ഒടുവിൽ ലിവർപൂളിലെ മലയാളി ബിഷപ്പ് ജോൺ പെരുമ്പളത്ത് രാജിവച്ചു. ലൈംഗിക പീഢന അപവാദത്തെ തുടർന്ന് ആംഗ്ലിക്കൻ സഭയ്ക്കുള്ളിലെ എതിർപ്പ് ശക്തമായതിനെ തുടർന്നാണ് പിടിച്ചുനിൽക്കാൻ കഴിയാതെയുള്ള ബിഷപ്പിന്റെ രാജി. ബ്രിട്ടനിലെ പ്രമുഖ വാർത്താമാധ്യമ ചാനൽ 4 ന്യൂസിൻ്റെ അന്വേഷണ പ്രോഗ്രാമിൽ രണ്ട് സ്ത്രീകൾ ഉന്നയിച്ച പീഢന ആരോപണങ്ങളാണ് വയനാട്ടിലെ മാനന്തവാടി സ്വദേശിയായ റൈറ്റ് റവറൻ്റ് ഡോ. ജോൺ പെരുമ്പളത്തിനെ വീഴ്ത്തിയത്. അതേസമയം തെറ്റ് ചെയ്തിട്ടോ കുറ്റത്തിന്റെ ബാധ്യത ഏറ്റെടുത്തോ അല്ല രാജിയെന്ന് ബിഷപ്പ് പെരുമ്പളത്ത് വിശദീകരിച്ചു. ആംഗ്ലിക്കൻ സഭയിലെ ഒരു വനിതാ ബിഷപ്പടക്കം രണ്ടു സ്ത്രീകൾ ചാനൽ പ്രോഗ്രാമിൽ ബിഷപ്പ് ലൈംഗികമായി പീഢിപ്പിച്ചുവെന്ന് വെളിപ്പെടുത്തിയിരുന്നു. 2019-നും 2023-നും ഇടയിൽ ബ്രാഡ്‌വെൽ ബിഷപ്പായിരുന്നപ്പോഴും എസെക്‌സിലെ ചെംസ്‌ഫോർഡിൽ ബിഷപ്പായിരുന്നപ്പോഴും ബിഷപ്പ് പെരുമ്പളത്ത് പീഡിപ്പിച്ചതായി എസ്സെക്‌സിലെ വീട്ടമ്മയായ സ്ത്രീയാണ് പരാതിപ്പെട്ടത്. വിശ്വാസ സംബന്ധമായ കാര്യങ്ങൾക്കായി ബിഷപ്പിനെ സ്വകാര്യമായി കാണുന്നവേളയിൽ, സമ്മതമില്ലാതെ ബലമായി ചുംബിച്ചെന്നും കെട്ടിപ്പിടിച്ച് ശരീരമാകെ തപ്പിത്തടവിയെന്നും ചാനൽ പ്രോഗ്രാമിൽ വീട്ടമ്മ വെളിപ്പെടുത്തിയിരുന്നു. രണ്ടുതവണ നിർബന്ധിത ലൈംഗിക വേഴ്‌ചയ്‌ക്കും വിധേയയാക്കി. ചർച്ച് ഓഫ് ഇംഗ്ലണ്ട് സഭയിലെ ഒരു വനിതാ ബിഷപ്പും ചാനൽ 4 ന്യൂസിൽ, ബിഷപ്പ് ജോണ് പെരുമ്പളത്ത് പീഡിപ്പിച്ചതായി തുറന്നുപറഞ്ഞു. അതോടെ ബിഷപ്പിനെതിരെ ശക്തമായ പ്രതിഷേധം സഭയിൽ നിന്നുതന്നെ ഉയർന്നിരുന്നു. എന്നാൽ അതെല്ലാം പഴയകാര്യങ്ങൾ ആണെന്നും പോലീസ് അന്വേഷണം നടത്തിയിട്ടും നടപടിയെടുക്കാതെ ഉപേക്ഷിച്ച കേസുകളാണെന്നും വാദമുയർത്തി പിടിച്ചുനിൽക്കാനായിരുന്നു ബിഷപ്പിന്റെ ശ്രമം. സഭയിലേയും പൊതുസമൂഹത്തിലേയും ചില ശത്രുക്കളും എതിരാളികളുമാണ് ആരോപണത്തിനു പിന്നിലെന്നായിരുന്നു ബിഷപ്പിന്റെ വാദം. ഒരു അന്യദേശക്കാരൻ ആയതിനാൽ, വെള്ളക്കാർക്കിടയിലെ വംശീയ വിദ്വേഷവും തനിക്കെതിരായ ആരോപണങ്ങളിലുണ്ടെന്ന തന്ത്രവും