പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോത്തുണ്ടി മാട്ടായിയില്‍ നിന്നാണ് ചെന്താമര പിടിയിലായത്. തെരച്ചില്‍ അവസാനിപ്പിച്ച് പോലീസ് തിരികെ പോകും വഴിയാണ് ചെന്താമര കുടുങ്ങിയത്. പോലീസ് പിന്വലിഞ്ഞെന്നുള്ള സൂചന ലഭിച്ചതോടെയാണ് ചെന്താമര പിടിയിലായതെന്ന് ആണ് വിവരം.
കൊലപാതകം നടന്ന് 36-ാം മണിക്കൂറിലാണ് ചെന്താമര പിടിയിലായിരിക്കുന്നത്. വീടിന്റെ അടുത്ത് നിന്നാണ് ചെന്താമരയെ പിടികൂടിയത് എന്ന് പാലക്കാട് എസ്പി അജിത്കുമാര്‍ പറഞ്ഞു. ചെന്താമര ക്ഷീണിതനായിരുന്നുവെന്നും വീട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റിലായതെന്നും എസ്പി പറഞ്ഞു. പോത്തുണ്ടി മലയില്‍ നിന്നും രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. ഒന്ന് മംഗലം ഡാമിലേക്കും മറ്റൊന്ന് ഇയാളുടെ വീടിന്റെ പിന്‍വശത്തേക്കുമുള്ളതായിരുന്നു. വീട്ടിലേക്കുള്ള വഴിയിലൂടെയാണ് ഇയാള്‍ നടന്നുവന്നത്. ഒളിച്ചിരുന്ന പോലീസുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു.
പോലീസ് തിരച്ചില്‍ അവസാനിപ്പിച്ച് പിന്മാറിയെന്ന പ്രതീതിയുണ്ടാക്കി ഒളിയിടത്തില്‍ നിന്ന് ചെന്താമരയെ പുറത്ത് ചാടിക്കുകയെന്ന ലക്ഷ്യം കൃത്യമായി ഫലം കാണുകയായിരുന്നു. ഇയാള്‍ കൂടുതല്‍ കൊലപാതകങ്ങള്‍ ചെയ്യാന്‍ പദ്ധതി ഇട്ടിരുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ആറു പേരെ കൊല്ലാന്‍ ആയിരുന്നു ഇയാള്‍ പദ്ധതിയിട്ടിരുന്നത് എന്നാണ് സൂചന.
ചെന്താമരയെ പിടികൂടിയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വന്‍ ജനക്കൂട്ടം നെന്മാറ പൊലീസ് സ്റ്റേഷന് മുന്നിലെത്തി. പ്രതിയെ കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു. പ്രതിഷേധം കനത്തതോടെ പൊലീസ് നാട്ടുകാര്‍ക്ക് നേരെ ലാത്തി വീശി. പൊലീസ് സ്റ്റേഷന്റെ ഗെയ്റ്റ് തള്ളിത്തുറന്നാണ് നാട്ടുകാര്‍ സ്റ്റേഷന് കോമ്പൗണ്ടിലേക്ക് കയറിയത്. രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ അടക്കം എത്തി നാട്ടുകാരെ തിരിച്ചയക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.