സാന്‍ഫ്രാന്‍സിസ്കോ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറക്കിയ എക്സിക്യുട്ടീവ് ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ ഗൂഗിള്‍ മാപ്പില്‍ മെക്സിക്കോ ഉള്‍ക്കടലിന്റെ പേര് അമേരിക്കന്‍ ഉള്‍ക്കടല്‍ എന്നാക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു. എന്നാല്‍, സര്‍ക്കാരിന്റെ ഔദ്യോഗിക രേഖയില്‍ പേര് മാറ്റുമ്പോള്‍ മാത്രമേ ഗൂഗിള്‍ മാപ്പിലും പേര് മാറ്റുവെന്ന് കമ്പനി അറിയിച്ചു.
അമേരിക്ക ഒഴികെയുള്ളിടങ്ങളിലെ ഗൂഗിള്‍ മാപ്പില്‍ ഉള്‍ക്കടലിന്റെ പേര് മെക്സിക്കോ എന്നുതന്നെയായിരിക്കും. പ്രസിഡന്റ് നിര്‍ദേശിച്ചതനുസരിച്ച് മെക്സിക്കോ ഉള്‍ക്കടല്‍ ഇനി മുതല്‍ അമേരിക്കന്‍ ഉള്‍ക്കടല്‍ എന്നാകും ഔദ്യോഗികമായി അറിയപ്പെടുകയെന്ന് അമേരിക്കന്‍ ആഭ്യന്തര വകുപ്പ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. വടക്കേ അമേരിക്കയിലെ ഏറ്റവുമുയര്‍ന്ന കൊടുമുടിയായ ഡെനാലിയുടെ പേര് ഇനിമേല്‍ മക്കിന്‍ലി എന്നാകുമെന്നും വകുപ്പ് അറിയിച്ചിരുന്നു.
എന്നാല്‍, ഭൂനാമങ്ങള് വ്യക്തമാക്കുന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ വിവരശേഖരത്തില്‍ (ജിയോഗ്രഫിക് നെയിംസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) പേരുമാറ്റം രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ മാത്രമേ ഗൂഗിള്‍ മാപ്പില്‍ പേര് മാറ്റുകയുള്ളു. അതേസമയം അമേരിക്കയുടെ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് (എ.പി.) അമേരിക്കന്‍ ഉള്‍ക്കടല്‍ എന്ന പേര് അംഗീകരിക്കുമെങ്കിലും 400 വര്‍ഷമായി ഉപയോഗിച്ചുവരുന്ന മെക്സിക്കന്‍ ഉള്‍ക്കടല്‍ എന്ന പേര് തന്നെ തുടര്‍ന്നും ഉപയോഗിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍, അമേരിക്കയിലെ ട്രംപിന്റെ അധികാരം അംഗീകരിച്ച് ഡെനാലിയെ ഇനിമേല്‍ മക്കിന്‍ലി കൊടുമുടിയെന്നു വിളിക്കുമെന്നും എ.പി. വ്യക്തമാക്കി.