ഉയര്‍ന്ന അളവില്‍ ക്ലോറേറ്റ് സാന്നിദ്ധ്യം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കൊക്കകോളയും സ്പ്രൈറ്റും മറ്റ് ഉത്പന്നങ്ങളും തിരിച്ചുവിളിച്ച് കമ്പനി. ആരോഗ്യപരമായ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് കമ്പനിയുടെ ഈ നടപടി. ബെല്‍ജിയം, നെതര്‍ലന്റ്സ്, ബ്രിട്ടന്, ജെര്‍മനി, ഫ്രാന്‍സ് ലക്സംബര്‍ഗ് എന്നീ രാജ്യങ്ങളില്‍ നവംബര്‍ മുതല്‍ വിതരണം ചെയ്ത കാനുകളിലും ഗ്ലാസ് ബോട്ടിലുകളിലുമാണ് ഉയര്‍ന്ന അളവില്‍ ക്ലോറേറ്റ് കണ്ടെത്തിയത്.
തിരിച്ചിവിളിച്ച ഉത്പന്നങ്ങളുടെ അളവ് എത്രയെന്ന കാര്യത്തില്‍ വ്യക്തമായ കണക്കുകളില്ലെന്നും എന്നാല്‍ വലിയ അളവ് തന്നെ ഉണ്ടാവുമെന്നും കമ്പനി വാര്‍ത്താ ഏജന്‍സിയോട് വിശദീകരിച്ചു. വെള്ളം ശുദ്ധീകരിക്കാനും ഭക്ഷ്യ വസ്തുക്കള്‍ സംസ്കരിക്കുന്നതിനും വ്യാപകമായി ഉപയോഗിക്കുന്ന ക്ലോറിനില്‍ നിന്നാണ് ക്ലോറേറ്റ് സംയുക്തങ്ങള്‍ ഭക്ഷ്യവസ്തുക്കളില്‍ എത്തുന്നത്. ക്ലോറേറ്റ് ദീര്‍ഘകാലം ശരീരത്തില്‍ എത്തുന്നത് കുട്ടികളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുമെന്ന് യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റി അഭിപ്രായപ്പെട്ടിട്ടുണ്ട്. ശരീരത്തില്‍ അയഡിന്‍ കുറവുള്ള ആളുകളിലാണ് ക്ലോറേറ്റ് പ്രധാനമായും ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നാണ് ശാസ്ത്ര ലോകം വിലയിരുത്തിയിട്ടുള്ളത്.
328GE മുതല്‍ 338GE വരെയുള്ള ബാച്ചുകളാണ് പിന്‍വലിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കേണ്ടി വന്നതില്‍ ഖേദം പ്രകടിപ്പിച്ച കമ്പനി. തങ്ങളുടെ ഉത്പാദന പ്ലാന്റില്‍ നടത്തിവരുന്ന പതിവ് പരിശോധനകളിലാണ് അമിത ക്ലോറേറ്റ് സാന്നിദ്ധ്യം കണ്ടെത്തിയത് എന്നും കമ്പനി വിശദീകരിക്കുന്നു.