അത്താഴത്തിന് ബീഫ് കഴിച്ച ശേഷം തുടങ്ങിയ ചുമയും ശ്വാസ തടസവും കാരണവും ആണ് 84കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയത്.
കടുത്ത ചുമയും ശ്വാസ തടസവും കാരണം ബുദ്ധിമുട്ടിലായ കോതമംഗലം സ്വദേശിനിയുടെ ശ്വാസകോശത്തിന് നിന്ന് നീക്കിയത് ഇറച്ചിയിലെ എല്ലായിരുന്നു. മൂന്ന് ദിവസം മുന്‍പ് അത്താഴത്തിന് ചോറും ബീഫ് കറിയും കഴിച്ചതിന് പിന്നാലെയാണ് 84കാരിക്ക് ശ്വാസ തടസം അനുഭവപ്പെട്ടത്.
നെഞ്ചിലെന്തോ തടഞ്ഞത് പോലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ട വയോധികയെ കുടുംബം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെ ഇഎന്‍ടി വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എക്സറേയിലും സിടി സ്കാനിലും തോന്നിയ സംശയത്തിന് പിന്നാലെ വയോധികയെ കൊച്ചി അമൃത ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. അമൃത ആശുപത്രിയിലെ ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ച വയോധികയുടെ ശ്വാസകോശത്തില്‍ നിന്ന് 2 സെന്റി മീറ്ററോളം നീളമുള്ള ബീഫിന്റെ എല്ലാണ് ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി മേധാവി ഡോ.ടിങ്കു ജോസഫ് നീക്കിയത്.
റിജിഡ് ബ്രോങ്കോസ്കോപിയിലൂടെയാണ് എല്ലിന്റെ കഷ്ണം നീക്കിയത്. ചികിത്സ പൂര്‍ത്തിയാക്കി 84കാരി ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടതായും ഡോ.ടിങ്കു ജോസഫ് വ്യക്തമാക്കി. ഇത്രയും പ്രായമായ വ്യക്തിയില്‍ ഇത്തരമൊരു മെഡിക്കല്‍ പ്രൊസീജ്യര്‍ ചെയ്യുന്നത് ആദ്യമായാണെന്നാണ് ഡോ.ടിങ്കു ജോസഫ് പ്രതികരിക്കുന്നത്. തക്ക സമയത്ത് ചികിത്സ നേടിയതാണ് വയോധികയുടെ ജീവന് രക്ഷിക്കാന്‍ സഹായകരമായതെന്നും ഡോ.ടിങ്കു ജോസഫ് പറയുന്നു.