ ഈ വിവാദത്തില്‍ പേളി പ്രതികരിച്ചിരുന്നില്ല.