ബിഷപ്പ് പയറ്റി. ഈ കേസുകളിൽ കൂടുതൽ നടപടികളൊന്നും ആവശ്യമില്ലെന്ന് പോലീസ് തീരുമാനിച്ചിരുന്നു. അതുപോലെ ചർച്ച് ഓഫ് ഇംഗ്ലണ്ട് അന്വേഷണത്തിൽ ഈ കേസിന് വ്യക്തമായ തെളിവുകൾ ഇല്ലെന്നും കണ്ടെത്തി. ഇതായിരുന്നു ബിഷപ്പിന്റെ ന്യായവാദങ്ങൾ. പരിപാടി സംപ്രേഷണം ചെയ്തതിനുശേഷം ബിഷപ്പ് മാറിനിൽക്കണമെന്ന വ്യാപകമായ പ്രതിഷേധങ്ങൾ സഭയ്ക്കുള്ളിലും പുറത്തുനിന്നും ഉയർന്നിരുന്നു. എങ്ങനേയും പിടിച്ചുനിൽക്കാനുള്ള അദ്ദേഹത്തിൻ്റെ നിലപാടിനെ സഭാ നേതാക്കൾ അനുവദനീയമല്ലെന്നും ഓർമ്മിപ്പിച്ചു. ഈ പ്രശ്‌നത്തിൽ മാറിനിൽക്കുകയും കൂടുതൽ അവലോകനങ്ങൾക്കായി കാത്തിരിക്കുകയും ചെയ്യുന്നത് രൂപതയെ സംബന്ധിച്ചിടത്തോളം "അനിശ്ചിതത്വത്തിൻ്റെ ഒരു നീണ്ട കാലയളവ്" കൊണ്ടുവരുമെന്ന വാദമാണ് ബിഷപ്പ് പെരുമ്പളത്ത് നടത്തിയത്. അതുപോലെ അദ്ദേഹത്തിൻ്റെ റോൾ ഔപചാരികമായി അവസാനിക്കുന്ന കൃത്യമായ തീയതി, രാജി പ്രഖ്യാപനത്തിനുശേഷവും സഭ ഇതുവരെ നിശ്ചയിച്ചിട്ടില്ല. “എങ്കിലും ഞാൻ സ്വമേധയാ ഇന്നുമുതൽ എൻ്റെ ശുശ്രൂഷയിൽ നിന്ന് പിന്മാറുന്നു.” രാജിക്കത്തിൽ ബിഷപ്പ് എഴുതി. ബിഷപ്പ് മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ട് യോർക്ക് ആർച്ച് ബിഷപ്പിന് കത്തെഴുതിയതായി ഒരുകൂട്ടം സഭാ നേതാക്കൾ അറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ രാജി. ലിവർപൂൾ ഡീൻ സ്യൂ ജോൺസ്, പീറ്റ് സ്പിയേഴ്സ്, നോസ്ലി ആൻഡ് സെഫ്റ്റണിലെ ആർച്ച്ഡീക്കൻ, ലിവർപൂളിലെ ആർച്ച്ഡീക്കൻ മിറാൻഡ ത്രെൽഫാൾ-ഹോംസ് എന്നിവരുൾപ്പെടെയുള്ള വൈദികർ കത്തിൽ ഒപ്പുവച്ചു. ആരോപണങ്ങൾ പൂർണ്ണമായും ശരിയായും അന്വേഷിക്കണമെന്നും ചർച്ച് ഓഫ് ഇംഗ്ലണ്ടിൻ്റെ സ്വന്തം അന്വേഷണങ്ങൾ പരാജയപ്പെട്ടുവെന്നും സഭയിലെ ഇതര ബിഷപ്പുമാരും പ്രതികരിച്ചു.. "വൈദികരുടെയും സഭകളുടെയും രൂപതാ ഓഫീസുകളിലെയും കത്തീഡ്രലിലെയും ജീവനക്കാരുടെ വാക്കുകൾ ശ്രദ്ധിച്ചതിനാൽ, ലിവർപൂൾ രൂപതയുടെ മുതിർന്ന നേതൃത്വത്തിന് റിട്ട. റവ. ഡോ. ജോൺ പെരുമ്പളത്തിൻ്റെ സ്ഥാനം നിലവിൽ അസാധ്യമാണെന്ന് തോന്നുന്നു." ബിഷപ്പിന്റെ രാജി ആവശ്യപ്പെട്ടുള്ള