ആധുനിക ബാങ്കിങ് രംഗത്തെ പ്രമുഖരും അതികായരുമായ സാറ്റൻഡർ ബാങ്ക് യുകെ വിപണി വിടുന്നു. ഹൈ സ്ട്രീറ്റ് ബാങ്കിംഗ് ഭീമന്റെ ഈ തീരുമാനം യുകെയിലെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെയും പതിനായിരക്കണക്കിന് ജീവനക്കാരെയും ബാധിക്കും.
ഭാവിയിലെ ബിസിനസ്സ് ഇടപാടുകൾ വിലയിരുത്തുമ്പോൾ, സ്പാനിഷ് ബാങ്കിംഗ് സ്ഥാപനം യുകെയിൽ നിന്ന് പിൻവാങ്ങാൻ ആലോചിക്കുന്നതായാണ് ഇതുസംബന്ധിച്ച് പുറത്തുവന്ന മാധ്യമ റിപ്പോർട്ടുകൾ നൽകുന്ന സൂചന.
മലയാളികൾ അടക്കം ആയിരക്കണക്കിന് ഇന്ത്യക്കാർ സാറ്റൻഡർ ബാങ്ക് ഉപഭോക്താക്കളായുണ്ട്. ആയിരക്കണക്കിന് ഇന്ത്യക്കാർ ഈ ബാങ്കിലെ വിവിധ തസ്‌തികകളിൽ ജോലിയും ചെയ്യുന്നു. നിക്ഷേപകർക്കൊപ്പം വായ്പകൾ എടുത്തവരേയും ആശങ്കപ്പെടുത്തുന്നതാണ് റീട്ടെയിൽ പ്രവർത്തനം നിർത്താനുള്ള ബാങ്കിന്റെ തീരുമാനം.
സാമ്പത്തിക മാന്ദ്യത്തിനുശേഷം യുകെയുടെ ബാങ്കിങ് മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണോ എന്നസംശയവും ബാങ്കിങ് വമ്പന്റെ തീരുമാനം ഉയർത്തിയിട്ടുണ്ട്.
എന്നാൽ 2008 ലെ സാമ്പത്തിക പ്രതിസന്ധിക്കുശേഷം അവതരിപ്പിച്ച യുകെ ബാങ്കിങ് നിയമങ്ങളുടെ കർശന നിയന്ത്രണ ഉപാധികളാണ് ബ്രിട്ടനിൽ നിന്നുള്ള ബാങ്കിന്റെ പുറപ്പെടലിന് കാരണമെന്ന് കരുതപ്പെടുന്നു, ഇത് മറ്റ് ലോക വിപണികളെ അപേക്ഷിച്ച് ബാങ്കിന്റെ വരുമാനം കുറയാൻ കാരണമായെന്നും വിശദീകരിക്കുന്നു.
പ്രതിസന്ധിക്ക് ശേഷം, വലിയ ബാങ്കുകൾ അവരുടെ റീട്ടെയിൽ ബാങ്കിംഗിനെ റിസ്‌ക്കുള്ള നിക്ഷേപങ്ങളിൽ നിന്നും അന്താരാഷ്ട്ര പ്രവർത്തനങ്ങളിൽ നിന്നും വേർതിരിക്കേണ്ടതുണ്ട്, ഇത് സ്പെയിൻ പോലുള്ള മറ്റ് വിപണികളേക്കാൾ യുകെയിൽ നിന്നും കുറഞ്ഞ വരുമാനം ലഭിക്കുന്നതിന് കാരണമായതായി ബാങ്കിംഗ് ഭീമൻ വിശ്വസിക്കുന്നു.
അതുപോലെ 10 വർഷത്തിനുള്ളിൽ ബാങ്കിന്റെ ഓഹരി വില മൂന്നിലൊന്ന് ഇടിഞ്ഞതിനെത്തുടർന്ന്, യുഎസ് പോലുള്ള അതിവേഗ സാമ്പത്തിക വളർച്ചയുള്ള മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എക്സിക്യൂട്ടീവുകൾ ആഗ്രഹിക്കുന്നുവെന്ന് ബാങ്കിന്റെ ഇൻസൈഡർമാർ പറയുന്നു.
