വാഷിംഗ്ടണ്‍: 47ാമത് പ്രസിഡന്റായി ട്രംപ് അധികാര ഏല്‍ക്കുമ്പോള്‍ വലിയ ഒരു മാറ്റമാണ് അമേരിക്കയില്‍ പ്രതീക്ഷിക്കുന്നത്. ട്രംപിന്റെ രണ്ടാം വരവില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ഇലക്ഷന്‍ പ്രചരണ വേളയില്‍ ട്രംപ് സൂചന തന്നിരുന്നു.
ഇന്നലെ സത്യപ്രതിജ്ഞയ്ക്ക് ശേഷവും അതുപോലെ തന്നെ പല കാര്യങ്ങളും ആവര്‍ത്തിക്കുകയായിരുന്നു ട്രംപ്. ഒപ്പുവയ്ക്കാന്‍ ഒരുങ്ങുന്ന സുപ്രധാന ഉത്തരവുകള്‍ തുറന്ന് വ്യക്തമാക്കിയിരിക്കുകയാണ് ട്രംപ്.
അമേരിക്കയുടെ സുവര്‍ണ കാലത്തിന്റെ തുടക്കമാണിതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ഇനി മുതല്‍ പുരോഗതി മാത്രമാണ് അമേരിക്കയ്ക്ക് മുന്നിലുള്ളത്. 2025 ജനുവരി 20 ലിബറേഷന്‍ ദിനമായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ചില സുപ്രധാന ഉത്തരവുകള്‍ ഇതാണ്, യുഎസ്-മെക്സിക്കോ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതാണ് ആദ്യ തീരുമാനം. ഇത് സംബന്ധിച്ച എക്സിക്യൂട്ടിവ് ഓര്‍ഡറില്‍ ഒപ്പുവയ്ക്കുമെന്ന് ട്രംപ് വ്യക്തമാക്കി. അനധികൃത കുടിയേറ്റം തടയുമെന്നതിനൊപ്പം, യാതൊരു തരത്തിലുള്ള പൗരത്വ പരിപാടികളും തുടരില്ലെന്നും അനധികൃതമായി, കുടിയേറിയ കുറ്റവാളികളെ പുറത്താക്കുമെന്നും ട്രംപ് വ്യക്തമാക്കുന്നു.
കുടിയേറ്റ പ്രശ്നത്തില്‍ അതി ശക്തമായ നിലപാട് ആദ്യ ദിനം തുറന്നടിച്ച പ്രസിന്റ്, യുഎസില്‍ ഇനി സ്ത്രീയും പുരുഷനും മാത്രമെന്നും മറ്റ് ലിംഗങ്ങള്‍ക്ക് നിയമ സാധുത ഇല്ലെന്നും, അതിന് അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. 30 ലക്ഷത്തോളം വരുന്ന ട്രാന്‍സ്ജെന്‍ഡര്‍ കമ്യൂണിറ്റിയെ അംഗീകരിക്കില്ലെന്ന കടുത്ത പ്രഖ്യാപനം.
സ്വിങ് സ്റ്റേറ്റുകളില്‍ അടക്കം തനിക്ക് ഭൂരിപക്ഷം ലഭിച്ചതിന് കറുത്ത വര്‍ഗക്കാര്‍ക്ക് അടക്കം നന്ദി പറഞ്ഞാണ് അദ്ദേഹം സംസാരിച്ചത്. അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തിയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച അദ്ദേഹം ഇവിടേക്ക് സൈന്യത്തെ അയക്കുമെന്നും വ്യക്തമാക്കി. രാജ്യത്ത് വിലക്കയറ്റം തടയാന്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ഊര്‍ജ്ജ വില കുറയ്ക്കാന്‍ നടപടിയെടുക്കും.