നിവേദനത്തിൽ അവർ എഴുതി. അതേസമയം ധൃതിപിടിച്ച തീരുമാനവും മാധ്യമങ്ങളുടെ വിചാരണയും ഉണ്ടായിട്ടുണ്ടെന്ന് ബിഷപ്പ് ജോൺ പറഞ്ഞു, അതിനാൽ "എൻ്റെ സ്വന്തം ക്ഷേമത്തിനും കുടുംബത്തിനും രൂപതയുടെ മികച്ച താൽപ്പര്യങ്ങൾക്കും വേണ്ടി സജീവ ശുശ്രൂഷയിൽ നിന്ന് വിരമിക്കാനുള്ള തീരുമാനമെടുത്തതായി” ബിഷപ്പ് രാജിക്കത്തിൽ പറയുന്നു. വയനാട്ടിലെ മാനന്തവാടി സ്വദേശിയാണ് ബിഷപ്പ് ജോൺ പെരുമ്പളത്ത്. കേരളത്തിലും നോർത്ത് ഇന്ത്യയിലും ദീർഘനാൾ പ്രവർത്തിച്ചശേഷമാണ് യുകെയിൽ എത്തുന്നത്. എന്നാൽ യുകെയിൽ എത്തിയശേഷമുള്ള അദ്ദേഹത്തിന്റെ വളർച്ച മിന്നൽ വേഗത്തിലായിരുന്നു. ബിഷപ്പ് ജോൺ 1994 ൽ ചർച്ച് ഓഫ് നോർത്ത് ഇന്ത്യയിലാണ് ആദ്യം അഭിഷിക്തനായത്. 2001-ൽ യുകെയിലേക്ക് എത്തിയ അദ്ദേഹം ആദ്യം റോച്ചസ്റ്റർ രൂപതയിൽ സ്ഥാനമേറ്റെടുത്തു. 2023-ലാണ് ലിവർപൂളിലെ ബിഷപ്പായി സ്ഥാനാരോഹിതനായത്. ലൈംഗിക അപവാദങ്ങൾകൊണ്ട് ആകെത്തകർന്ന അവസ്ഥയിലാണ് ചർച്ച് ഓഫ് ഇംഗ്ലണ്ട് അഥവാ ആംഗ്ലിക്കൻ സഭയിപ്പോൾ. ഏതാനും മാസങ്ങൾക്കുമുമ്പ് മാത്രമാണ് സഭാതലവനും കാന്റർബറി ആർച്ച് ബിഷപ്പുമായ ജസ്റ്റിൻ വെൽബി രാജിവച്ചത്. സഭയിലെ വേദപഠന സുവിശേഷകനായ ഒരുവ്യക്തി നിരവധി കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അറിയാമായിരുന്നിട്ടും അക്കാര്യം പോലീസിനെ അറിയിക്കുകയോ അയാൾക്കെതിരെ നടപടികൾ എടുക്കുകയോ ചെയ്തില്ലെന്നതാണ് ജസ്റ്റിൻ വെൽബിക്കെതിരെ ഉയർന്ന ആരോപണം. സഭാതലവന്റെ രാജിക്കുശേഷം നിരവധി പൊട്ടിത്തെറികളും ആരോപണ പ്രത്യാരോപണങ്ങളും നടന്നുവരികയാണ് ആംഗ്ലിക്കൻ സഭയിലെ ബിഷപ്പുമാർ തമ്മിലും വിശ്വാസ സമൂഹവുമായും. അതിന്റെ ഏറ്റവും പുതിയ സംഭവവികാസങ്ങളാണ് ഇപ്പോൾ ലിവർപൂൾ ബിഷപ്പിന്റെ രാജിയിലേക്കുവരെ നയിച്ചത്.
കേരളത്തിലെ സീറോ മലബാർ സിറിയൻ സഭയിലെ നോർത്ത് ഇന്ത്യൻ പ്രവാസിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ, മലയാളി കന്യാസ്ത്രീ ബലാത്സംഗ ആരോപണം ഉയർത്തിയതാണ് ഇതിനുമുമ്പ് കേരള ക്രൈസ്‌തവ സഭയെ പിടിച്ചുലച്ച ആദ്യത്തെ മേജർ ലൈംഗികാപവാദ സംഭവം. എന്നാൽ സീറോ മലബാർ സഭ ബിഷപ്പിനെതിരെ നടപടി എടുത്തില്ലെന്ന് മാത്രമല്ല, കോടതി അദ്ദേഹത്തെ വെറുതെ വിടുകയും ചെയ്‌തു. കേരളത്തിലും യുകെയും യുഎസും അടക്കമുള്ള വിദേശ രാജ്യങ്ങളിലെ സുറിയാനി കത്തോലിക്കർക്കും ആകെ നാണക്കേടുണ്ടാക്കി ഇപ്പോൾ കുർബ്ബാനത്തർക്കം നിലനിൽക്കുന്നു. കോട്ടയം - ചങ്ങനാശ്ശേരി, പാലാ രൂപത മേലധ്യക്ഷന്മാർ ഏകീകൃത കുർബ്ബാന ക്രമം, എറണാകുളം - അങ്കമാലി രൂപതയിൽ അടിച്ചേൽപ്പിക്കാൻ നടത്തുന്ന ശ്രമമാണ്, ആ രൂപതകളിലെ വൈദികർക്കും വിശ്വാസികൾക്കും ഇടയിൽ നിന്നുമുള്ള വൻ പ്രതിഷേധത്തിനും സഭാചരിത്രത്തിലെ ഏറ്റവും വലിയ കളങ്കത്തിനും കാരണമായി മാറിയത്. എറണാകുളത്തെ സഭാ ആസ്ഥാനമായ സെന്റ് മേരീസ് ബസിലിക്ക പള്ളിയിൽ ഇതിന്റെ പേരിൽ കഴിഞ്ഞ രണ്ടുവർഷത്തിലേറെയായി ഇരുവിഭാഗം പുരോഹിതരും വിശ്വാസികളും ബിഷപ്പുമാരും തമ്മിലുള്ള ഏറ്റുമുട്ടലുകളും കയ്യാങ്കളിയും നടക്കുന്നു. ബസിലിക്ക ഇപ്പോഴും അടഞ്ഞുകിടക്കുന്നു. അൾത്താരയിലെ ബലിപീഢവും ബൈബിൾ സ്റ്റാൻഡും മൈക്കും തിരുവോസ്തിയും യോഹന്നാന്റെ തലയും പത്രോസിന്റെ അംശവടിയുമൊക്കെ എടുത്തെറിഞ്ഞും വീശി അടിച്ചുമാണ് പരസ്പരമുള്ള ഏറ്റുമുട്ടൽ! മാധ്യമങ്ങളിലൂടെ ഇതൊക്കെ ലോകം മുഴുവൻ കാണുമ്പോൾ, പുറത്തിറങ്ങി തലയുയർത്തി നടക്കാൻ കഴിയാത്ത അവസ്ഥയിലാണ് മാർത്തോമ്മാ ശ്ലീഹ നേരിട്ടുവന്ന് മാർഗ്ഗംകൂടിച്ചവരെന്ന് അഹങ്കരിച്ചിരുന്ന മലയാളികളായ സുറിയാനി ക്രിസ്ത്യാനികൾ. ഇതൊക്കെക്കണ്ട് പുതുതലമുറ വിശ്വാസം നഷ്ടപ്പെട്ടവരുമായി മാറുന്നു. യുകെയിലെ ഏറ്റവും വലിയ കത്തോലിക്കാ സമൂഹവുമാണ് റോമൻ കത്തോലിക്കരായ സീറോ മലബാർ സിറിയൻ സഭക്കാർ. പുതിയ നിയമങ്ങളും കുർബ്ബാന ക്രമ മാറ്റങ്ങളും നിർബന്ധിച്ച് അടിച്ചേൽപ്പിക്കലും അധികാരവും സമ്പത്തും പിടിച്ചെടുക്കലുമൊക്കെ പുരോഹിതരും ബിഷപ്പുമാരും ഉപേക്ഷിച്ച്, വിശ്വാസികളെ ഉപദേശിക്കാറുള്ളതുപോലെ; ക്രിസ്‌തുമാർഗ്ഗത്തിൽ സമാധാനത്തിലൂടെയും ക്ഷമയിലൂടെയും ക്രൈസ്‌തവ സഹനത്തിലൂടെയും പ്രശ്‍നങ്ങൾക്ക് പരിഹാരം കാണണമെന്ന ആവശ്യമുന്നയിക്കുന്നവരാണ് കേരളത്തിലുള്ളവർക്കൊപ്പം പ്രവാസികളായ ഭൂരിഭാഗം സീറോ മലബാർ കത്തോലിക്കാ വിശ്വാസികളും.