ലിവര്‍പൂളില്‍ ഡാന്‍സ് ക്ലാസില്‍ മൂന്നു പെണ്‍കുട്ടികളെ കുത്തി കൊലപ്പെടുത്തിയ കേസില്‍ 17 കാരന്‍ കുറ്റം സമ്മതിച്ചു ; മൂന്നു കൊലപാതകം ഉള്‍പ്പെടെ 16 കുറ്റങ്ങളില്‍ പ്രതിയെന്ന് കുറ്റസമ്മതം
Story Dated: 2025-01-21
ലിവര്‍പൂളില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന ഞെട്ടിക്കുന്ന കൊലപാതകത്തില്‍ പ്രതി കുറ്റം സമ്മതിച്ചു. ഒരു ഡാന്‍സ് ക്ലാസില്‍ വച്ച് മൂന്ന് കുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ ഈ കേസ് ലോകമെമ്പാടും വലിയ ചര്‍ച്ചയായിരുന്നു.
ലിവര്‍പൂള്‍ ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയില്‍ പ്രതി മൂന്ന് കൊലപാതക കുറ്റങ്ങളടക്കം 16 കുറ്റങ്ങള്‍ക്ക് കുറ്റക്കാരനാണെന്ന് സമ്മതിച്ചു. 17 വയസ്സുള്ള പ്രതി കഴിഞ്ഞ വര്‍ഷം ജൂലൈ 29ന് സൗത്ത്പോര്‍ട്ടിലെ ഒരു കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന ടെയ്‌ലര്‍ സ്വിഫ്റ്റ് ഡാന്‍സ് ക്ലാസില്‍ വച്ച് ബീബി കിങ് (6), എല്‍സി ഡോട്ട് സ്റ്റാന്‍കോംബ് (7), ആലിസ് ദാസില്‍വ അഗ്യുയാര്‍ (9) എന്നീ കുട്ടികളെ കുത്തിക്കൊലപ്പെടുത്തിയിരുന്നു.
പ്രതിയുടെ വീട്ടില്‍ നിന്ന് അന്വേഷണ സംഘം അല്‍-ഖ്വയ്ദ മാനുവലും റൈസിന്‍ എന്ന വിഷവസ്തുവും കണ്ടെത്തിയിരുന്നു. ഇത് പ്രതിക്ക് ഭീകരവാദ ആശയങ്ങളുണ്ടായിരുന്നു എന്നതിന് തെളിവായി. ലിവര്‍പൂര്‍ ക്രൗണ്‍ കോടതിയില്‍ വിചാരണ നടക്കവേ മൂന്നു കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 16 കുറ്റകൃത്യങ്ങളില്‍ കുറ്റക്കാരനെന്ന് പ്രതി സമ്മതിച്ചു.
ഈ സംഭവം ലോകമെമ്പാടും വലിയ ദുഃഖവും ഭീതിയുമാണ് സൃഷ്ടിച്ചത്. ഒരു കുട്ടി മറ്റൊരു കുട്ടിയെ ഇത്ര ക്രൂരമായി കൊല്ലാന്‍ കാരണം എന്താണെന്ന് പലരും ചോദിച്ചു. ഈ സംഭവം മാനസികാരോഗ്യം, ഭീകരവാദം തുടങ്ങിയ നിരവധി പ്രശ്നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. ഈ സംഭവം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, സമൂഹത്തില്‍ എത്രത്തോളം അപകടകാരികളായ ആശയങ്ങള്‍ വളര്‍ന്നു പന്തലിക്കുന്നു എന്നാണ്.
