ലിവർപൂളിലെ മലയാളി ബിഷപ്പ് റൈറ്റ് റവറൻ്റ് ഡോക്ടർ ജോൺ പെരുമ്പളത്തിനെതിരെ വളരെ ഗുരുതരമായ ആരോപണമാണ് പ്രമുഖ ഇംഗ്ലീഷ് മാധ്യമം ചാനൽ 4 ന്യൂസ് ഉന്നയിച്ചിട്ടുള്ളത്. ബിഷപ്പായിരിക്കെ ഒരു വനിതാ ബിഷപ്പ് അടക്കം രണ്ടുസ്ത്രീകളെ ബിഷപ്പ് പെരുമ്പളത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ചാനൽ പ്രോഗ്രാമിലൂടെ പുറത്തുവന്ന ആരോപണം.
എന്നാൽ ചാനൽ 4 ന്യൂസിൻ്റെ അന്വേഷണത്തിൽ പറഞ്ഞ ലൈംഗികാതിക്രമ ആരോപണങ്ങൾ ലിവർപൂൾ ബിഷപ്പ് നിഷേധിച്ചു. ഇത് പഴയ കാര്യമാണെന്നും സഭയ്ക്കുള്ളിലും പുറത്തും തനിക്കെതിരെ വിരോധമുള്ളവർ ഉയർത്തുന്നതാണെന്നും പെരുമ്പളത്ത് പറഞ്ഞു.
കേരളത്തിലെ സീറോ മലബാർ സുറിയാനി സഭയിൽ ഉയർന്ന ആരോപണം, ബിഷപ്പ് ഫ്രാങ്കോ മുളക്കൽ പലതവണ ബലാത്സംഗം ചെയ്തുവെന്ന കന്യാസ്ത്രീയുടെ വിവാദ വെളിപ്പെടുത്തലിനുശേഷം ലൈംഗിക പീഡന ആരോപണം നേരിടുന്ന രണ്ടാമത്തെ മലയാളി ബിഷപ്പാണ് ആംഗ്ലിക്കൻ സഭയിലെ ലിവർപൂൾ ബിഷപ്പ് ജോൺ പെരുമ്പളത്ത്.
ആംഗ്ലിക്കൻ സഭയിലെ ബിഷപ്പായ റൈറ്റ് റവറൻ്റ് ഡോക്ടർ ജോൺ പെരുമ്പളത്ത് രണ്ട് സ്ത്രീകളെ ലൈംഗികമായി പീഢിപ്പിച്ചുവെന്ന് ചാനൽ 4 ന്യൂസ് ഇൻവെസ്റ്റിഗേറ്റീവ് പ്രോഗ്രാമിൽ വെളിപ്പെടുത്തി.
2019 നും 2023 നും ഇടയിൽ പെരുമ്പളത്ത് ബ്രാഡ്വെൽ ബിഷപ്പായിരുന്നപ്പോൾ എസ്സെക്സിലെ ചെംസ്ഫോർഡ് രൂപതയിലെ വീട്ടമ്മയായ ഒരു സ്ത്രീ, വ്യത്യസ്ത അവസരങ്ങളിൽ ബിഷപ്പ് പെരുമ്പളത്ത് ലൈംഗിക പീഢനത്തിന് ഇരയാക്കിയെന്ന് പ്രോഗ്രാമിൽ വെളിപ്പെടുത്തുന്നു.
ചർച്ച് ഓഫ് ഇംഗ്ലണ്ട് സഭയിലെ ഒരു വനിതാ ബിഷപ്പും ബിഷപ്പ് പെരുമ്പളത്തിനെതിരെ വെളിപ്പെടുത്തൽ നടത്തി. ബിഷപ്പ് പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നും മാരകമായ തെറ്റുകൾ ചെയ്യാൻ പ്രേരിപ്പിച്ചുവെന്നും വനിതാ ബിഷപ്പ് ചാനൽ 4 ന്യൂസിനോട് പറഞ്ഞു.
എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായി നിഷേധിക്കുന്നുവെന്ന് ബിഷപ്പ് ജോൺ പ്രസ്താവനയിൽ പറഞ്ഞു. ഇതെല്ലം പഴയ ആരോപണങ്ങളാണ്. സഭയ്ക്കുള്ളിൽ പ്രശ്നങ്ങളും വ്യക്തിവൈരാഗ്യങ്ങളുമാണ് കാരണം. ഇതിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. പോലീസ് അവ പരിശോധിച്ചെങ്കിലും സത്യമല്ലെന്ന് കണ്ടെത്തിയതിനാൽ തുടർനടപടികൾ എടുത്തിട്ടില്ലെന്നും പെരുമ്പളത്ത് വ്യക്തമാക്കി.
2023-ൽ ലിവർപൂളിലെ ബിഷപ്പായി സ്ഥാനമേറ്റ ബിഷപ്പ് ജോണിനെ കഴിഞ്ഞവർഷം മാർച്ചിൽ പോലീസ് അനുമതിയോടെ ഇന്റർവ്യൂ നടത്തിയതായി ചാനൽ 4 ന്യൂസ് പറഞ്ഞു.
