പ്രതികാരം അത് ആരാണെങ്കിലും എപ്പോഴാണെങ്കിലും വീട്ടാനുള്ളതാണ്. അത് മനുഷ്യനാണെങ്കിലും മൃഗമാണെങ്കിലും പ്രതികാരം മറന്നു പോകില്ല എന്ന് തെളിയിക്കുന്ന ഒരു സംഭവത്തിന്റെ വീഡിയോ ആണ് വൈറലാകുന്നത്.
മദ്ധ്യപ്രദേശിലെ സാഗറിലാണ് സംഭവമുണ്ടായത്. തിരുപ്പതി പുരം കോളനിയിലെ താമസക്കാരനായ പ്രഹ്ളാദ് സിംഗ് ഘോഷിയും കുടുംബവും ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു. വീട്ടില്‍ നിന്നിറങ്ങി വെറും 500 മീറ്റര്‍ കഴിഞ്ഞപ്പോള്‍ അവര്‍ സഞ്ചരിച്ച കാര്‍ ഒരു തെരുവുനായയെ ഇടിച്ചു. പരിക്ക് പറ്റാതെ രക്ഷപ്പെട്ട നായ കുരച്ചുകൊണ്ട് കുറച്ചുദൂരം കാറിനെ പിന്തുടര്ന്നു. ശേഷം ഓടിമറയുകയും ചെയ്തു. അന്നേദിവസം അര്‍ദ്ധരാത്രിയാണ് ഘോഷിയും കുടുംബവും വീട്ടില്‍ തിരിച്ചെത്തുന്നത്. റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്ത് അവര്‍ അകത്തേക്ക് പോയി. പിന്നീട് നടന്നതിനെല്ലാം സിസിടിവി മാത്രമായിരുന്നു സാക്ഷി.
തന്നെ ഇടിച്ച കാറാണിതെന്ന് മനസിലാക്കിയ നായ, വാഹനത്തിന്റെ പുറത്ത് നിറയെ സ്ക്രാച്ചുണ്ടാക്കി. എന്തിനും കൂടെനില്‍ക്കുന്ന ക്രൈം-പാര്‍ട്നര്‍ എന്ന പോലെ മറ്റൊരു നായയും ഒപ്പമുണ്ടായിരുന്നു. കാറിന്റെ ബോണറ്റിലും ഡോറിന്റെ സൈഡിലുമൊക്കെ തലങ്ങും വിലങ്ങും മാന്തിവച്ച നായ വാഹനത്തില്‍ നിറയെ സ്ക്രാച്ചുണ്ടാക്കി കടന്നുകളഞ്ഞു.
ഈവിധം കാറിനെ 'മനോഹരമാക്കിയ' കാഴ്ച പിറ്റേന്ന് രാവിലെയാണ് ഘോഷിയും കുടുംബവും കണ്ടത്. ആരാണീ ക്രൂരത ചെയ്തതെന്ന് കണ്ടെത്താന്‍ വേഗം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ഘോഷി ഞെട്ടിപ്പോയി. മനുഷ്യനല്ല, ഇതിന് മൃഗങ്ങളാണെന്ന് മനസിലാക്കി. കുറച്ചുകൂടി സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് തലേദിവസം കാറിടിച്ച നായയാണ് ഈ വിരുതനെന്ന് ഘോഷി തിരിച്ചറിഞ്ഞത്. ഏതായാലും 15,000 രൂപ ചെലവിട്ട് സ്ക്രാച്ചുകള്‍ മായ്ച്ചുകളഞ്ഞ ഘോഷി, നായയുടെ പ്രതികാരബുദ്ധിക്ക് ഇരയായതിന്റെ ഞെട്ടലില്‍ നിന്ന് ഇതുവരെ മുക്തനായിട്ടില്ല.