ലഖ്നൗ: മഹാ കുംഭമേളയില്‍ തിക്കിലും തിരക്കിലും 30 പേര് മരിച്ചതായി യുപി സര്‍ക്കാര്‍. സംഭവത്തില്‍ 60പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍. മരിച്ചവരില്‍ 25 പേരെ തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി. മൗനി അമാവാസി ദിനത്തിലെ സ്നാനത്തിനായി വന്‍ ജനാവലി എത്തിയതോടെ ബാരിക്കേഡുകള്‍ തകര്‍ന്നതാണ് ദുരന്ത കാരണം. പുലര്‍ച്ചെ ഒരു മണിയോടെയുണ്ടായ ദുരന്തത്തില്‍ മരണ വിവരങ്ങള്‍ പുറത്തുവിടാത്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷം രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.
അപകടത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ മൂന്നംഗ അന്വേഷണ സമിതിക്ക് ആണ് രൂപം നല്‍കിയത്. വിരമിച്ച ജഡ്ജി ഹര്‍ഷ് കുമാര്‍ നേതൃത്വം നല്കുന്ന മൂന്നംഗ അന്വേഷണ സമിതിയില്‍ മുന്‍ ഡിജിപി വി കെ ഗുപ്ത, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന് ഡി കെ സിംഗ് എന്നിവരും ഉള്‍പ്പെടുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും ആദിത്യനാഥ് പ്രഖ്യാപിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. വിഐപികള്‍ക്ക് അപകട ദിവസം പ്രവേശനം നല്‍കിയിരുന്നില്ലെന്നും യുപി സര്‍ക്കാര്‍ വ്യക്തമാക്കി.
മുഴുവന്‍ സംഭവത്തിലും പ്രത്യേക പൊലീസ് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരമൊരു ദുരന്തം എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം പ്രധാനമാണ്. ദാരുണമായ സംഭവത്തെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണത്തിനായി ചീഫ് സെക്രട്ടറിയും ഡിജിപിയും വ്യാഴാഴ്ച മഹാ കുംഭമേള സന്ദര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.