മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ ശിവദാസ് ഒരുക്കിയ ഹിറ്റ് ചിത്രമാണ് ഭ്രമയുഗം. ഭൂതകാലം എന്ന ചിത്രത്തിന് ശേഷമാണ് രാഹുല്‍ സദാശിവന്‍ ഭ്രമയുഗം സംവിധാനം ചെയ്തത്.
ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിയത്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍. കൊടുമണ്‍ പോറ്റി എന്ന കഥാപാത്രമായി സമാനതകളില്ലാത്ത അഭിനയമാണ് മമ്മൂട്ടി ഭ്രമയുഗത്തില്‍ കാഴ്ചവച്ചത്. മമ്മൂട്ടിയുടെ ഈ കഥാപാത്രം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയാണ് നടന്‍ അര്‍ജുന്‍ അശോകന്‍.
'സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ ഇഷ്ടപ്പെട്ടു. ചിത്രത്തിലേക്ക് ക്ഷണിക്കുമ്പോള്‍ മമ്മൂട്ടിയുടെതായി ഒരു സ്‌കെച്ച് സംവിധായകന്‍ കാണിച്ചുതന്നിരുന്നു അത് കണ്ടപ്പോള്‍ തന്നെ ചിത്രത്തില്‍ അഭിനയിക്കാമെന്ന് ഞാന്‍ ഉറപ്പു നല്‍കി. ഈ സിനിമയില്‍ എല്ലാവരും അത്ഭുതത്തോടെ കണ്ട ഒരു സീനാണ് മമ്മൂട്ടി ചിക്കന്‍ കഴിക്കുന്നത്. എന്നാല്‍ ആ സീനില്‍ ഒരു കഷണം ചിക്കന്‍പോലും മമ്മൂക്ക കഴിച്ചിട്ടില്ല. പക്ഷേ സിനിമ കണ്ടവരെല്ലാം അദ്ദേഹം ആ ചിക്കന്‍ കഴിച്ചു എന്ന് വിശ്വസിച്ചു. അതാണ് അദ്ദേഹത്തിന്റെ വിജയം. ഇതുകൂടാതെ ആ സിനിമയെപ്പറ്റി പറഞ്ഞാല്‍ ആ സിനിമയില്‍ കൂടുതല്‍ ഭാഗങ്ങളിലും ഞാനും സിദ്ധുവേട്ടനും മമ്മൂക്കയും മാത്രമേ ഉള്ളൂ. അതിനാല്‍ 25 ദിവസത്തോളം മമ്മൂക്കയെ സ്വന്തമാക്കി വച്ച ഒരു ഫീല്‍ ആയിരുന്നു.' എന്നാണ് അര്‍ജുന്‍ പറയുന്നത്.
അതേസമയം ഈ സിനിമ കളര്‍ ആയി കാണാന്‍ ഭാഗ്യം ലഭിച്ച ചുരുക്കം ചില ആളുകളില്‍ ഒരാളാണ് താന്‍ എന്നുകൂടി അര്‍ജുന്‍ അശോകന്‍ കൂട്ടിച്ചേര്‍ക്കുന്നു. സിനിമയിലെ ഓരോ സീന്‍ ചിത്രീകരിക്കുമ്പോഴും മോണിറ്ററില്‍ അത് കളറായി കാണാന്‍ കഴിഞ്ഞു എന്നാണ് അര്‍ജുന്‍ അശോകന്‍ പറയുന്നത്.