18
MAR 2021
THURSDAY
1 GBP =106.82 INR
1 USD =86.55 INR
1 EUR =90.19 INR
breaking news : ഷാരോണ്‍ വധക്കേസിലെ പ്രതീ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍, ഉദ്ഘാടനം രാഹുല്‍ ഈശ്വര്‍ >>> പുറത്ത് ഇറങ്ങിയാല്‍ കൊന്നു കളയുമെന്ന് വിദ്യാര്‍ത്ഥി, മൊബൈല്‍ ഫോണ്‍ തിരിച്ച് കൊടുക്കാത്തതിന് അധ്യാപകനോട് കൊലവിളിയുമായി വിദ്യാര്‍ത്ഥി >>> സെയ്ഫ് അലിഖാന്‍ ആശുപത്രി വിട്ടു, ആറ് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം പൂര്‍ണ്ണ ആരോഗ്യവാനായാണ് താരം ലീലാവതി ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് എത്തിയത് >>> ഓഐസിസി (യുകെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസിന് വേള്‍ഡ് മലയാളി ബിസ്‌നസ് കൗണ്‍സിലിന്റെ 'സ്‌നേഹാദരവ്' >>> ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച്ച വെംബ്ലിയില്‍; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയായും നയിക്കും >>>
Home >> HOT NEWS
ബര്‍മ്മിങ്ഹാം മലയാളിയുടെ തട്ടിപ്പില്‍ അകപ്പെട്ട് ഡോ സൗമ്യ സരിനും കുടുംബവും: യുകെ സന്ദര്‍ശനത്തിനൊരുങ്ങവേ താന്‍ പറ്റിക്കപ്പെട്ടെന്നുള്ള ഡോക്ടറുടെ വീഡിയോ ചര്‍ച്ചയാകുന്നു

സ്വന്തം ലേഖകൻ

Story Dated: 2025-01-20
പ്രശസ്ത ശിശുരോഗ വിദഗ്ധയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുന്‍സറുമായ ഡോ. സൗമ്യ സരിന്‍ തന്റെ യുകെ യാത്രയ്ക്കിടെ അനുഭവിച്ച ദുരനുഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

സൗമ്യ സരിന്‍ സാധാരണയായി യാത്രാ പ്ലാനുകള്‍ ഒരുക്കുമ്പോള്‍ വിശ്വസനീയമായ ഏജന്‍സികളെയാണ് ആശ്രയിക്കാറുള്ളത്. എന്നാല്‍ ഈ തവണ സ്വന്തമായി ടിക്കറ്റും ഹോട്ടലും ബുക്ക് ചെയ്യാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ബര്‍മിംഗ്ഹാമിലെ ഒരു മലയാളിയുമായി ബന്ധപ്പെട്ടു. ഈ വ്യക്തിയുടെ സഹായത്തോടെയാണ് സൗമ്യ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍ പിന്നീട് ഈ വ്യക്തി സൗമ്യയെ പണം തട്ടിയതായി ആരോപിച്ച് സൗമ്യ സോഷ്യല്‍ മീഡിയയില്‍ തുറന്നു പറഞ്ഞു.

സാധാരണ ട്രിപ്പ് പോകുമ്പോള്‍ വിശ്വസനീയ ഏജന്‍സികള്‍ വഴിയാണ് യാത്ര പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ പതിവിന് വിപരീതമായി യുകെ യാത്രയില്‍ സ്വന്തമായി ടിക്കറ്റുകളും റൂമുകളും ബുക്ക് ചെയ്യാനും യാത്ര ചെയ്യാനുമാണ് ഡോക്ടര്‍ പ്ലാന്‍ ചെയ്തത്. ഇതിന്റെ ഭാഗമായാണ് ബര്‍മ്മിങ്ഹാമില്‍ നിന്നുള്ള ഒരു മലയാളി അവരുടെ ഏതോ സുഹൃത്തിന്റെ പരിചയത്തിന്റെ പേരില്‍ രംഗപ്രവേശനം ചെയ്തത്. അദ്ദേഹം സൗമ്യയ്ക്ക് വേണ്ടി എയര്‍ടിക്കറ്റ് ബുക്ക് ചെയ്യുകയും വിശ്വാസം ആര്‍ജിക്കുകയും ചെയ്തു.

