ഏറെ ആഗ്രഹിച്ചു നടത്തിയ യുകെ ടൂർ പ്രോഗ്രാമിനിടെ ഒരു ബ്രിട്ടീഷ് മലയാളിയുടെ വഞ്ചനയ്ക്കും ഇരയായെന്ന് ഡോക്ടർ സൗമ്യ സരിൻ കഴിഞ്ഞദിവസം നടത്തിയ ഫേസ്ബുക്ക് ലൈവിൽ വെളിപ്പെടുത്തി. പാലക്കാട് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ട ഡോക്ടർ സരിന്റെ ഭാര്യയാണ് ഗൾഫിൽ ഡോക്ടറായി ജോലിചെയ്യുന്ന സൗമ്യ സരിൻ.
പല രാജ്യങ്ങളിലെ ടൂർ പ്രോഗ്രാമുകളും ഇതിനകം നടത്തിയിട്ടുണ്ടെങ്കിലും ഈ വിധത്തിൽ ഒരു ചതിക്ക് ഇരയാകുന്നത് ഇത് ആദ്യമായാണെന്നും ഡോ. സൗമ്യ സരിൻ. എന്നാൽ നല്ല മനസ്സുള്ള മറ്റു ചില യുകെ മലയാളികളുടെ ഇടപെടലുകളും സഹായവുംകൊണ്ട് യുകെ ടൂർ പ്രോഗ്രാം വിചാരിച്ചതിലും നന്നായി ആസ്വദിക്കുവാനും കഴിഞ്ഞു.
ഡിസംബറിലാണ് സൗമ്യ സരിനും കുടുംബവും യുകെയിൽ എത്തിയത്. എന്നാൽ അതിനും അഞ്ചാറുമാസം മുമ്പുതന്നെ അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. ഇക്കാര്യം ഫേസ്ബുക്ക് ലൈവിലൂടെ സുഹൃത്തുക്കളെ അറിയിച്ചപ്പോൾ പതിവായി തൻറെ ലൈവുകൾ കാണുകയും സംവദിക്കുകയും ചെയ്യുന്ന ആളുകളിൽ ഒരാൾ സഹായ വാഗ്ദാനവുമായി എത്തുകയായിരുന്നു.
ഇയാൾ കേരളത്തിലും യുകെ മലയാളികൾക്കിടയിലും നന്നായി അറിയപ്പെടുന്ന വ്യക്തി ആയതിനാൽ പ്രത്യേകിച്ച് സംശയമൊന്നും തോന്നിയില്ല. മാത്രമല്ല അത്തരമൊരു സഹായവാഗ്ദാനം നൽകിയതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. യുകെ ടൂർ പ്രോഗ്രാമുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും സെറ്റ് ചെയ്ത് തരാം എന്നായിരുന്നു ഇയാളുടെ വാഗ്ദാനം.
റെന്റ് എ കാർ എടുത്ത്, കൂടെ ഡ്രൈവറായി വന്ന് യുകെ മുഴുവൻ കറക്കാം എന്നുപറഞ്ഞു. മാത്രമല്ല ഇവരുടെ കൂടെ ഇയാളും ഫാമിലിയും കൂടെച്ചേരാനുള്ള അനുമതിയും ചോദിച്ചു.
ആദ്യപടിയായി എയർ ടിക്കറ്റ് ചീപ്പ് റേറ്റിൽ എടുത്തുനൽകി. അതോടെ അയാളിൽ കൂടുതൽ വിശ്വാസമായി. ഇതേത്തുടർന്ന് റെന്റ് കാറും ഹോട്ടൽ മുറികളും ബുക്ക് ചെയ്യുന്ന ചുമതലയും അയാളെത്തന്നെ ഏൽപ്പിച്ചു.
ടൂറിനിടെ ഇയാളുടെ ബിർമിംഹാമിലെ വീട്ടിൽ രണ്ടുദിവസം തങ്ങാമെന്നും പറഞ്ഞു. ലണ്ടനിലും സ്കോട്ട്ലാൻഡിലും ഹോട്ടൽ മുറികൾ ബുക്കുചെയ്യാമെന്നുമായിരുന്നു പറഞ്ഞത്.
ഇതേത്തുടർന്ന് ഇയാൾ ആവശ്യപ്പെട്ട പ്രകാരം ജൂലൈ, ഓഗസ്‌റ്റ് മാസങ്ങളിൽ അഡ്വാൻസ് പണം നൽകി. എന്നാൽ എയർ ടിക്കറ്റ് മാത്രം അയച്ചുകൊടുത്തു. റെന്റ് എ കാറും ഹോട്ടൽ റൂമും എല്ലാം ബുക്കുചെയ്‌തെന്ന് പറഞ്ഞെങ്കിലും അതിന്റെ ഡീറ്റെയിൽസ് ഒന്നും നൽകിയില്ല.
കുറഞ്ഞ നിരക്കിൽ എയർ ടിക്കറ്റുകൾ ലഭിച്ചതിനാൽ, മറ്റു ബുക്കിങ്ങിന്റെ കൂടുതൽ വിശദാംശങ്ങൾ ഒന്നും സൗമ്യ ചോദിച്ചുമില്ല. എന്നാൽ ഡിസംബറിലെ ട്രിപ്പിനോടടുത്ത് കാര്യങ്ങൾ തകിടം മറിഞ്ഞു.
ബുക്കിങ്.കോമിലാണ് എല്ലാം ബുക്കുചെയ്‌തത്. മുന്ന് ദിവസത്തിനു പകരം അഞ്ചുദിവസം വരെ ഹോട്ടൽ മുറികൾ ഇയാൾ ബുക്കുചെയ്‌തു. എല്ലാം വളരെ ചിലവേറിയ മുന്തിയ ഹൈഫൈ ഹോട്ടലുകളിലാണ് ബുക്കുചെയ്തത്‍.