More Latest News
സൂപ്പര്‍ ഗ്ലൂ തേച്ച് ചുണ്ട് ഒട്ടിച്ച് യുവാവ്, വൈറലാകാനും ലൈക്കുകള്‍ വാരിക്കൂട്ടാനും എന്തും ചെയ്യാവോ എന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ
സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ എന്തും ചെയ്യാം എന്ന സ്ഥിതി ആണ് ഇപ്പോള്‍. ചിലര്‍ കാണിച്ചു കൂട്ടുന്നത് കാണുമ്പോള്‍ ഇതെല്ലാം അല്‍പം ഓവര്‍ അല്ലേ എന്നാണ് ചിന്തിക്കുക. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
@badis_tv എന്ന ഇന്‍സ്റ്റഗ്രാം യൂസറാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ കാണുന്നത് ഒരു യുവാവ് തന്റെ ചുണ്ടില്‍ സൂപ്പര്‍ ഗ്ലൂ തേക്കുന്നതാണ്. സംഗതി തമാശയ്ക്ക് ചെയ്യുന്നതാണെങ്കിലും സംഭവം കയ്യില്‍ നിന്നും പോയി എന്നാണ് വീഡിയോ കാണുമ്പോള്‍ തോന്നുക. ആദ്യം കാണുന്നത് യുവാവ് തന്റെ ചുണ്ടില്‍ സൂപ്പര്‍ഗ്ലൂ തേക്കുന്നതാണ്. സൂപ്പര്‍ഗ്ലൂ എടുത്ത് കാണിച്ചൊക്കെ തരുന്നുണ്ട്. അങ്ങനെ രണ്ട് ചുണ്ടും ഒട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. അത് കാണുമ്പോള്‍ യുവാവിന് തന്നെ ചിരി വരികയാണ്. അവന്‍ കുറേ നേരം ഇരുന്ന് ചിരിക്കുന്നത് കാണാം.
എന്നാല്‍, ഈ ചിരി അധികം നീണ്ടു നിന്നില്ല. കുറച്ച് കഴിഞ്ഞ് നോക്കുമ്പോള്‍ യുവാവിന് തന്റെ ചുണ്ടുകള്‍ വേര്‍പ്പെടുത്താനോ വായ തുറക്കാനോ സാധിക്കുന്നില്ല. അവന്‍ കരയുന്നതാണ് പിന്നെ കാണാന്‍ സാധിക്കുന്നത്. വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. ഒരുപാടുപേര്‍ യുവാവിനെ വിമര്‍ശിച്ചുകൊണ്ട് മുന്നോട്ട് വന്നു. ഒരാള്‍ കമന്റ് നല്‍കിയത്, വിഡ്ഢിത്തത്തിന് ഒരു മുഖമുണ്ടെങ്കില്‍ അത് ഇതാണ് എന്നാണ്. എന്നാല്‍, അതേസമയം തന്നെ സൂപ്പര്‍ഗ്ലൂ ഉപയോഗിച്ചതായും വായ തുറക്കാന്‍ പറ്റാത്തതായും യുവാവ് അഭിനയിക്കുകയാണോ എന്ന കാര്യവും ഉറപ്പില്ല. അങ്ങനെ സംഭവിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ഷാരോണ്‍ വധക്കേസിലെ പ്രതീ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍, ഉദ്ഘാടനം രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ വിധശിക്ഷ കേരളം ആകെ കാത്തിരുന്ന ഒന്നായിരുന്നു. ഈ വിധി പ്രസ്താവിച്ച ജഡ്ജിക്ക് അനുമോദനം ആണ് പലയിടത്തുനിന്നും ലഭിക്കുന്നത്.
ജഡ്ജി എ എം ബഷീര്‍ ആണ് ഇത്തരത്തില്‍ കേരളം കാത്തിരുന്ന വിധി പ്രസ്താവിച്ചത്. ഇപ്പോഴിതാ വിധി ആഘോഷമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍.
ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ആണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്റെ തീരുമാനം. ഇന്ന് രാവിലെ സെക്രട്ടേറിയറ്റിന് മുന്നില്‍ പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ആഘോഷമാക്കാനാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്. ചടങ്ങ് രാഹുല്‍ ഈശ്വറാണ് ഉദ്ഘാടനം ചെയ്യുക.
ഇതിനൊപ്പം വധശിക്ഷക്കെതിരെ പ്രസ്താവന നടത്തിയ കേരള ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെമാല്‍ പാഷയ്ക്കെതിരെ പ്രതിഷേധിക്കുമെന്നും സംഘടന സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറിയിച്ചു.
നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഗ്രീഷ്മയ്ക്ക് ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിന് 10 വര്‍ഷത്തെ തടവും അന്വേഷണത്തെ വഴി തെറ്റിച്ചതിന് 5 വര്‍ഷത്തെ തടവുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ക്ക് 3 വര്‍ഷം തടവുശിക്ഷ വിധിച്ചു. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.