എന്നാല്‍ ചതി സംഭവിക്കുകയായിരുന്നു. റൂമുകളും ടിക്കറ്റുകളും എടുക്കാനായി നല്ലൊരു തുക കൈക്കലാക്കിയതായി ഡോ സൗമ്യ പറയുന്നു. ലണ്ടനില്‍ ബുക്ക് ചെയ്ത റൂമിന്റെ റേറ്റ് കൂടുതലായതിനാല്‍ ക്യാന്‍സല്‍ ചെയ്ത് കുറച്ചുകൂടി കുറഞ്ഞ റേറ്റില്‍ റൂം ബുക്ക് ചെയ്യാന്‍ പറഞ്ഞതോടെയാണ് പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ബര്‍മ്മിങ്ഹാമില്‍ താമസിക്കുന്ന മലയാളിയുടെ തനി സ്വഭാവം പുറത്തുവന്നത്. ബുക്കിങ് ക്യാന്‍സല്‍ ചെയ്താല്‍ അടച്ച പണം നഷ്ടപ്പെടുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ അയാള്‍ പണമടയ്ക്കാതെയാണ് ബുക്ക് ചെയ്തത് എന്നു വ്യക്തമായിരുന്നു. അതുമാത്രമല്ല 24 മണിക്കൂറിന് മുമ്പ് ഏതു സമയവും ബുക്കിങ് ക്യാന്‍സല്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം കസ്റ്റമറിന് നല്‍കുന്ന ആപ്പ് വഴിയാണ് അയാള്‍ ബുക്ക് ചെയ്തിരുന്നത്.

റൂമിനായി മാത്രമല്ല കാര്‍ റെന്റ് എടുക്കാനും നല്ലൊരു തുക കൈക്കലാക്കി. ഡ്രൈവ് ചെയ്ത് തന്റെ കുടുംബത്തിനൊപ്പം യുകെ ആകെ യാത്ര ചെയ്യാമെന്ന വാഗ്ദാനവും ഈ വ്യക്തി നല്‍കി. തങ്ങള്‍ അയച്ച പണം തിരിച്ചു ചോദിച്ചതോടെയാണ് ഇയാളുടെ വഞ്ചന വ്യക്തമായതെന്ന് ഡോ സൗമ്യ പറഞ്ഞു. യുകെ പോലുള്ള അന്യ നാടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ അടുത്തു പരിചയമില്ലാത്തവരെ അമിതമായി ആശ്രയിക്കരുതെന്നാണ് സൗമ്യ തന്റെ വീഡിയോയിലൂടെ നല്‍കുന്ന സന്ദേശം. ഏതെങ്കിലും രീതിയില്‍ പണം അയച്ചു കൊടുത്ത് ബുക്ക് ചെയ്യുന്ന സാഹചര്യം വന്നാല്‍ സ്വന്തം പേരില്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് തന്നെ ബുക്ക് ചെയ്യണമെന്ന് ഡോ സൗമ്യ പറഞ്ഞു.

ബര്‍മിങ്ഹാം മലയാളി എത്ര രൂപയാണ് കബളിപ്പിച്ചതെന്ന് ഡോ സൗമ്യ വീഡിയോയില്‍ വെളിപ്പെടുത്തിയിട്ടില്ല. നിയമ നടപടിയുമായി മുന്നോട്ട് പോകുന്നത് കൊണ്ടാണ് കൂടുതല്‍ വെളിപ്പെടുത്താത്തതെന്ന് അവര്‍ പറഞ്ഞു. അതേസമയം, യുകെയില്‍ നിന്നുള്ള ഒട്ടേറെ പേരുടെ സ്നേഹവും കരുതലും തന്റെ ട്രിപ്പിനെ മനോഹരമാക്കിയതായും അവര്‍ തന്റെ ലൈവ് വീഡിയോയില്‍ പറയുന്നുണ്ട്.
 