ചീപ് റേറ്റ് ഹോട്ടലുകൾ മതിയെന്ന് പറഞ്ഞു. എന്നാൽ ഇയാളുടെ ബുക്കിങ് എല്ലാം ഫോർ/ ഫൈഫ് സ്റ്റാർ ഹോട്ടലുകളിൽ ആയിരുന്നു. അതോടെ ലണ്ടനിലെ ബുക്കിങ് വേണ്ടെന്ന് പറഞ്ഞു. എയർബി.എൻ.ബി വഴി നേരിട്ട് ബുക്കുചെയ്‌തോളാമെന്നും അറിയിച്ചു.
അതോടെ അയാളുടെ സ്വഭാവം മാറി. കാൻസലേഷൻ നടത്തിയാൽ മുഴുവൻ പണവും പോകുമെന്ന് ഭീഷണിപ്പെടുത്തി. നല്ലൊരുതുക അഡ്വാൻസ് നൽകിയിരുന്നതിനാൽ അതുമുഴുവൻ പോകുമെന്നത് വലിയൊരു തിരിച്ചടിയായി. ബുക്കിങ്ങിനായി പണമെല്ലാം അഡ്വാൻസ് നൽകിയെന്നായിരുന്നു അയാളുടെ വാദം.
സൗമ്യ ഇയാൾ ബുക്കുചെയ്‌ത ഏജന്റുമായും ഹോട്ടലുകളുമായും ബന്ധപ്പെട്ടു. ചെക്കിൻ സമയത്തുമാത്രം പണം നൽകിയാൽ മതിയെന്ന് ബുക്കിങ്.കോം കസ്‌റ്റമർകെയറിൽ നിന്ന് മറുപടി കിട്ടി. ഇപ്പോൾ കാൻസൽ ചെയ്‌താൽ സീറോ കാൻസലൈസേഷൻ ഫീയാണ്. പേയ്‌മെന്റ് ചെയ്യാത്തതു കാരണം റീഫണ്ടിങ് ആവശ്യമില്ലെന്നും അവർ അറിയിച്ചു.
ഒരുസ്ഥലത്തതും ഇയാൾ ബുക്കിങ്ങിനായി പണം നല്കിയിട്ടില്ലയെന്നും തെളിഞ്ഞു. അതോടെ പേയ്‌മെന്റ് നടത്തി റീഫണ്ടിങ് കിട്ടില്ല എന്ന അയാളുടെ തട്ടിപ്പ് വാദവും പൊളിഞ്ഞു.
അങ്ങനെ വലിയൊരു ചതിയിൽപ്പെട്ട് നല്ലൊരുതുക നഷ്ടപ്പെട്ടേനെ. ആ അവസ്ഥയിലാണ് യുകെയിലെ നല്ലവരായ ചില മലയാളികൾ സഹായവുമായി എത്തിയത്. തട്ടിപ്പുകാരൻ പറഞ്ഞതിന്റെ നാലിലൊന്ന് തുകയ്ക്ക് ലണ്ടനിലും സ്കോട്ട്ലൻഡിലും താമസിക്കുവാനും സ്ഥലങ്ങൾ കാണുവാനും കഴിഞ്ഞു.
സ്കോട്ട്ലൻഡിലെ കുര്യൻ സ്വന്തം വീട്ടിൽ തന്നെ താമസ സൗകര്യമൊരുക്കി. മലയാളിയായ ഒരു കാർ ഡ്രൈവർ പയ്യനും എല്ലായിടത്തും കൊണ്ടുനടന്ന് കാണിച്ചുകൊടുത്തു.
യുകെ യാത്രയ്ക്കിടെ വിദ്യാർത്ഥികൾ അടക്കം നിരവധി മലയാളികൾ തട്ടിപ്പിന് ഇരയായ വിവരം തങ്ങളോട് ഷെയർ ചെയ്‌തെന്നും ഡോ. സൗമ്യ സരിൻ പറഞ്ഞു. കുടുതൽപ്പേരും അക്കൊമൊഡേഷന്റെ പേരിലാണ് വഞ്ചിക്കപ്പെട്ടിട്ടുള്ളത്. അതിവിടുത്തെ പതിവ് പരിപാടിയാണെന്നും അവർ പറയുന്നു.
എന്തായാലും ബിർമിംഹാമിലെ ഈ പകൽ മാന്യനെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട് ഡോ. സൗമ്യ സരിൻ. അതുകൊണ്ടാണ് ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിടാത്തതെന്നും അവർ പറയുന്നു. എന്നാൽ ഡോ. സരിൻ ഭാര്യയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് ഇതുവരെ അഭിപ്രായമൊന്നും നടത്തിയിട്ടില്ല.
ഈ വിവരം പുറത്തുവന്നതോടെ ബിർമിംഹാമിലെ വഞ്ചകനും പകൽ മാന്യനുമായ ബ്രിട്ടീഷ് മലയാളിയെ അന്വേഷിക്കുകയാണ് യുകെ മലയാളി സമൂഹം. എല്ലാവരും കാണുമ്പോൾ പരസ്‌പരം ചോദിക്കുന്നു. ഈരംഗത്ത് പ്രവർത്തിക്കുന്ന ചിലരെയൊക്കെ മറ്റുള്ളവർ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നു.
എന്നാൽ ഈ തട്ടിപ്പുകാരനും പറയാൻ ഇയാളുടേതായ കാരണങ്ങൾ കാണുമെന്നും ഇയാളുടെ വാദഗതിയും അറിയേണ്ടതുണ്ടെന്നുമാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങളിലെ മറ്റുചിലരുടെ അഭിപ്രായം.