പുറത്ത് ഇറങ്ങിയാല്‍ കൊന്നു കളയുമെന്ന് വിദ്യാര്‍ത്ഥി, മൊബൈല്‍ ഫോണ്‍ തിരിച്ച് കൊടുക്കാത്തതിന് അധ്യാപകനോട് കൊലവിളിയുമായി വിദ്യാര്‍ത്ഥി
പാലക്കാട്: സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വന്നത് അധ്യാപകര്‍ക്ക് പിടിച്ചു വെച്ചതിന് അധ്യാപകര്‍ക്ക് നേരെ കൊലവിളിയുമായി വിദ്യാര്‍ത്ഥി. പാലക്കാട് ആനക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വിദ്യാര്‍ത്ഥിയുടെ ഭീഷണി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മൊബൈല്‍ ഫോണ്‍ സ്‌കൂളില്‍ കൊണ്ടു വരരുതെന്ന് സ്‌കൂള്‍ അധികൃതരില്‍ നിന്നും കര്‍ശന നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നിട്ടും പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അതുമായി സ്‌കൂളില്‍ എത്തി.
എന്നാല്‍ കുട്ടിയുടെ കൈവശം മൊബൈല്‍ ഉള്ളത് മനസ്സിലാക്കിയ അധ്യാപകര്‍ അത് പിടിച്ചുവച്ചു. ഫോണ്‍ അധ്യാപകന്‍, പ്രധാന അധ്യാപകന്റെ കൈവശം ഏല്‍പ്പിച്ചു. ഇത് ചോദിക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ത്ഥി പ്രധാന അധ്യാപകന്റെ മുറിയില്‍ എത്തിയത്.
തനിക്ക് മൊബൈല്‍ തിരിച്ച് വേണമെന്ന വാശിയിലാണ് വിദ്യാര്‍ത്ഥി സംസാരിച്ചത്. ഇത് ചോദ്യം ചെയ്തതോടെ വിദ്യാര്‍ത്ഥി അധ്യാപകരോട് കയര്‍ത്തു. ഈ മുറിക്ക് അകത്ത് തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നാട്ടുകാരോട് മുഴുവന്‍ പറയുമെന്നായിരുന്നു ആദ്യം വിദ്യാര്‍ത്ഥി നടത്തിയ ഭീഷണി.
ഇതുകൊണ്ടും അധ്യാപകന്‍ വഴങ്ങാതെ ഇരുന്നതോടെ പുറത്ത് ഇറങ്ങിയാല്‍ കാണിച്ച് തരാമെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ഭീഷണി. പുറത്ത് ഇറങ്ങിയാല്‍ എന്താണ് ചെയ്യുക എന്ന് അധ്യാപകന്‍ ചോദിച്ചതോടെ കൊന്നു കളയുമെന്നായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മറുപടി. സംഭവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ അടുത്ത ദിവസം ചേരുന്ന രക്ഷാകര്‍തൃ മീറ്റിങ്ങില്‍ തീരുമാനിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ തൃത്താല പൊലീസില്‍ പരാതി നല്‍കുമെന്ന് അധ്യാപകര്‍ വ്യക്തമാക്കി.
സെയ്ഫ് അലിഖാന്‍ ആശുപത്രി വിട്ടു, ആറ് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം പൂര്‍ണ്ണ ആരോഗ്യവാനായാണ് താരം ലീലാവതി ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് എത്തിയത്
മുംബൈ: അക്രമിയില്‍ നിന്നും കുത്തേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബോളീവുഡ് താരം സെയ്ഫ് അലിഖാന്‍ ആശുപത്രി വിട്ടു. ലീലാവതി ആശുപത്രിയില്‍ നിന്നാണ് താരം ഡിസ്ചാര്‍ജ്ജ് ആകുന്നത്. കഴിഞ്ഞ ആറ് ദിവസമായി താരം ചികിത്സയില്‍ ആയിരുന്നു.
ജനുവരി 16ന് ആയിരുന്നു ബോളിവുഡ് ലോകത്തെ തന്നെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സ്വവസതിയില്‍ വെച്ചായിരുന്നു താരത്തിന് കുത്തേറ്റത്. വീട്ടിലേക്ക് കടന്നു കയറിയ അക്രമി താരത്തെ ആറ് തവണ കുത്തുകയായിരുന്നു. കുത്തില്‍ രണ്ടെണ്ണം അല്‍പം ഗുരുതരം ഉള്ളതാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെ ഡിസ്ചാര്‍ജായ താരം വൈകീട്ടോടെയാണ് ആശുപത്രി വിട്ടത്. ബാന്ദ്രയിലെ തന്നെ പഴയ വീടായ ഫോര്‍ച്യൂണ്‍ ഹൈറ്റ്‌സിലായിരിക്കും താരം ഇനി താമസിക്കുകയെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകളെങ്കിലും, ആശുപത്രി വിട്ട സെയ്ഫ് അലിഖാന്‍ നേരെ പോയത് സത്ഗുരു ശരണിലേക്കാണ്. ഇവിടെ വെച്ചായിരുന്നു അദ്ദേഹം ആക്രമിക്കപ്പെട്ടത്.
