നൂറ്റാണ്ടുകളായി ബ്രിട്ടീഷുകാരുടെ ഇഷ്ട പാനീയമാണ് കൊക്കകോള. ബ്രിട്ടീഷുകാരുടെ മാത്രമല്ല, ലോകമെങ്ങും അതുതന്നെയാണ് സ്ഥിതി. സോഫ്റ്റ് ഡ്രിങ്ക് വിപണിയിൽ കൊക്കകോളയെ വെല്ലാൻ മറ്റൊരു ബ്രാൻഡില്ല. എന്നാൽ ഇതാദ്യമായി യുകെ വിപണിയിൽ നിന്നും ചില കോള ബ്രാൻഡുകൾ അടിയന്തരമായി കൊക്കകോള പിൻവലിച്ചു. യുകെ മാർക്കറ്റിൽ നിന്നും പിൻവലിച്ച ചില കോള ബ്രാൻഡുകൾ പലതും ഇതിനകം വിറ്റഴിഞ്ഞുവെന്നത് ആശങ്കയുണർത്തുന്നു. മറ്റുചില യൂറോപ്യൻ രാജ്യങ്ങളിലേക്കും കയറ്റിയയച്ച ഉത്പന്ന ബ്രാൻഡുകളും പിൻവലിച്ചിട്ടുണ്ട്. ചില കോള ബ്രാൻഡുകളിൽ ക്ലോറേറ്റ് എന്ന രാസവസ്തുവിൻ്റെ ഉയർന്ന അളവ് തിരിച്ചറിഞ്ഞതായി കമ്പനിയുടെ ബോട്ടിലിംഗ് പാർട്ണർ വെളിപ്പെടുത്തിയ ശേഷമാണ് യുകെയിൽ കൊക്കകോള ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണി തിരിച്ചുവിളിച്ചത്. യുകെയിലെ കഫേകളിലേക്കും റസ്റ്റോറൻ്റുകളിലേക്കും അയച്ച കൊക്കകോള ഒറിജിനൽ ടേസ്റ്റ്, കൊക്കകോള സീറോ ഷുഗർ, ഡയറ്റ് കോക്ക്, സ്പ്രൈറ്റ് സീറോ എന്നിവയുടെ ക്യാനുകളും യുകെ സൂപ്പർമാർക്കറ്റുകളിലേക്ക് അയച്ച 6x250ml Appletiser മൾട്ടിപാക്കുകളുമാണ് പിൻവലിച്ചിട്ടുള്ളത്. തിങ്കളാഴ്ച യൂറോപ്പിലുടനീളം കൊക്കകോള ഉൽപ്പന്നങ്ങൾ വലിയ തോതിൽ തിരിച്ചുവിളിച്ചതിനെ പിൻതുടർന്നാണ് പ്രഖ്യാപനം . ബാധിച്ച ക്യാനുകളിൽ 328 GE മുതൽ 338 GE വരെയുള്ള പ്രൊഡക്ഷൻ കോഡുകൾ കാനുകളുടെ അടിയിൽ നൽികിയിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ നിരോധനം സ്റ്റാൻഡേർഡ് ക്യാനുകൾ ഉൾപ്പെടെയുള്ള ഭൂരിഭാഗം കൊക്കകോള ഉൽപ്പന്നങ്ങളെയും യുകെയിൽ വിൽക്കുന്ന എല്ലാ ഗ്ലാസ്, പ്ലാസ്റ്റിക് കുപ്പികളെയും ബാധിക്കില്ലെന്ന് കമ്പനി അറിയിച്ചു. തിങ്കളാഴ്ച ബെൽജിയം, ലക്സംബർഗ്, നെതർലാൻഡ്സ് എന്നിവിടങ്ങളിലെ അലമാരയിൽ നിന്ന് കൊക്കകോള ഉൽപ്പന്നങ്ങൾ പിൻവലിച്ചതിന് പിന്നാലെയാണ് യുകെയിൽ നിന്നുമുള്ള പിൻവലിക്കൽ. ബെൽജിയത്തിലെ ഗെൻ്റിലുള്ള കമ്പനിയുടെ ഉൽപ്പാദന കേന്ദ്രത്തിൽ പതിവ് പരിശോധനയ്ക്കിടെയാണ് ഉയർന്ന അളവിലുള്ള ക്ലോറേറ്റ് കണ്ടെത്തിയതെന്ന് പേര് വെളിപ്പെടുത്താത്ത കമ്പനി വക്താവ് വ്യക്തമാക്കി. ആ സമയത്ത് അഞ്ച് ഉൽപ്പന്ന ലൈനുകൾ മാത്രമാണ് ബ്രിട്ടനിലേക്ക് കയറ്റി അയച്ചതെന്നും അവ ഇതിനകം വിറ്റുപോയെന്നും കൊക്കകോള പറഞ്ഞു. ഇതേക്കുറിച്ച് അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് എന്നും കമ്പനി