പുതിയ പദ്ധതികൾ പ്രകാരം, യുകെയിലെ റീട്ടെയിൽ, വാണിജ്യ ബാങ്കിംഗിൽ നിന്ന് സാറ്റൻഡർ പിന്മാറും, പക്ഷേ ചില നിക്ഷേപ, കോർപ്പറേറ്റ് താൽപ്പര്യങ്ങൾ നിലനിർത്തും.
യുകെയിലെ 14 ശാഖകളിലായി ജോലിചെയ്യുന്ന ഏകദേശം 20,000 ജീവനക്കാർക്ക് പുറമേ,ഏകദേശം 444 ദശലക്ഷം സാറ്റൻഡർ ഉപഭോക്താക്കളെയും ഈ തീരുമാനം ദോഷകരമായി ബാധിക്കും.
ബാങ്ക് നൽകിയിട്ടുള്ള ഉപഭോക്തൃ വായ്പ ഏകദേശം 200 ബില്യൺ പൗണ്ടോളവുമുണ്ട്. ഇത് മറ്റേതെങ്കിലും ബാങ്കിലേക്ക് മാറ്റുകയോ അല്ലെങ്കിൽ ബാങ്ക് ആർബിട്രേഷനിൽ പോകുകയോ ചെയ്‌താൽ, ഒരു പക്ഷേ, ഉപഭോക്താക്കൾ കുറഞ്ഞ കാലയളവിൽ കൂടുതൽ പലിശ അടയ്‌ക്കേണ്ടതായും വരും.
സാമ്പത്തിക വളർച്ചയെ തടഞ്ഞുനിർത്തുന്ന നിയന്ത്രണ തടസ്സങ്ങൾ തകർത്ത് യുകെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കണമെന്ന് ചാൻസലർ റേച്ചൽ റീവ്സ് ബ്രിട്ടനിലെ റെഗുലേറ്റർമാരുടെ മേലധികാരികളോട് ആവശ്യപ്പെട്ടിരുന്നു. ലണ്ടൻ സാമ്പത്തിക നിയമങ്ങളിലെ ചുവപ്പ് നാട ഇല്ലാതാക്കുമെന്ന് കഴിഞ്ഞ വർഷം റീവ്സ് പ്രതിജ്ഞയെടുത്തിരുന്നു.
അതുപോലെ കഴിഞ്ഞവർഷം ഒക്ടോബറിൽ ബ്രിട്ടനിലെ നിക്ഷേപം തടയുന്ന ബ്യൂറോക്രസിയെ പൊളിച്ചെഴുതുമെന്ന് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമറും പ്രഖ്യാപിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ബാങ്കിങ് വമ്പന്റെ പിൻവാങ്ങൽ.
അതിനാൽത്തന്നെ സാറ്റൻഡറെ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കാൻ സർക്കാർ പുതിയ പദ്ധതികളും നിയമ നിയന്ത്രണ ഇളവുകളും മുന്നോട്ടുവച്ചേക്കുമെന്നും പ്രതീക്ഷിക്കുന്നു.
അതിനിടെ, യുകെയിൽ നൂറിലധികം ബാങ്ക് ശാഖകൾ ഈ വർഷം അടച്ചുപൂട്ടാൻ ഒരുങ്ങുകയാണ്.
ലോയ്ഡ്സ് ബാങ്ക് ഈ വർഷം 51 ശാഖകളും ഹാലിഫാക്സ് 46 സ്റ്റോറുകളും അടച്ചുപൂട്ടും.
ടിഎസ്ബിയുടെ ഏഴ് ശാഖകളും 16 ബാങ്ക് ഓഫ് സ്കോട്ട്ലൻഡ് സൈറ്റുകളും അടച്ചുപൂട്ടും.
ഈ അടച്ചുപൂട്ടലുകൾ ഈ മാസം ആരംഭിച്ച് സെപ്റ്റംബർ വരെ തുടരും.
യുകെയിൽ 6 ജനുവരി വരെ ബാങ്കുകളും ബിൽഡിംഗ് സൊസൈറ്റികളും 214,2005 ശാഖകൾ അടച്ചുപൂട്ടി. അതായത് പ്രതിമാസം 53 ബാങ്ക് ശാഖകൾ വരെ പൂട്ടിപ്പോയതായി കാണക്കുകൾ തെളിയിക്കുന്നു.