ന്യൂഡല്‍ഹി: പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പുരസ്‌ക്കാരത്തില്‍ മലയാളത്തിന്റെ മഹാനായ സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് രാജ്യത്തിന്റെ ആദരം. മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ എം.ടിക്ക് സമര്‍പ്പിക്കും.
കൂടാതെ ഹോക്കി താരം ഒളിമ്പ്യന്‍ പി.ആര്‍.ശ്രീജേഷ്, ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ.ജോസ് ചാക്കോ പെരിയപുറം, നടി ശോഭന തുടങ്ങിയവര്‍ക്ക് പത്മഭൂഷണ്‍ ലഭിക്കും. ആകെ ഏഴു പേര്‍ക്കാണ് പത്മവിഭൂഷണ്‍. 19 പേര്‍ക്ക് പത്മഭൂഷണും 113 പേര്‍ക്ക് പത്മശ്രീയുമുണ്ട്.
പത്മഭൂഷണ്‍ പുരസ്‌കാരവും (2005) ജ്ഞാനപീഠവും നല്‍കി രാജ്യം ആദരിച്ചിട്ടുള്ള എം.ടി കഴിഞ്ഞ ഡിസംബര്‍ 25നാണ് വിടപറഞ്ഞത്.
തമിഴ്‌നാട്ടില്‍ നിന്നുള്ള ചലച്ചിത്ര താരമെന്ന നിലയിലാണ് ശോഭനയ്ക്ക് പത്മഭൂഷണ്‍. സുസുക്കി സ്ഥാപകന്‍ ഒസാമു സുസുക്കിക്കും മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നല്‍കും. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഐ.എം.വിജയന്‍, സംഗീതജ്ഞ കെ.ഓമനക്കുട്ടിയമ്മ എന്നിവര്‍ക്ക് പത്മശ്രീ പുരസ്‌കാരം പ്രഖ്യാപിച്ചു.
തെലുങ്ക് നടന്‍ നന്ദമുരി ബാലകൃഷ്ണ, തമിഴ് നടന്‍ അജിത്ത് എന്നിവര്‍ക്ക് പത്മഭൂഷണും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍.അശ്വിന്‍, ഗായകന്‍ അര്‍ജിത് സിങ്,വാദ്യ സംഗീതജ്ഞന്‍ വേലു ആശാന്‍, പാരാ അത്‌ലീറ്റ് ഹര്‍വീന്ദര്‍ സിങ്, നാടോടി ഗായിക ബാട്ടുല്‍ ബീഗം, സ്വാതന്ത്ര്യസമര സേനാനി ലിബിയ ലോബോ സര്‍ദേശായി എന്നിവര്‍ക്കും പത്മശ്രീ പ്രഖ്യാപിച്ചിട്ടുണ്ട്.