 

More Latest News

ഷാരോണ്‍ വധക്കേസിലെ പ്രതീ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍, ഉദ്ഘാടനം രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ വിധശിക്ഷ കേരളം ആകെ കാത്തിരുന്ന ഒന്നായിരുന്നു. ഈ വിധി പ്രസ്താവിച്ച ജഡ്ജിക്ക് അനുമോദനം ആണ് പലയിടത്തുനിന്നും ലഭിക്കുന്നത്. ജഡ്ജി എ എം ബഷീര്‍ ആണ് ഇത്തരത്തില്‍ കേരളം കാത്തിരുന്ന വിധി പ്രസ്താവിച്ചത്. ഇപ്പോഴിതാ വിധി ആഘോഷമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ആണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്റെ തീരുമാനം. ഇന്ന് രാവിലെ സെക്രട്ടേറിയറ്റിന് മുന്നില്‍ പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ആഘോഷമാക്കാനാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്. ചടങ്ങ് രാഹുല്‍ ഈശ്വറാണ് ഉദ്ഘാടനം ചെയ്യുക. ഇതിനൊപ്പം വധശിക്ഷക്കെതിരെ പ്രസ്താവന നടത്തിയ കേരള ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെമാല്‍ പാഷയ്ക്കെതിരെ പ്രതിഷേധിക്കുമെന്നും സംഘടന സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറിയിച്ചു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഗ്രീഷ്മയ്ക്ക് ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിന് 10 വര്‍ഷത്തെ തടവും അന്വേഷണത്തെ വഴി തെറ്റിച്ചതിന് 5 വര്‍ഷത്തെ തടവുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ക്ക് 3 വര്‍ഷം തടവുശിക്ഷ വിധിച്ചു. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.

പുറത്ത് ഇറങ്ങിയാല്‍ കൊന്നു കളയുമെന്ന് വിദ്യാര്‍ത്ഥി, മൊബൈല്‍ ഫോണ്‍ തിരിച്ച് കൊടുക്കാത്തതിന് അധ്യാപകനോട് കൊലവിളിയുമായി വിദ്യാര്‍ത്ഥി

പാലക്കാട്: സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വന്നത് അധ്യാപകര്‍ക്ക് പിടിച്ചു വെച്ചതിന് അധ്യാപകര്‍ക്ക് നേരെ കൊലവിളിയുമായി വിദ്യാര്‍ത്ഥി. പാലക്കാട് ആനക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വിദ്യാര്‍ത്ഥിയുടെ ഭീഷണി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മൊബൈല്‍ ഫോണ്‍ സ്‌കൂളില്‍ കൊണ്ടു വരരുതെന്ന് സ്‌കൂള്‍ അധികൃതരില്‍ നിന്നും കര്‍ശന നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നിട്ടും പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അതുമായി സ്‌കൂളില്‍ എത്തി. എന്നാല്‍ കുട്ടിയുടെ കൈവശം മൊബൈല്‍ ഉള്ളത് മനസ്സിലാക്കിയ അധ്യാപകര്‍ അത് പിടിച്ചുവച്ചു. ഫോണ്‍ അധ്യാപകന്‍, പ്രധാന അധ്യാപകന്റെ കൈവശം ഏല്‍പ്പിച്ചു. ഇത് ചോദിക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ത്ഥി പ്രധാന അധ്യാപകന്റെ മുറിയില്‍ എത്തിയത്. തനിക്ക് മൊബൈല്‍ തിരിച്ച് വേണമെന്ന വാശിയിലാണ് വിദ്യാര്‍ത്ഥി സംസാരിച്ചത്. ഇത് ചോദ്യം ചെയ്തതോടെ വിദ്യാര്‍ത്ഥി അധ്യാപകരോട് കയര്‍ത്തു. ഈ മുറിക്ക് അകത്ത് തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നാട്ടുകാരോട് മുഴുവന്‍ പറയുമെന്നായിരുന്നു ആദ്യം വിദ്യാര്‍ത്ഥി നടത്തിയ ഭീഷണി. ഇതുകൊണ്ടും അധ്യാപകന്‍ വഴങ്ങാതെ ഇരുന്നതോടെ പുറത്ത് ഇറങ്ങിയാല്‍ കാണിച്ച് തരാമെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ഭീഷണി. പുറത്ത് ഇറങ്ങിയാല്‍ എന്താണ് ചെയ്യുക എന്ന് അധ്യാപകന്‍ ചോദിച്ചതോടെ കൊന്നു കളയുമെന്നായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മറുപടി. സംഭവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ അടുത്ത ദിവസം ചേരുന്ന രക്ഷാകര്‍തൃ മീറ്റിങ്ങില്‍ തീരുമാനിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ തൃത്താല പൊലീസില്‍ പരാതി നല്‍കുമെന്ന് അധ്യാപകര്‍ വ്യക്തമാക്കി.