അറിയിപ്പിൽ പറയുന്നു. അതേസമയം ഇതുമൂലം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് കമ്പനിയുടെ ബോട്ടിലിംഗ് പങ്കാളിയായ കൊക്കകോള യൂറോപാസിഫിക് പാർട്ണേഴ്സ് പറഞ്ഞു. കുറഞ്ഞ അളവിൽ മാത്രമാണ് ക്ളോറേറ്റ് കൂടിയിട്ടുള്ളത്. ഇത് ഭൂരിഭാഗം പേരിലും യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കില്ല. എന്നാൽ ചില വ്യക്തികളിൽ ഉയർന്ന അളവിൽ ക്ലോറേറ്റ് കഴിക്കുന്നത് തൈറോയ്ഡ് പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും, പ്രത്യേകിച്ച് കുട്ടികളിലും ശിശുക്കളിലും. ഓക്കാനം, ഛർദ്ദി, വയറിളക്കം, ഓക്സിജൻ ആഗിരണം ചെയ്യാനുള്ള രക്തത്തിൻ്റെ കഴിവ് പരിമിതപ്പെടുത്തൽ എന്നിവയുമാണ് അമിതമായി എടുക്കുമ്പോൾ ക്ലോറേറ്റ് മനുഷ്യരിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ. സാറ്റലൈറ്റ് സ്മാർട്ട്ഫോൺ വീഡിയോ കോൾ യുകെയിലെ ആദ്യത്തെ സാറ്റലൈറ്റ് വഴിയുള്ള സ്മാർട്ട്ഫോൺ വീഡിയോ കോൾ പ്രവർത്തനക്ഷമമാക്കിയെന്ന് വോഡഫോൺ അറിയിച്ചു. പടിഞ്ഞാറൻ വെയിൽസിലെ സെറിഡിജിയോണിലെ ഒരു മലയിൽ നിന്നുമാണ് ഫോൺ വഴിയുള്ള ആദ്യ സാറ്റലൈറ്റ് വിഡിയോ കോൾ നടത്തിയത്.വർഷാവസാനത്തോടെ യുകെ ഫോൺ നെറ്റ്വർക്കിലേക്കും ഈ സംവിധാനം ചേർക്കാൻ കഴിയുമെന്നുമാണ് കമ്പനിയുടെ പ്രതീക്ഷ. 2026 ൽ യൂറോപ്പിലുടനീളം സാറ്റലൈറ്റ് കണക്റ്റിവിറ്റി ചേർക്കുന്ന പ്രക്രിയയുടെ ഭാഗമാണ് ഇപ്പോഴത്തെ നടപടിയെന്നും കമ്പനി പറയുന്നു. എങ്ങനെ പ്രവർത്തിക്കുന്നു? കവറേജ് ഇല്ലാത്തപ്പോൾ പൂർണ്ണ ഇൻ്റർനെറ്റ് ആക്സസ് ഉപയോഗിച്ച് സ്മാർട്ട് ഫോണുകളെ സാധാരണ പോലെ പ്രവർത്തിക്കാൻ സാറ്റലൈറ്റ് കണക്റ്റിവിറ്റി പ്രാപ്തമാക്കുന്നു. പല ഐഫോണുകളിലും ആൻഡ്രോയിഡ് ഉപകരണങ്ങളിലും ഇതിനകം തന്നെ എമർജൻസി സാറ്റലൈറ്റ് കണക്റ്റിവിറ്റി ഉണ്ട്, എന്നാൽ ഇത് നിലവിൽ ടെക്സ്റ്റ് മെസേജ് മാത്രം അയക്കാൻ കഴിയുന്നതാണ്. വെസ്റ്റ് വെയിൽസിലെ ഒരു കമ്പനി എഞ്ചിനീയറും മിസ് ഡെല്ല വാലെയും തമ്മിലുള്ള വീഡിയോ കോളിലൂടെ ഈ സംവിധാനം നടപ്പിലാക്കുന്നതിൽ കൂടുതൽ മുന്നോട്ട് പോയതായി വോഡഫോൺ അവകാശപ്പെടുന്നു. എന്നാൽ നിലവിലുള്ള മാസ്റ്റുകളും ടവറുകളും മാറ്റിസ്ഥാപിക്കില്ലെന്ന് കമ്പനി പറഞ്ഞു. പകരം ഒരു അധിക കവറേജ് നൽകുന്നു. ഇതിനായി ഫോൺ ഉപയോക്താക്കൾക്ക് അധിക ഉപകരണങ്ങളൊന്നും ആവശ്യമില്ല എന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത. അതിനാൽ അധികച്ചിലവ് പ്രതീക്ഷിക്കുന്നുമില്ല.