മുംബൈ: മാധ്യമങ്ങള്‍ സ്വകാര്യത മാനിക്കണമെന്ന് വീണ്ടും അഭ്യര്‍ത്ഥിച്ച് സെയ്ഫ് അലിഖാന്റെ ഭാര്യ കരീന കപൂര്‍. സെയ്ഫ് അലി ഖാന് കുത്തേറ്റ ശേഷം പുറത്ത് വരുന്ന വാര്‍ത്തകളെ കുറിച്ച് പറഞ്ഞ് നേരത്തെ തന്നെ താരം എത്തിയിരുന്നു. സ്വകാര്യത മാനിക്കണമെന്ന് അന്നും താരം അഭ്യര്‍ത്ഥിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും ഇതേ അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് താരം.
കരീനയുടെ ആദ്യ വീടായ ഫോര്‍ച്യൂണ്‍ ഹൈറ്റ്‌സിനുള്ളില്‍ രണ്ട് കളിപ്പാട്ടങ്ങള്‍ കൊണ്ടു പോകുന്നതായി കാണിച്ച് ഒരു മീഡിയ പോര്‍ട്ടല്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് കരീനയെ ചൊടിപ്പിച്ചത്. തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടി തന്റെ രോഷം പങ്കിട്ടത്.
''ഇതിപ്പോള്‍ നിര്‍ത്തുക, അല്‍പം ദയ കാണിക്കൂ, ദൈവത്തെ ഓര്‍ത്ത് ഞങ്ങളെ വെറുതെ വിടുക'' കരീന ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. പിന്നീട് നടി പോസ്റ്റ് ഇന്‍സ്റ്റാഗ്രാമില്‍ നിന്നും എടുത്തു കളയുകയും ചെയ്തു.
സെയ്ഫ് ഇപ്പോള്‍ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലാണ്. തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മുറിയിലേക്ക് മാറ്റി. കരീന, സാറ, ഇബ്രാഹിം, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരെല്ലാം താരത്തെ പതിവായി സന്ദര്‍ശിച്ചിരുന്നു. മിക്കവാറും ഉടനെ തന്നെ നടന് വീട്ടിലേക്ക് മടങ്ങാനാകും.
സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം പ്രതിയായ മുഹമ്മദ് ഷെരീഫുള്‍ ഇസ്ലാം ഷെഹ്‌സാദിനെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ ഞായറാഴ്ച പുലര്‍ച്ചെയാണ് താനെയില്‍ നിന്ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 16 പുലര്‍ച്ചെ ബാന്ദ്രയിലെ വസതിയിലാണ് സെയ്ഫ് അലി ഖാന്‍ ആക്രമണത്തിന് ഇരയായത്. ഖാന്റെ പതിനൊന്നാം നിലയിലെ ഫ്ലാറ്റിലേക്ക് അതിക്രമിച്ചു കയറുകയും പ്രതിരോധത്തിനിടെ കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തുകയും ചെയ്ത കേസിലാണ് പ്രതി അറസ്റ്റിലായിരിക്കുന്നത്.