സെയ്ഫ് അലിഖാന്‍ ആശുപത്രി വിട്ടു, ആറ് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം പൂര്‍ണ്ണ ആരോഗ്യവാനായാണ് താരം ലീലാവതി ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് എത്തിയത്

മുംബൈ: അക്രമിയില്‍ നിന്നും കുത്തേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബോളീവുഡ് താരം സെയ്ഫ് അലിഖാന്‍ ആശുപത്രി വിട്ടു. ലീലാവതി ആശുപത്രിയില്‍ നിന്നാണ് താരം ഡിസ്ചാര്‍ജ്ജ് ആകുന്നത്. കഴിഞ്ഞ ആറ് ദിവസമായി താരം ചികിത്സയില്‍ ആയിരുന്നു. ജനുവരി 16ന് ആയിരുന്നു ബോളിവുഡ് ലോകത്തെ തന്നെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സ്വവസതിയില്‍ വെച്ചായിരുന്നു താരത്തിന് കുത്തേറ്റത്. വീട്ടിലേക്ക് കടന്നു കയറിയ അക്രമി താരത്തെ ആറ് തവണ കുത്തുകയായിരുന്നു. കുത്തില്‍ രണ്ടെണ്ണം അല്‍പം ഗുരുതരം ഉള്ളതാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ഡിസ്ചാര്‍ജായ താരം വൈകീട്ടോടെയാണ് ആശുപത്രി വിട്ടത്. ബാന്ദ്രയിലെ തന്നെ പഴയ വീടായ ഫോര്‍ച്യൂണ്‍ ഹൈറ്റ്‌സിലായിരിക്കും താരം ഇനി താമസിക്കുകയെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകളെങ്കിലും, ആശുപത്രി വിട്ട സെയ്ഫ് അലിഖാന്‍ നേരെ പോയത് സത്ഗുരു ശരണിലേക്കാണ്. ഇവിടെ വെച്ചായിരുന്നു അദ്ദേഹം ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ താരത്തെ ആശുപത്രിയില്‍ എത്തിച്ചതിനു പിന്നാലെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. അഞ്ച് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയാണ് നടനു നടത്തിയത്. രണ്ടു മുറിവുകള്‍ ആഴത്തിലുള്ളതായിരുന്നു. ആശുപത്രി വിട്ട് വീട്ടിലെത്തിയ താരം, വീടിന് പുറത്ത് കൂടി നിന്നവരെ അഭിവാദ്യം ചെയ്തു. താരത്തിന്റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം കേസുമായി ബന്ധപ്പെട്ട് സെയ്ഫ് അലി ഖാന്റെ മൊഴി പൊലീസ് പിന്നീട് രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഷണ ശ്രമത്തിനിടെ നടനെ കുത്തിയ പ്രതി ബംഗ്ലദേശ് സ്വദേശിയാണ്. മുഹമ്മദ് ഷെരീഫുള്‍ ഇസ്ലാം ഷെഹ്സാദ് എന്നയാളാണ് പൊലീസ് പിടിയിലായത്. വിജയ് ദാസ് എന്ന വ്യാജപേരിലാണ് ഇയാള്‍ മുംബൈയില്‍ കഴിഞ്ഞിരുന്നത്.

ഓഐസിസി (യുകെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസിന് വേള്‍ഡ് മലയാളി ബിസ്‌നസ് കൗണ്‍സിലിന്റെ 'സ്‌നേഹാദരവ്'

