ഓണ്‍ലൈനായി പലതരം സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവരാണ് നമ്മള്. ചിലപ്പോള്‍ അതിനൊപ്പം ഒട്ടും പ്രതീക്ഷിക്കാത്ത സാധനങ്ങളും ലഭിക്കാറുണ്ട്. എന്നാല്‍ ഇവിടെ ഇതാ അത്തരത്തില്‍ ഒരു അനുഭവം ആണ് ഒരു യുവതി പറയുന്നത്.
എക്സിലാണ് സുഷി എന്ന യൂസര്‍ നെയിമിലുള്ള യുവതി തന്റെ അനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്. ഒപ്പം ഒരു ചിത്രവും അവര്‍ പങ്കുവച്ചിട്ടുണ്ട്. പങ്കാളിക്ക് വേണ്ടി ബുക്ക് ചെയ്ത റോസാപ്പൂവിന്റെ ബൊക്കേയ്ക്ക് ഒപ്പം ലഭിച്ച ഒന്നിനെ കുറിച്ചാണ് യുവതി പറയുന്നത്.
സ്വിഗ്ഗിയില്‍ നിന്നാണ് യുവതി ഓര്‍ഡര്‍ ചെയ്തത്. യുവതി എക്സില്‍ കുറിച്ചത് പ്രകാരം സ്വിഗ്ഗിയില്‍ നിന്നും യുവതിക്ക് വേണ്ടി അവരുടെ പങ്കാളി ഒരു റോസാപ്പൂവിന്റെ ബൊക്ക ഓര്‍ഡര്‍ ചെയ്തു. എന്നാല്‍, അതിനൊപ്പം ഒരുപിടി മല്ലിയില കൂടി സ്വിഗ്ഗി സൗജന്യമായി നല്‍കുകയായിരുന്നു.
ഇതാണ് യുവതിയെ അമ്പരപ്പിച്ചത്. പച്ചക്കറികളുടെ കൂടെയൊക്കെ മല്ലിയില കിട്ടാല്‍ ഇത്രയ്ക്കൊന്നും നമ്മള് അമ്പരക്കേണ്ടതില്ല അല്ലേ? എന്നാല്‍, പ്രണയപൂര്‍വം ഒരാള്‍ ഓര്‍ഡര്‍ ചെയ്ത് നല്കിയ ഒരു ബൊക്കയ്ക്കൊപ്പം മല്ലിയില കണ്ടാല്‍ ഒന്ന് അമ്പരക്കും. സ്വിഗ്ഗി ഇത് പൂക്കളോടൊപ്പം അയച്ചതാണ് എന്നും, എനിക്കിത് എന്തിനാണ് എന്നും സുഷി ചോദിക്കുന്നുണ്ട്.
എന്തായാലും, നിരവധിപ്പേരാണ് യുവതി പങ്കുവച്ചിരിക്കുന്ന ചിത്രത്തിന് കമന്റുകളുമായി എത്തിയത്. ഒരിക്കല്‍ ഒരു സുഹൃത്തിന് വേണ്ടി ചോക്ലേറ്റും പൂക്കളും ഓര്‍ഡര്‍ ചെയ്തു. അതിനൊപ്പവും മല്ലിയില കൊടുത്തുവിട്ടു. ഈ പാരമ്പര്യം ഇവരും തുടരുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്.
എന്നാല്‍, അതേസമയം തന്നെ സ്വിഗ്ഗി സംഭവത്തില്‍ ഖേദിക്കുന്നു എന്ന് പോസ്റ്റിന് കമന്റ് നല്‍കിയിട്ടുണ്ട്.