മുംബൈ: അക്രമിയില്‍ നിന്നും കുത്തേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബോളീവുഡ് താരം സെയ്ഫ് അലിഖാന്‍ ആശുപത്രി വിട്ടു. ലീലാവതി ആശുപത്രിയില്‍ നിന്നാണ് താരം ഡിസ്ചാര്‍ജ്ജ് ആകുന്നത്. കഴിഞ്ഞ ആറ് ദിവസമായി താരം ചികിത്സയില്‍ ആയിരുന്നു.
ജനുവരി 16ന് ആയിരുന്നു ബോളിവുഡ് ലോകത്തെ തന്നെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സ്വവസതിയില്‍ വെച്ചായിരുന്നു താരത്തിന് കുത്തേറ്റത്. വീട്ടിലേക്ക് കടന്നു കയറിയ അക്രമി താരത്തെ ആറ് തവണ കുത്തുകയായിരുന്നു. കുത്തില്‍ രണ്ടെണ്ണം അല്‍പം ഗുരുതരം ഉള്ളതാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെ ഡിസ്ചാര്‍ജായ താരം വൈകീട്ടോടെയാണ് ആശുപത്രി വിട്ടത്. ബാന്ദ്രയിലെ തന്നെ പഴയ വീടായ ഫോര്‍ച്യൂണ്‍ ഹൈറ്റ്‌സിലായിരിക്കും താരം ഇനി താമസിക്കുകയെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകളെങ്കിലും, ആശുപത്രി വിട്ട സെയ്ഫ് അലിഖാന്‍ നേരെ പോയത് സത്ഗുരു ശരണിലേക്കാണ്. ഇവിടെ വെച്ചായിരുന്നു അദ്ദേഹം ആക്രമിക്കപ്പെട്ടത്.
ഗുരുതരമായി പരുക്കേറ്റ താരത്തെ ആശുപത്രിയില്‍ എത്തിച്ചതിനു പിന്നാലെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. അഞ്ച് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയാണ് നടനു നടത്തിയത്. രണ്ടു മുറിവുകള്‍ ആഴത്തിലുള്ളതായിരുന്നു. ആശുപത്രി വിട്ട് വീട്ടിലെത്തിയ താരം, വീടിന് പുറത്ത് കൂടി നിന്നവരെ അഭിവാദ്യം ചെയ്തു. താരത്തിന്റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
അതേസമയം കേസുമായി ബന്ധപ്പെട്ട് സെയ്ഫ് അലി ഖാന്റെ മൊഴി പൊലീസ് പിന്നീട് രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഷണ ശ്രമത്തിനിടെ നടനെ കുത്തിയ പ്രതി ബംഗ്ലദേശ് സ്വദേശിയാണ്. മുഹമ്മദ് ഷെരീഫുള്‍ ഇസ്ലാം ഷെഹ്സാദ് എന്നയാളാണ് പൊലീസ് പിടിയിലായത്. വിജയ് ദാസ് എന്ന വ്യാജപേരിലാണ് ഇയാള്‍ മുംബൈയില്‍ കഴിഞ്ഞിരുന്നത്.