വയനാട്ടിലെ മാനന്തവാടി സ്വദേശിയാണ് ബിഷപ്പ് ജോൺ പെരുമ്പളത്ത്. കേരളത്തിലും നോർത്ത് ഇന്ത്യയിലും ദീർഘനാൾ പ്രവർത്തിച്ചശേഷമാണ് യുകെയിൽ എത്തുന്നത്.
ബിഷപ്പ് ജോൺ 1994 ൽ ചർച്ച് ഓഫ് നോർത്ത് ഇന്ത്യയിലാണ് ആദ്യം അഭിഷിക്തനായത്. 2001-ൽ യുകെയിലേക്ക് എത്തിയ അദ്ദേഹം അദ്ദേഹം ആദ്യം റോച്ചസ്റ്റർ രൂപതയിൽ സ്ഥാനമേറ്റെടുത്തു.
"എനിക്കെതിരെ രണ്ട് പരാതിക്കാരും ഉന്നയിച്ച ആരോപണങ്ങൾ ഞാൻ നിരന്തരം നിഷേധിച്ചുവരുന്നതാണ്. നാഷണൽ സേഫ്ഗാർഡിംഗ് ടീമിൽ നിന്നുള്ള ഏത് അന്വേഷണവും ഞാൻ പാലിച്ചിട്ടുണ്ട്.” ബിഷപ്പ് ജോൺ പറഞ്ഞു:
"ഈ പ്രോഗ്രാമിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങൾ പൊതുവേദികളിൽ നടന്ന തർക്കങ്ങളുമായി ബന്ധപ്പെട്ടതാണ്. "എസ്സെക്സിൽ ഉയർന്ന ആരോപണങ്ങളും പോലീസ് അന്വേഷിച്ചു. വ്യാജമെന്ന് തെളിഞ്ഞതിനാൽ എനിക്കെതിരെ തുടർനടപടികൾ സ്വീകരിച്ചില്ല.
"എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ലെങ്കിലും, ഇതിലൂടെ പഠിച്ച പാഠങ്ങൾ ഞാൻ ഗൗരവമായി എടുത്തിട്ടുണ്ട്, എൻ്റെ പ്രവൃത്തികൾ മറ്റുള്ളവർക്ക് എങ്ങനെ മനസ്സിലാക്കാം.
"സർക്കാരിനും പോലീസിനും ആവശ്യമെന്ന് തോന്നുന്ന ഏത് അന്വേഷണവും നടപടികളും ഞാൻ അനുസരിക്കും.” ബിഷപ്പ് മാധ്യപ്രവർത്തകരെ അറിയിച്ചു.
അതേസമയം 2023 ൻ്റെ തുടക്കത്തിൽ ബിഷപ്പിനെതിരെ ഉന്നയിക്കപ്പെട്ട തെറ്റായ പെരുമാറ്റവും ലൈംഗിക പീഡനങ്ങളും ആരോപിക്കപ്പെടുന്ന പരാതികൾ അന്വേഷിച്ചതായി ചർച്ച് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു.
"പരാതി പോലീസും അന്വേഷിച്ചു, എന്നാൽ പോലീസും തുടർ നടപടികളൊന്നും എടുത്തിട്ടില്ല.” പ്രസ്താവന തുടരുന്നു.
"ഈ പ്രക്രിയ ആരംഭിച്ചതിന് തൊട്ടുപിന്നാലെ മറ്റൊരു സ്ത്രീ മറ്റൊരു വെളിപ്പെടുത്തൽ നടത്തി. രണ്ടാമത്തെ പരാതിക്കാരി ഉന്നയിച്ച വിവരങ്ങൾ അന്വേഷിക്കുകയും സഭാ നിയമലംഘനത്തിന്റെ കാര്യമല്ലെന്നും എന്നാൽ തെറ്റായ പെരുമാറ്റത്തിൻ്റെ കാര്യമാണെന്നും സഭ വിലയിരുത്തി.”
"രണ്ടാമത്തെ പരാതിക്കാരിയും ബിഷപ്പായതിനാൽ, അവർക്ക് കേസിൽ ഉടനീളം അജപാലന പിന്തുണ നൽകിയിട്ടുണ്ട്, അത് ഇപ്പോഴും തുടരുകയാണ്." ആംഗ്ലിക്കൻ സഭാ വക്താവ് വ്യക്തമാക്കി.
ചർച്ച് ഓഫ് ഇംഗ്ലണ്ട് അഥവാ ആംഗ്ലിക്കൻ സഭാ തലവൻ കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിപോലും, ഒരു സഭാ അധ്യാപകന്റെ ലൈംഗിക കുറ്റകൃത്യങ്ങളെ പിന്തുണച്ചതിന്റെ പേരിൽ രാജിവച്ച് മാറിനിൽക്കുന്ന സന്ദർഭമാണ് നിലവിലേത്. ആംഗ്ലിക്കൻ സഭയ്ക്കുള്ളിൽ കടുത്ത പൊട്ടിത്തെറിയും ഉയരുന്ന ലൈംഗിക ആരോപണങ്ങളും നിരവധിയാണ്.