വാഷിംഗ്ടണ്‍: അമേരിക്കയുടെ തലപ്പത്തേക്ക് പ്രസിഡന്റായി ട്രംപ് എത്തുമ്പോള്‍ ലോകം ഒന്നാകെ അദ്ദേഹത്തെ ഉറ്റു നോക്കുകയാണ്. ഒരു ബുദ്ധിമാനായ രാഷ്ട്രീയക്കാരന്‍ എന്നതിലുപരി അതിബുദ്ധിമാനായ ഒരു ബിസിനസുകാരന്‍ എന്ന വിശേഷണമാണ് ട്രംപിന് നല്‍കുന്നത്. അത് ശരിവയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ സമ്പത്തിന്റെ വലിപ്പവും.
കോടികളുടെ ആസ്തിയുണ്ടായിരുന്ന ട്രംപ് പണം വാരിയെറിഞ്ഞാണ് ലോക പൊലീസെന്ന് വിശേഷണമുളള രാജ്യത്തിന്റെ പരമോന്നത പദം പിടിച്ചതെന്ന് ആദ്യവട്ടം അധികാരത്തിലെത്തിയതിന് തൊട്ടുപിന്നാലെമുതല്‍ ഉയര്‍ന്നുകേട്ടതാണ്. രണ്ടാം വട്ടവും അധികാരത്തിലെത്തിയ അദ്ദേഹത്തിന്റെ ശരിക്കുള്ള ആസ്തി ഞെട്ടിപ്പിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
2025 ജനുവരി 21 ലെ കണക്കനുസരിച്ച് ട്രംപിന്റെ ആസ്തി 6.7 ബില്യണ്‍ ഡോളറായിരുന്നു (ഏകദേശം 58,000 കോടി രൂപ). ഇത് അദ്ദേഹത്തെ 2024 ലെ 'ഫോര്‍ബ്‌സ് 400' പട്ടികയില്‍ 319-ാം സ്ഥാനത്തും കോടീശ്വരന്മാരുടെ പട്ടികയില്‍ (2024) 1,438-ാം സ്ഥാനത്തും എത്തിച്ചു. വൈറ്റ് ഹൗസിലെ മുന്‍ ഭരണകാലത്ത് ട്രംപ് മറ്റേതൊരു അമേരിക്കന്‍ പ്രസിഡന്റിനെക്കാള്‍ കൂടുതല്‍ സമ്പാദിച്ചെന്നും ഫോര്‍ബ്‌സ് റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.
റിയല്‍ എസ്റ്റേറ്റ്, മീഡിയ, ടെക്‌നോളജി അങ്ങനെ നീണ്ടുനിവര്‍ന്നു കിടക്കുകയാണ് ട്രംപിന്റെ ബിസിനസ് സാമ്രാജ്യം. ഏറ്റവും അധികം വരുമാനം ലഭിക്കുന്നതും അദ്ദേഹം ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നതും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ തന്നെ.
അമേരിക്കയില്‍ പലിശ നിരക്കില്‍ ഉണ്ടായ വര്‍ദ്ധന ചില്ലറ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെങ്കിലും അതിനെയെല്ലാം സമര്‍ത്ഥമായി തരണം ചെയ്ത് ട്രംപ് പിടിച്ചുനിന്നു. കൊലകൊമ്പന്‍മാരായ ചിലര്‍ തകര്‍ന്ന് തരിപ്പണമായപ്പോഴാണ് ഇതെന്ന് പ്രത്യേകം ഓര്‍ക്കണം. ശരിക്കും പിതാവിന്റെ പാത പിന്‍തുടര്‍ന്നാണ് ട്രംപ് റിയല്‍ എസ്റ്റേറ്റിലേക്ക് എത്തിയത്. പിതാവ് ഫ്രെഡ് ട്രംപ് ന്യൂയോര്‍ക്കിലെ അറിയപ്പെടുന്ന ഒരു റിയല്‍ എസ്റ്റേറ്റുകാരനായിരുന്നു.