മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയന്. എന്നും മലയാളികളുടെ മനസ്സില്‍ ഓര്‍ത്ത് വയ്ക്കാനുള്ള നിരവധി ചിത്രങ്ങളും കഥാപാത്രങ്ങളും മനോജ് കെ ജയന്റേതായുണ്ട്. ഇപ്പോഴിതാ ലാലേട്ടന് വേണ്ടി വെച്ചിരുന്ന ഒരു കഥാപാത്രം താന്‍ ചെയ്തെന്ന് പറയുകയാണ് മനോജ് കെ ജയന്.
മനോജ് കെ ജയന്റെ വാക്കുകള്‍ ഇങ്ങനെ:
'ഒരിക്കല്‍ എന്നെ ഒരു പ്രൊഡക്ഷന്‍ മാനേജര്‍ വിളിച്ചിട്ട് ചമയം സിനിമയുടെ കാര്യം പറഞ്ഞിരുന്നു. ഞാന്‍ ഭരതന് സാറിനെ വിളിച്ചു നോക്കി. എന്നെ ഇങ്ങനെ പ്രൊഡക്ഷന്‍ മാനേജര്‍ വിളിച്ചിരുന്നു.
എന്താണ് സംഭവമെന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു, സത്യത്തില്‍ ഞാനത് ലാലിനെയും തിലകനെയും വെച്ച് പ്ലാന്‍ ചെയ്ത ഒരു സിനിമയാണ്. പക്ഷെ ലാലിന്റെയും തിലകന്റെയും ഡേറ്റ് തമ്മില്‍ ക്ലാഷ് ആവുന്നു. അതുകൊണ്ട് ഞാന്‍ രണ്ട് പേരെയും അങ്ങ് ഒഴിവാക്കി. പകരം മുരളിയേയും നിന്നെയും വെച്ച് പ്ലാന്‍ ചെയ്തിരിക്കുകയാണ്.
അപ്പോള്‍ ഞാന്‍ ചോദിച്ചു, ലാലേട്ടന് ചെയ്യേണ്ട കഥാപാത്രമാണോ ഞാന്‍ ചെയ്യേണ്ടത്. ലാലിന് വെച്ചിരുന്ന കഥാപാത്രമാണ് സൂക്ഷിച്ചൊക്കെ ചെയ്തോണം എന്നദ്ദേഹം പറഞ്ഞു. അന്ന് അതൊരു വിരട്ടല്‍ ആണോ വെല്ലുവിളിയാണോ എന്താണെന്ന് എനിക്കറിയില്ല. അങ്ങനെ ചെയ്ത സിനിമയാണ് ചമയം. സിനിമ ഇറങ്ങിയിട്ടും ഞാന്‍ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. കാരണം മോഹന്‍ലാലിന് വെച്ച വേഷമാണല്ലോ അത്.
പിന്നെ ആ രീതിയില്‍ കമ്പാരിസണ്‍ വരും. അതു കൊണ്ട് ചമയം മോശമാണെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. അന്തിക്കടപ്പുറത്തില് പാട്ടുമൊക്കെയായി ഞാന്‍ വളരെ ഈസിയായി ചെയ്ത ഒരു സിനിമയാണ് ചമയം. ഭരതേട്ടന് അഭിനേതാക്കളെ അങ്ങനെ ട്രീറ്റ് ചെയ്യുന്നത് കൊണ്ടാണത്,' മനോജ് കെ.ജയന് പറയുന്നു.