ദുബൈ: ലോകത്തെ തന്നെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന സ്ഥാനം അഞ്ചാം തവണയും സ്വന്തമാക്കി ദുബൈ. തുടര്‍ച്ചയായ അഞ്ചാം തവണയാണ് ദുബൈ നഗരത്തിന് ഈ നേട്ടം കൈവരിക്കുന്നത്.
നഗരത്തില്‍ ശുചിത്വമുറപ്പാക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളെ മുനിസിപ്പാലിറ്റി അഭിനന്ദിച്ചു. 47 ആഗോള നഗരങ്ങളെ പിന്തള്ളിയാണ് ദുബൈ സമ്പൂര്‍ണ ശുചിത്വ നഗരമായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇതുമായി ബന്ധപ്പെട്ട സൂചികയില്‍ നൂറു ശതമാനവും കൈവരിച്ചാണ് ദുബൈയുടെ നേട്ടം. ജപ്പാനിലെ മോറി മെമോറിയല്‍ ഫൗണ്ടേഷന്‍ നേതൃത്വം നല്‍കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അര്‍ബന്‍ സ്ട്രാറ്റജീസ് പുറത്തിറക്കുന്ന ഗ്ലോബല്‍ പവര്‍ സിറ്റി ഇന്‍ഡക്‌സിലാണ് ദുബൈ ശുചിത്വ നഗരപദവിക്ക് അര്‍ഹമായത്.
ഗവണ്‍മെന്റ്-സ്വകാര്യ മേഖലകളുമായി സഹകരിച്ച് മുനിസിപ്പാലിറ്റി നടപ്പാക്കിയ പദ്ധതികളാണ് ദുബൈയെ നേട്ടത്തിന് അര്‍ഹമാക്കിയത്. മാലിന്യ ഉത്പാദനം 18 ശതമാനമാക്കി കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ദുബൈ പ്രഖ്യാപിച്ച ഇന്റഗ്രേറ്റഡ് വേസ്റ്റ് മാനേജ്‌മെന്റ് 2041 നയത്തിന് കരുത്തു പകരുന്നതാണ് മുനിസിപ്പാലിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍.
അന്താരാഷ്ട്ര നിലവാരമുള്ള മുനിസിപ്പല്‍ സേവനങ്ങള്‍ ഉറപ്പാക്കി നഗരത്തിലെ ജീവിത നിലവാരം ഇനിയും ഉയര്‍ത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ദുബൈ മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടര്‍ ജനറല്‍ മര്‍വാന്‍ ബിന്‍ ഗാലിത പറഞ്ഞു.
ശുചിത്വമുറപ്പാക്കാന്‍ രാപകല്‍ ജോലി ചെയ്യുന്ന ജീവനക്കാരെ അദ്ദേഹം പ്രശംസിച്ചു. 2400ലേറെ കിലോമീറ്റര്‍ പ്രധാന റോഡുകള്‍, 1419 ചതുരശ്ര കിലോമീറ്റര്‍ നിക്ഷേപ മേഖല, കനാലുകള്‍, താമസ,വ്യവസായ മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളിലെ ശുചീകരണമാണ് ജീവനക്കാര്‍ പ്രധാനമായും നടത്തിവരുന്നത്.