യുട്യൂബിലും ഇന്റര്‍നെറ്റിലും നിന്നും ലഭിക്കുന്ന ചെറിയ അറിവുകള്‍ വെച്ച് ഒരു ഐഡിയയും ഇല്ലാത്ത ഡയറ്റ് പിന്തുടരും. പക്ഷെ പിന്നീട് ആരോഗ്യ പ്രശ്നങ്ങള്‍ വന്നു തുടങ്ങുമ്പോള്‍ ആണ് പണികിട്ടി എന്ന് മനസ്സിലാക്കുന്നത്. അത്തരത്തില്‍ ഒരാളുടെ അനുഭവം ആണ് വൈറലാകുന്നത്.
അമേരിക്കയിലെ ഫ്ളോറിഡയില്‍ താമസിക്കുന്ന 40 വയസുകാരന് ആണ് ഇത്തരത്തില്‍ അബദ്ധം പറ്റിയത്. ആരോഗ്യം മെച്ചപ്പെടുത്താനും,ശരീരഭാരം കുറയ്ക്കാനും എട്ടു മാസത്തോളം കൃത്യമായ ഭക്ഷണക്രമം തുടരുകയാണെന്നും ഇന്റര്‍നെറ്റിലെ ഡയറ്റ് പ്ലാനുകളാണ് താന്‍ ഫോളോ ചെയ്തതെന്നും അദ്ദേഹം പറയുന്നു. അതിന്റെ ഭാഗമായി കുറച്ചുനാളുകളായി ചീസ്, വെണ്ണ, ഹാംബര്‍ഗറുകള്‍ എന്നിവ അടങ്ങിയ ഭക്ഷണം മാത്രമാണ് അദ്ദേഹം കഴിച്ചത്.
ഒരു ദിവസം 6 മുതല്‍ 9 പൗണ്ട് വരെ ചീസും വെണ്ണയുമാണ് കഴിച്ചത്. ഇതിന്റെ ഫലമായി കൈപ്പത്തി, കൈമുട്ട് , പാദങ്ങള്‍ എന്നീ ശരീരഭാഗങ്ങളില്‍ കൊഴുപ്പ് പ്രകടമാകുന്ന അവസ്ഥയിലാണ് ഇപ്പോള്‍. ഇയാള്‍ ചികിത്സ തേടിയ ടാമ്പാ ജനറല്‍ ഹോസ്പിറ്റലിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റായ ഡോ. കോണ്‍സ്റ്റാന്റിനോസ് മര്മാഗിയോലിസിന്റെ അഭിപ്രായത്തില്‍ ഉയര്‍ന്ന കൊഴുപ്പും മാംസവും അടങ്ങിയ ഭക്ഷണം ഏതെല്ലാം ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ് വരുത്തുന്നത് എന്നതിന്റെ ഉത്തമഉദാഹരണമായാണ് ഇതിനെ കണക്കാക്കുന്നത്.
ഇയാളുടെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് ഇപ്പോള്‍ 1,000 mg/dl ആണ്.കൊളസ്ട്രോളിന്റെ അളവ് 240 mg/dL-ല്‍ കൂടുതലായാല്‍ ഹൃദ്രോഗം, സ്ട്രോക്ക്, മറ്റ് ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചര്‍മ്മത്തിനടിയില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന സാന്തെലാസ്മ (xanthelasma )എന്ന രോഗമാണ് ഇതെന്നാണ് കാര്‍ഡിയോളജിസ്റ്റുകള്‍ പറയുന്നത്. ഇത് സാധാരണയായി കണ്ണുകള്‍ക്ക് ചുറ്റുമാണ് കാണുന്നതെങ്കിലും പ്രത്യേക കേസുകളില്‍ ഇതുപോലെ ശരീരത്തിന്റെ ചില ഭാഗങ്ങളിലും ഇവ കാണപ്പെടാറുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു.
സമൂഹമാധ്യമങ്ങളില്‍ കാണുന്ന വിഡിയോസിന്റെ യാഥാര്‍ഥ്യം എന്താണെന്ന് മനസിലാക്കാതെ ഇങ്ങനെയുള്ള ഡയറ്റ് പ്ലാനുകള്‍ ഫോളോ ചെയ്യുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും,ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്റര്‍നെറ്റ് ട്രെന്‍ഡുകള്‍ അന്ധമായി പിന്തുടരരുതെന്നും എല്ലാവരുടെയും ശരീരം ഒരുപോലെ അല്ലാത്തതിനാല്‍ അവ എല്ലാവര്ക്കും പ്രയോജനം ചെയ്യില്ലെന്നും ഡോ. മര്മാഗിയോലിസ് പറയുന്നു.