ഗുരുതരമായി പരുക്കേറ്റ താരത്തെ ആശുപത്രിയില്‍ എത്തിച്ചതിനു പിന്നാലെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. അഞ്ച് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയാണ് നടനു നടത്തിയത്. രണ്ടു മുറിവുകള്‍ ആഴത്തിലുള്ളതായിരുന്നു. ആശുപത്രി വിട്ട് വീട്ടിലെത്തിയ താരം, വീടിന് പുറത്ത് കൂടി നിന്നവരെ അഭിവാദ്യം ചെയ്തു. താരത്തിന്റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
അതേസമയം കേസുമായി ബന്ധപ്പെട്ട് സെയ്ഫ് അലി ഖാന്റെ മൊഴി പൊലീസ് പിന്നീട് രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഷണ ശ്രമത്തിനിടെ നടനെ കുത്തിയ പ്രതി ബംഗ്ലദേശ് സ്വദേശിയാണ്. മുഹമ്മദ് ഷെരീഫുള്‍ ഇസ്ലാം ഷെഹ്സാദ് എന്നയാളാണ് പൊലീസ് പിടിയിലായത്. വിജയ് ദാസ് എന്ന വ്യാജപേരിലാണ് ഇയാള്‍ മുംബൈയില്‍ കഴിഞ്ഞിരുന്നത്.
ഓഐസിസി (യുകെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസിന് വേള്‍ഡ് മലയാളി ബിസ്‌നസ് കൗണ്‍സിലിന്റെ 'സ്‌നേഹാദരവ്'
പത്തനാപുരം / യുകെ: യുകെയിലെ പ്രമുഖ സംരംഭകയും ചാരിറ്റി പ്രവര്‍ത്തകയും കെപിസിസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനയായ ഓഐസിസിയുടെ യുകെ ഘടകം പ്രസിഡന്റുമായ ഷൈനു ക്ലെയര്‍ മാത്യൂസിന് വേള്‍ഡ് മലയാളി ബിസ്‌നസ് കൗണ്‍സിലിന്റെ 'സ്‌നേഹാദരവ്'.
'ലോക കേരളം, സൗഹൃദ കേരളം' എന്ന പേരില്‍ പത്തനാപുരത്തെ ഗാന്ധി ഭവനില്‍ വച്ച് സംഘടിപ്പിച്ച പ്രൗഡഗംഭീരമായ ചടങ്ങില്‍ വച്ചാണ് ഷൈനു ക്ലെയര്‍ മാത്യൂസ് ആദരിക്കപ്പെട്ടത്. ചടങ്ങിനോടാനുബന്ധിച്ചു നടന്ന പൊതുസമ്മേളനം കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു.
മുന്‍ മേഖാലയ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മൊമെന്റോ നല്‍കി ആദരിച്ചു. വേള്‍ഡ് മലയാളി ബിസിനസ് ഫോറം ഗ്ലോബല്‍ ചെയര്‍മാന്‍ ജെയിംസ് കൂടല്‍ അധ്യക്ഷത വഹിച്ചു.
കെ പി സി സി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല, കെ പി സി സി സെക്രട്ടറി റിങ്കൂ ചെറിയാന്‍, വേള്‍ഡ് മലയാളി ബിസിനസ് ഫോറം ചെയര്‍മാന്‍ ജെയിംസ് കൂടല്‍, ഗ്ലോബല്‍ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കല്‍, ഗാന്ധി ഭവന്‍ ചെയര്‍മാന്‍ ഡോ. പുനലൂര്‍ സോമരാജന്‍, വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള സംരംഭക പ്രമുഖര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
രാവിലെ 11.30ന് ആരംഭിച്ച ചടങ്ങുകള്‍ക്ക് ഗാന്ധി ഭവനിലെ കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ അവതരിപ്പിച്ച വിവിധ കലാവിരുന്നുകള്‍ മിഴിവേകി. പരിപാടിയില്‍ പങ്കെടുത്ത അതിഥികള്‍ ഉള്‍പ്പടെ ആയിരത്തിയഞ്ഞൂറോളം പേരുടെ വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും സംഘാടകര്‍ ഒരുക്കിയിരുന്നു.