കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ വാക്പോരുമായി നടി പാര്‍വതി തിരുവോത്തും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും. ഡബ്ല്യുസിസിയുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മില്‍ വാക്തര്‍ക്കം ഉണ്ടായത്. ഇതാദ്യമായാണ് ഭാഗ്യലക്ഷ്മി പലപ്പോഴായി ഡബ്ല്യുസിസിക്കെതിരെ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ നേര്‍ക്കുനേര്‍ ചര്‍ച്ചയാകുന്നത്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ 'സ്ത്രീയും സിനിമയും' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ചയ്ക്കിടയിലായിരുന്നു സംഭവം.
'ഈ ഓര്ഗനൈസേഷന് കുറച്ചുകൂടി ആളുകള്‍ക്ക് സംരക്ഷണം കൊടുക്കുന്ന രീതിയില്‍ ആകണം. ഇരുന്ന് സംസാരിക്കാനും അവരോടൊപ്പം കുറച്ചു സമയം ചെലവഴിക്കാനും ഉള്ള ഒരു സ്പേസ് നല്‍കാനുള്ള ഒരു ശ്രമം ഡബ്ല്യുസിസി നടത്തിയാല്‍ നല്ലതാണെന്ന് എനിക്ക് തോന്നുന്നു. കുറെ കൂടി ആളുകള്‍ നിങ്ങളിലേക്ക് വരാന്‍ ശ്രമിക്കും. 'ഞങ്ങള്‍ എങ്ങനെയാ മാഡം അവരുടെ അടുത്തേക്ക് പോകേണ്ടത്' എന്നെന്നോട് സ്ത്രീകള്‍ ചോദിക്കാറുണ്ട്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ അല്ല, അവര്‍ക്ക് പരാതി ഇല്ല എന്നു തന്നെ വച്ചോളൂ. ചോദിക്കുന്നത് മറ്റ് ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍, ടെക്നീഷ്യന്‍സ് ആയിട്ടുള്ള സ്ത്രീകള്‍ അങ്ങനെ പലരും, ഞങ്ങള്‍ എങ്ങനെയാ മാഡം അങ്ങോട്ട് പോകേണ്ടത്, ആരുടെ അടുത്തേക്കാണ് പോകേണ്ടത് എന്ന് ചോദിക്കുന്ന ഒരു ചോദ്യം ഇവിടെ നില്‍ക്കുന്നുണ്ട്. അപ്പോള്‍ അതുംകൂടി ഒന്നു നിങ്ങള്‍ പരിഗണിക്കണം എന്ന് കൂടിയാണ് എനിക്ക് ഇത്രയും ആളുകളുടെ മുമ്പില്‍ വച്ച് നിങ്ങളോട് പറയാനുള്ളത്. ഞാന്‍ ഇവിടെ വെറുതെ ഇരുന്നു കേട്ടിട്ട് പോകാം എന്ന് കരുതി തന്നെയാണ് വന്നതെന്നും പക്ഷേ, എനിക്ക് തോന്നി അങ്ങനെയല്ല, എന്റെ ഭാഗത്ത് നിന്നുള്ള ഒരു സജഷന്‍ ഉണ്ടാകണം എന്ന്.' ഭാഗ്യലക്ഷ്മി പറഞ്ഞു.
ഇതിന് പാര്‍വതി നല്കിയ മറുപടി ഇങ്ങനെയായിരുന്നു. 'ചേച്ചി നിങ്ങള്‍ക്ക് എന്നെ നന്നായി അറിയാം. നിങ്ങള്‍ക്ക് എന്റെ നമ്പര്‍ കിട്ടാനും ഒരു പ്രയാസവും ഉണ്ടാകില്ല. നിങ്ങള്‍ക്ക് എന്തുകൊണ്ട് കളക്ടീവില്‍ ജോയിന്‍ ചെയ്തുകൂടാ'? കരഘോഷത്തോടെയാണ് കാണികള്‍ പാര്‍വതിയുടെ ചോദ്യത്തെ സ്വീകരിച്ചത്. ഉടന്‍ തന്നെ ഇതിനുള്ള മറുപടിയും വന്നു.
'മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാന്‍ പോകുന്ന ദിവസം രാവിലെ എന്നോട് ചര്‍ച്ച ചെയ്തിട്ട് നമുക്ക് ഒന്നിച്ച് പോകാം എന്ന് പറഞ്ഞിട്ട്, പിന്നെ ഞാന്‍ കാണുന്നത് ടെലിവിഷനില്‍ നിങ്ങളെല്ലാം മന്ത്രിയെ കണ്ടു എന്ന വാര്‍ത്തയാണ്. അപ്പോള്‍ ഞാന്‍ നിങ്ങളെ വിളിച്ചു ചോദിക്കുന്നു. എന്തുകൊണ്ട് എന്നെ വിളിച്ചില്ല. മന്ത്രിയെ കാണാന്‍ പോകാന്‍ എന്തുകൊണ്ട് വിളിച്ചില്ല എന്നല്ല ചോദിച്ചത്. അതിനു മുന്‍പുള്ള ചര്‍ച്ചയുടെ കാര്യമാണ് ഉദ്ദേശിച്ചത്. അതു ചോദിച്ചപ്പോള്‍ നിങ്ങളുടെ ഗ്രൂപ്പിലുള്ള ഒരാള്‍ തന്നെ എന്നോട് പറഞ്ഞ ഉത്തരമാണ്, നിങ്ങളെ കൂട്ടണ്ട എന്ന് ഞങ്ങളില്‍ ചിലര്‍ താല്പര്യപ്പെട്ടു എന്നത്.അങ്ങനെ നിങ്ങളുടെ കൂട്ടത്തിലുള്ളവര്‍ തന്നെ പറഞ്ഞപ്പോള്‍, ശരി എന്നെ ഇഷ്ടമല്ലെങ്കില്‍ കൂട്ടണ്ട എന്ന് ഞാനും കരുതി. അതുകൊണ്ടാണ് ഡബ്ല്യുസിസിയിലേക്ക് വരാത്തതെന്നും. ഭാഗ്യലക്ഷ്മി പറഞ്ഞു.