ഓരോ വര്‍ഷത്തിലും ഏറ്റവും നിരാശാജനകമായ ഒരു ദിനം ഉണ്ട്. അത് ഒരു തിങ്കളാഴ്ചയും ആണ്. ബ്ലൂ മണ്‍ഡേ എന്ന പേരിലാണ് അറിയപ്പെടുന്ന ഈ ദിനം എല്ലാവര്‍ഷവും ജനുവരി മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ചയായാണ് കണക്കാക്കുന്നത്. അത് പ്രകാരം ഈ വര്‍ഷത്തെ ബ്ലൂ മണ്‍ഡേ കഴിഞ്ഞ ദിവസം ആയിരുന്നു.
ക്രിസ്മസ്, പുതുവത്സര അവധിക്ക് ശേഷം ആളുകള്‍ തങ്ങളുടെ ജോലിയിലേക്കും സാധാരണ ജീവിതത്തിലേക്കും പൂര്‍ണ്ണമായും മടങ്ങിയെത്തുന്ന ദിനം എന്ന രീതിയിലാണ് ജനുവരി മാസത്തിന്റെ പകുതിയോടെ എത്തുന്ന ഈ തിങ്കളാഴ്ചയെ നിരാശാജനകമായ തിങ്കളാഴ്ച അഥവാ ബ്ലു മണ്‍ഡേ എന്ന പേരില്‍ വിശേഷിപ്പിക്കുന്നത്. നമ്മുടെ നാട്ടില്‍ ഇത് അത്ര പ്രസക്തമായി തോന്നില്ല എങ്കിലും വിദേശരാജ്യങ്ങളില്‍ ജീവിക്കുന്നവരുടെ കാര്യത്തില്‍ ഇത് കുറച്ചുകൂടി യോജിച്ചേക്കാം. 2005 ലെ ഒരു പത്രക്കുറിപ്പില്‍ യുകെ ട്രാവല്‍ കമ്പനിയായ സ്‌കൈ ട്രാവല്‍ ആവിഷ്‌കരിച്ച പദമാണ് ബ്ലൂ മണ്‍ഡേ.
അവധിക്കാലത്തിനു ശേഷമുള്ള സാമ്പത്തിക ബുദ്ധിമുട്ട്, മോശം കാലാവസ്ഥ, ന്യൂ ഇയര്‍ റെസല്യൂഷനുകള്‍ പരാജയപ്പെടുന്നത് തുടങ്ങിയ ഘടകങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വര്‍ഷത്തിലെ ഏറ്റവും നിരാശാജനകമായ ദിവസമായി ജനുവരിയിലെ മൂന്നാമത്തെ തിങ്കളാഴ്ചയെ വിശേഷിപ്പിക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ജനുവരിയിലെ രണ്ടാമത്തെയും നാലാമത്തെയും തിങ്കളാഴ്ചകളെയും ബ്ലൂ മണ്‍ഡേ ആയി വിശേഷിപ്പിക്കാറുണ്ട്.
വിഷാദം നിറഞ്ഞ തിങ്കളാഴ്ച എന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും ഇതിനെ നല്ല ഒരു മാറ്റത്തിന്റെ തുടക്കമായി കാണണമെന്നും ചില തിരിച്ചറിവുകളോടെ ജീവിതം കൂടുതല്‍ ചിട്ടപ്പെടുത്താന്‍ ഈ ദിനം സഹായിക്കുമെന്നുമാണ് സ്‌കൈ ട്രാവല്‍ പറയുന്നത്. അന്നേദിവസം വിഷാദത്തില്‍ കഴിയാതെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിച്ചും, സംഗീതവും നൃത്തവുമൊക്കെ ആസ്വദിച്ചും അല്പദൂരം നടക്കാന്‍ സമയം കണ്ടെത്തിയും ഒക്കെ പോസിറ്റീവ് ആയി സമയം ചെലവഴിക്കുന്നത് വരും ദിവസങ്ങളെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുമെന്നും കരുതപ്പെടുന്നു.