പത്തനാപുരം / യുകെ: യുകെയിലെ പ്രമുഖ സംരംഭകയും ചാരിറ്റി പ്രവര്‍ത്തകയും കെപിസിസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനയായ ഓഐസിസിയുടെ യുകെ ഘടകം പ്രസിഡന്റുമായ ഷൈനു ക്ലെയര്‍ മാത്യൂസിന് വേള്‍ഡ് മലയാളി ബിസ്‌നസ് കൗണ്‍സിലിന്റെ 'സ്‌നേഹാദരവ്'. 'ലോക കേരളം, സൗഹൃദ കേരളം' എന്ന പേരില്‍ പത്തനാപുരത്തെ ഗാന്ധി ഭവനില്‍ വച്ച് സംഘടിപ്പിച്ച പ്രൗഡഗംഭീരമായ ചടങ്ങില്‍ വച്ചാണ് ഷൈനു ക്ലെയര്‍ മാത്യൂസ് ആദരിക്കപ്പെട്ടത്. ചടങ്ങിനോടാനുബന്ധിച്ചു നടന്ന പൊതുസമ്മേളനം കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ മേഖാലയ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മൊമെന്റോ നല്‍കി ആദരിച്ചു. വേള്‍ഡ് മലയാളി ബിസിനസ് ഫോറം ഗ്ലോബല്‍ ചെയര്‍മാന്‍ ജെയിംസ് കൂടല്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല, കെ പി സി സി സെക്രട്ടറി റിങ്കൂ ചെറിയാന്‍, വേള്‍ഡ് മലയാളി ബിസിനസ് ഫോറം ചെയര്‍മാന്‍ ജെയിംസ് കൂടല്‍, ഗ്ലോബല്‍ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കല്‍, ഗാന്ധി ഭവന്‍  ചെയര്‍മാന്‍ ഡോ. പുനലൂര്‍ സോമരാജന്‍, വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള സംരംഭക പ്രമുഖര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. രാവിലെ 11.30ന് ആരംഭിച്ച ചടങ്ങുകള്‍ക്ക് ഗാന്ധി ഭവനിലെ കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ അവതരിപ്പിച്ച വിവിധ കലാവിരുന്നുകള്‍ മിഴിവേകി. പരിപാടിയില്‍ പങ്കെടുത്ത അതിഥികള്‍ ഉള്‍പ്പടെ ആയിരത്തിയഞ്ഞൂറോളം പേരുടെ വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും സംഘാടകര്‍ ഒരുക്കിയിരുന്നു.

ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച്ച വെംബ്ലിയില്‍; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയായും നയിക്കും

ലണ്ടന്‍: ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ ജനുവരി 24 ന് വെള്ളിയാഴ്ച വെംബ്ലി സെന്റ് ചാവറ കുര്യാക്കോസ് സീറോമലബാര്‍ പ്രോപോസ്ഡ് മിഷനില്‍ വെച്ച് നടത്തപ്പെടും. പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാര്‍ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായിട്ടാവും നൈറ്റ് വിജില്‍ ശുശ്രുഷകള്‍ നയിക്കുക. വെംബ്ലിയിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ വെച്ചാണ് ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ക്രിസ്തുവില്‍ സ്‌നേഹവും, വിശ്വാസവും, പ്രത്യാശയും അര്‍പ്പിച്ച് ദിനാന്ത യാമങ്ങളില്‍ ഉണര്‍ന്നിരുന്നുള്ള പ്രാര്‍ത്ഥനക്കും, ദിവ്യകാരുണ്യ ആരാധനക്കും കൂടാതെ കുമ്പസാരത്തിനും, സ്പിരിച്വല്‍ ഷെയറിങ്ങിനും, രോഗശാന്തിക്കും അനുബന്ധ  ശുശ്രൂഷകളാവും വെംബ്ലിയില്‍ നയിക്കപ്പെടുക.വെള്ളിയാഴ്ച വൈകുന്നേരം ഏഴരയോടെ പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ നൈറ്റ്  വിജില്‍ ശുശ്രുഷകള്‍ ആരംഭിക്കും. വിശുദ്ധ കുര്‍ബ്ബാന,പ്രെയ്സ് & വര്‍ഷിപ്പ്, തിരുവചന ശുശ്രുഷ,  ഹീലിംഗ് പ്രയര്‍,ആരാധന, തുടര്‍ന്ന് സമാപന ആശീര്‍വ്വാദത്തോടെ രാത്രി പതിനൊന്നരയോടെ തിരുക്കര്‍മ്മങ്ങളും ശുശ്രുഷകളും സമാപിക്കും. ദൈവീക കൃപകളും, അനുഗ്രഹങ്ങളും പ്രാപിക്കുവാന്‍ അനുഗ്രഹദായകമായ നൈറ്റ് വിജിലിലേക്ക് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: മനോജ് തയ്യില്‍ 07848808550, മാത്തച്ചന്‍ വിളങ്ങാടന്‍ 07915602258 നൈറ്റ് വിജില്‍ സമയം: ജനുവരി 24, വെള്ളിയാഴ്ച, രാത്രി 19:30 മുതല്‍ 23:30 വരെ Venue: St. Joseph RC Church, 339 Harrow Road, Wembley HA9 6AG.

