ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോക്താക്കള്‍ക്ക് വീണ്ടും തലവേദനയായി പുതിയ തകരാറുകള്‍. അടുത്തിടെ കണ്ടെത്തിയ രണ്ട് തകരാറുകള്‍ കാരണം ഹാക്കര്‍മാര്‍ക്ക് കടന്നുകയറാന്‍ സാധിക്കുമെന്ന മുന്നറിയിപ്പുമായി ഇന്ത്യയുടെ സൈബര്‍ സെക്യൂരിറ്റി ടീമായ സിഇആര്‍ടി-ഇന്‍ രംഗത്തുവന്നു.
മാക്, പിസി, ലാപ്ടോപ്പ് പ്ലാറ്റ്ഫോമുകളില്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്കാണ് ഈ പുതിയ മുന്നറിയിപ്പുകള്‍. ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാത്ത ഉപഭോക്താക്കളുടെ ഉപയോക്തൃ ഡാറ്റയും മറ്റു വിവരങ്ങളും ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും എന്നാണ് സിഇആര്‍ടി-ഇന്‍ നല്കിയ മുന്നറിയിപ്പ്.
ഈ അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിനായി സുരക്ഷാ നടപടികള്‍ ഉടന്‍ പ്രയോഗിക്കാനും ക്രോം ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യാനും സിഇആര്‍ടി-ഇന്‍ ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. വിന്‍ഡോസ്, മാക് എന്നിവയില്‍ 132.0.6834.110/111-ന് താഴെയുള്ള ഗൂഗിള്‍ ക്രോം പതിപ്പുകളെയും ലിനക്സില്‍ 132.0.6834.110-ന് താഴെയുള്ള പതിപ്പുകളെയും ഈ പ്രശ്നങ്ങള്‍ ബാധിക്കും.
ഈ പതിപ്പുകള്‍ ഉപയോഗിക്കുന്നവര്‍ അപകടസാധ്യതകള്‍ ഒഴിവാക്കാനും ഉപകരണങ്ങളും ഡാറ്റയും സംരക്ഷിക്കാനും അവരുടെ ബ്രൗസര്‍ ഉടനടി അപ്ഡേറ്റ് ചെയ്യാനുമാണ് നിര്‍ദ്ദേശം. വിന്‍ഡോസ്, മാക് ഒഎസ്, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്ന എല്ലാ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ മുന്നറിയിപ്പ് ബാധകമാണ്.
നിലവില്‍ ഗൂഗിള്‍ ക്രോം ഒരു പുതിയ അപ്ഡേറ്റ് പുറത്തിറക്കിയിട്ടുണ്ട്. ഈ അപ്ഡേറ്റ് അടുത്ത ഏതാനും ദിവസങ്ങളിലോ ആഴ്ചകളിലോ എല്ലാവര്ക്കും ലഭ്യമാകും. വിന്‍ഡോസ്, മാക് എന്നിവയിലെ എക്സ്റ്റെന്‍ഡഡ് സ്റ്റേബിള്‍ പതിപ്പിനായുള്ള മറ്റൊരു അപ്ഡേറ്റും ഉടനെ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.