ഒട്ടാവ: ഉല്‍ക്കകള്‍ ആകാശത്ത് വെച്ച് ഉഗ്രശബ്ദത്തോടെ പൊട്ടിച്ചിതറുന്ന കാഴ്ചകള്‍ ഇന്റര്‍നെറ്റില്‍ കണ്ടിട്ടുണ്ടാകും. എന്നാലിതാ ഭൂമിയില്‍ ഉല്‍ക്കാശില പതിക്കുന്ന ഒരു വീഡിയോ ആണ് വൈറലാകുന്നത്.
കാനഡയില്‍ ഒരാളുടെ വീടിന്റെ മുറ്റത്താണ് ഉല്‍ക്കാശിലകള്‍ പതിച്ചത്. ഈ സംഭവം നിരവധി രാജ്യാന്തര മാദ്ധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കാനഡയിലെ ലോറ കെല്ലിയുടെ വീട്ടിലാണ് ഉല്‍ക്കവാപതനം ഉണ്ടായത്. ലോറയും പങ്കാളിയും വൈകീട്ട് നടത്തം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ മുറ്റത്ത് അസ്വാഭാവികതയുള്ള പൊടിപടലം ശ്രദ്ധയില്‍ പെടുകയായിരുന്നു. സംഭവം എന്താണെന്ന് പരിശോധിക്കാനായി, വീടിന്റെ മുന്‍ഭാഗത്തുള്ള വാതിലിലെ സുരക്ഷാ ക്യാമറ പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ മനസിലാക്കിയത്.
വീട്ടിലേക്കുള്ള പ്രവേശനകവാടത്തിനരികെ എന്തോ വന്ന് വീഴുന്നതും ചിന്നിച്ചിതറുന്നതുമാണ് വീഡിയോയില്‍ കാണ്ടത്. തുടര്‍ന്ന് പ്രദേശം മുഴുവന്‍ പൊടിയും പുകപടലങ്ങളും ഉണ്ടാവുകയും ചെയ്തും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. എന്താണ് ഇതെന്ന് മനസിലാക്കാന്‍ ഇരുവരും ഉടന്‍ അല്‍ബെര്‍ട്ട സര്‍വകലാശാലയിലെ ഉല്‍ക്കാശില റിപ്പോര്‍ട്ടിംഗ് കേന്ദ്രത്തെ സമീപിച്ചു. സര്‍വകലാശാലയിലെ ക്യൂറേറ്ററായ ക്രിസ് ഹെര്‍ഡ് ഈ അവശിഷ്ടങ്ങള്‍ പരിശോധിച്ച് ഉല്‍ക്കകളാണ് എന്ന് സ്ഥിരീകരിക്കുകയായിരുന്നു.