വാഷിങ്ടണ്‍: അമേരിക്കയുടെ 47ാമത്തെ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തു. ലോകം ഉറ്റു നോക്കിയ സ്ഥാനാരോഹണ ചടങ്ങ് ഇന്നലെ രാത്രി ഇന്ത്യന്‍ സമയം 10.30ന് ആയിരുന്നു. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബ്രെറ്റ് കവനോവ് സത്യവാചകം ചൊല്ലിക്കൊടുത്തു. ട്രംപിന് പുറമേ വൈസ് പ്രസിഡന്റായി ജെഡി വാന്‍സും സത്യപ്രതിജ്ഞ ചെയ്തു.
ചരിത്രത്തിലാദ്യമായാണ് അമേരിക്കന്‍ കോടതി കുറ്റവാളിയെന്ന് വിധിച്ചൊരാള്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്.എബ്രഹാം ലിങ്കണ്‍ ഉപയോഗിച്ച ബൈബിളും 1955-ല്‍ തന്റെ അമ്മ നല്‍കിയ ബൈബിളും തൊട്ടായിരുന്നു ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്. സ്ഥാനാരോഹണ ചടങ്ങില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. കാപ്പിറ്റോള്‍ മന്ദിരത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. ലോകനേതാക്കളും വമ്പന്‍ വ്യവസായികളും ചടങ്ങില്‍ സാന്നിധ്യം അറിയിച്ചു.
മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ചായ സല്‍ക്കാരത്തിന് ശേഷമാണ് ട്രംപ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. ജോ ബൈഡനും മുന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസടക്കമുള്ളവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മന്ദിരത്തിന് അകത്താണ് ചടങ്ങുകള്‍ നടന്നത്. അധികാരമേറ്റ ശേഷം ട്രംപിന്റെ സുപ്രധാന പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുകയാണ് ലോകം.
അതിശൈത്യത്തെ തുടര്‍ന്ന് ഇത്തവണ കാപിറ്റോള്‍ മന്ദിരത്തിന് ഉള്ളിലായിരുന്നു ചടങ്ങുകള്‍ നടന്നത്. യുഎസിന് ഇനി സുവര്‍ണ കാലമാണെന്ന് സത്യപത്രിജ്ഞയ്ക്ക് ശേഷം നടത്തിയ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു. ആദ്യം അമേരിക്ക എന്നതായിരിക്കും നയം. മുന്‍കാലങ്ങളില്‍ മറ്റു രാജ്യങ്ങളുടെ അതിര്‍ത്തി സംരക്ഷിക്കാന്‍ ഒരുപാട് ഫണ്ടാണ് നല്‍കിയത്. ഇനി രാജ്യത്തിന്റെ അതിര്‍ത്തിയും ജനങ്ങളെയും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2025 ജനുവരി 20 ഇനി എല്ലാ അമേരിക്കക്കാര്‍ക്കും വിമോചന ദിനമായിരിക്കും. ദേശീയ ഊര്‍ജ അടിയന്താരാവസ്ഥയും ട്രംപ് പ്രഖ്യാപിച്ചു. ആണും പെണ്ണും മാത്രമേ ഇനി ഉണ്ടാവുകയുള്ളൂ. ട്രാന്‍സ്ജെന്‍ഡറുകളെ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രധാന ഉത്തരവുകളില്‍ ഉടന്‍ തന്നെ ഒപ്പിടും.
മുന്‍ യുഎസ് പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ്, ബരാക്ക് ഒബാമ, ഹിലരി ക്ലിന്റണ്‍, ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്, ആമസോണ്‍ സിഇഒ ജെഫ് ബെസോസ്, മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ആപ്പിള്‍ സിഇഒ ടിം കുക്ക്, ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍, ആല്‍ഫാബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ, ഹംഗറിയുടെ പ്രധാനമന്ത്രി വിക്തോര്‍ ഓര്‍ബന്‍, അര്‍ജന്റീന പ്രസിഡന്റ് ഹാവിയേര്‍ മിലേയ്, ചൈനീസ് വൈസ് പ്രസിഡന്റ് ഹാന്‍ ഷെങ്, ഇറ്റാലിയന്‍ പ്രസിഡന്റ് ജോര്‍ജിയ മെലോണി, എല്‍സാല്‍വദോര്‍ പ്രസിഡന്റ് നയീബ് ബുക്കേലെ, റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി, ഭാര്യ നിത അംബാനി തുടങ്ങി ലോകനേതാക്കന്‍മാരും സമ്പന്നരും ഉള്‍പ്പടെ നിരവധി പ്രമുഖര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.
2020-ല്‍ തുടര്‍ഭരണ സാധ്യത തേടി മത്സരിച്ചെങ്കിലും 232-നെതിരേ 306 ഇലക്ടറല്‍ കോളേജ് വോട്ടിന് ജോ ബൈഡന് മുന്‍പില്‍ അടിയറ പറയേണ്ടിവന്നു. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വന്‍ കുതിപ്പാണ് യുഎസില്‍ നടത്തിയത്. നിര്‍ണായകമായ ഏഴ് സ്വിങ് സ്റ്റേറ്റുകളിലും ഡൊണാള്‍ഡ് ട്രംപ് ചരിത്ര വിജയമാണ് കുറിച്ചത്. ട്രംപ് 301 ഇലക്ട്രല്‍ വോട്ടുകള്‍ നേടിയപ്പോള്‍ 226 ഇലക്ട്രല്‍ വേട്ടുകള്‍ നേടാനെ കമല ഹാരിസിനു സാധിച്ചുള്ളൂ.