തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ വിധശിക്ഷ കേരളം ആകെ കാത്തിരുന്ന ഒന്നായിരുന്നു. ഈ വിധി പ്രസ്താവിച്ച ജഡ്ജിക്ക് അനുമോദനം ആണ് പലയിടത്തുനിന്നും ലഭിക്കുന്നത്.
ജഡ്ജി എ എം ബഷീര്‍ ആണ് ഇത്തരത്തില്‍ കേരളം കാത്തിരുന്ന വിധി പ്രസ്താവിച്ചത്. ഇപ്പോഴിതാ വിധി ആഘോഷമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍.
ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ആണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്റെ തീരുമാനം. ഇന്ന് രാവിലെ സെക്രട്ടേറിയറ്റിന് മുന്നില്‍ പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ആഘോഷമാക്കാനാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്. ചടങ്ങ് രാഹുല്‍ ഈശ്വറാണ് ഉദ്ഘാടനം ചെയ്യുക.
ഇതിനൊപ്പം വധശിക്ഷക്കെതിരെ പ്രസ്താവന നടത്തിയ കേരള ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെമാല്‍ പാഷയ്ക്കെതിരെ പ്രതിഷേധിക്കുമെന്നും സംഘടന സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറിയിച്ചു.
നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഗ്രീഷ്മയ്ക്ക് ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിന് 10 വര്‍ഷത്തെ തടവും അന്വേഷണത്തെ വഴി തെറ്റിച്ചതിന് 5 വര്‍ഷത്തെ തടവുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ക്ക് 3 വര്‍ഷം തടവുശിക്ഷ വിധിച്ചു. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.