Other News in this category

  • പണപ്പെരുപ്പത്തില്‍ ഉണ്ടായ അപ്രതീക്ഷിത കുറവ് പലിശ നിരക്കിലും പ്രതിഫലിക്കുമോ? ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കില്‍ കുറവ് വരുത്തിയേക്കുമെന്ന പ്രതീക്ഷയോടെ മോര്‍ട്ട്‌ഗേജുകാര്‍
  • പുരുഷന്‍മാരുടെ ശരീരിക വളര്‍ച്ചയില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി ബ്രിട്ടീഷ് ഗവേഷകര്‍; സെക്‌സിയും ശക്തരുമായ പുരുഷന്മാരുടെ വര്‍ദ്ധനവിന് കാരണങ്ങള്‍ ഇതാണ്, പൊക്കക്കാരായ പുരുഷന്‍മാരില്‍ സ്ത്രീകള്‍ ആകര്‍ഷിക്കപ്പെടുന്നതിനും വിശദീകരണം
  • ഇംഗ്ലണ്ടില്‍ പുതിയ ആശുപത്രികള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ വൈകിപ്പിച്ച് ലേബര്‍ സര്‍ക്കാര്‍; 40 കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമെന്ന പ്രഖ്യാപനം ഖജനാവിന് താങ്ങാന്‍ കഴിയുന്നതല്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി
  • ലിവര്‍പൂളില്‍ ഡാന്‍സ് ക്ലാസില്‍ മൂന്നു പെണ്‍കുട്ടികളെ കുത്തി കൊലപ്പെടുത്തിയ കേസില്‍ 17 കാരന്‍ കുറ്റം സമ്മതിച്ചു ; മൂന്നു കൊലപാതകം ഉള്‍പ്പെടെ 16 കുറ്റങ്ങളില്‍ പ്രതിയെന്ന് കുറ്റസമ്മതം
  • ഒന്നര വര്‍ഷത്തോളം നീണ്ട കണ്ണീരിനും കാത്തിരിപ്പിനും വിരാമം; ഹമാസ് ബന്ധിയാക്കിയ ബ്രിട്ടീഷ് ഇസ്രായേല്‍ വംശജയായ എമിലി മോചിതയായി, എമിലിക്ക് വേണ്ടി ശബ്ദമുയര്‍ത്തിയവര്‍ക്ക് നന്ദി പറഞ്ഞ് അമ്മ
  • യുകെയില്‍ ഏറ്റവുമധികം ശമ്പളവും തൊഴിലവസരങ്ങളും ലഭിക്കുന്നത് ഈ പട്ടണത്തില്‍! ലണ്ടനിലോ കേംബ്രിഡ്ജിലോ ജോലി ചെയ്യുന്നതിനെക്കാള്‍ ഇവിടെ 68% ശമ്പളം കൂടുതല്‍ ലഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
  • എന്‍എച്ച്എസ്-ന്റെ അശ്രദ്ധ: ബെഡ് സോര്‍ രോഗികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി 35 മില്യണ്‍ പൗണ്ടിലധികം ചിലവഴിച്ചതായി റിപ്പോര്‍ട്ട്, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒഴിവാക്കാവുന്ന സ്‌കിന്‍ ഇന്‍ഫെക്ഷനുകളുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയത് 700-ലധികം കേസുകള്‍
  • വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ബ്രിട്ടനില്‍ ഇസ്രായേലിനെതിരായ പാലസ്തീന്‍ അനുകൂലികളുടെ പ്രതിഷേധം തുടരുന്നു; ലണ്ടനില്‍ പ്രതിഷേധിച്ച 70-ലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തു
  • വൂള്‍വര്‍ഹാംപ്ടണില്‍ മരണമടഞ്ഞ ജെയ്‌സണ്‍ ജോസഫിന്റെ പൊതുദര്‍ശനം നാളെ; നീണ്ടൂര്‍ക്കാരന് ബുഷ്‌ബെറി സെമിത്തേരിയില്‍ സംസ്‌കാരവും
  • വിഷാദരോഗ ചികിത്സയില്‍ നിര്‍ണായക ചുവടുവയ്പ്പ്; എഡിന്‍ബര്‍ഗ് സര്‍വകലാശാലയുടെ നേതൃത്വത്തിലുള്ള ഒരു അന്തര്‍ദേശീയ ഗവേഷണ സംഘം ജനിതക ഘടകങ്ങള്‍ കണ്ടെത്തി
  • Most Read

    British Pathram Recommends