അകാലമരണങ്ങൾ ജീവനെടുക്കുന്നത് തുടരുമ്പോൾ, യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി മറ്റൊരു ആകസ്‌മിക മരണവാർത്ത കൂടിയെത്തി. പീറ്റർബറോയിലെ സ്പാൾഡിങിൽ വീടിനുള്ളിലെ സ്റ്റെയർകേസിൽ നിന്ന് വീണ് സോജൻ തോമസാണ് അകാലത്തിൽ വിടപറഞ്ഞത്. . വീടിന്റെ മുകൾ നിലയിൽ നിന്നും സ്റ്റെയർ ഇറങ്ങവെ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. വീഴ്ചയെത്തുടർന്ന് സോജന്റെ തലയ്ക്കും പെടലിയ്ക്കും കാര്യമായ പരുക്കേറ്റിരുന്നു. താഴെ വീണ ശബ്ദംകേട്ട് വീട്ടിൽ ഉണ്ടായിരുന്ന മക്കളും ഓടിയെത്തി. ഉടൻതന്നെ ആംബുലൻസ് വിളിച്ചു.അഞ്ച് മിനിറ്റിനുള്ളിൽ ആംബുലൻസ് എത്തി പാരാമെഡിക്കുകൾ പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശിയായ സോജൻ മോറിസൺസ് സൂപ്പർമാർക്കറ്റിലാണ് ജോലിചെയ്തിരുന്നത്. നഴ്‌സായ ഭാര്യയ്ക്ക് കെയറർ വിസ കിട്ടിയതോടെ ഒരുവർഷം മുമ്പുമാത്രമാണ് സോജനും കുടുംബവും യുകെയിൽ എത്തിയത്. 49 വയസ്സുമാത്രമായിരുന്നു സോജന്റെ പ്രായം. കഴിഞ്ഞ വർഷം മാർച്ചിലാണ് ഇവർ യുകെയിലെത്തിയത്. ഭാര്യ സജിനി കെയർഹോം ജീവനക്കാരിയാണ്. കാത്തി സോജൻ, കെവിൻ സോജൻ എന്നിവരാണ് മക്കൾ. നാട്ടിൽ കുറുമ്പനാടം അസംപ്ഷൻ സിറോ മലബാർ ചർച്ച് അംഗങ്ങളാണ് സോജന്റെ കുടുംബം. ചങ്ങനാശ്ശേരി പൊങ്ങന്താനം മുരണിപ്പറമ്പിൽ പരേതനായ തോമസ്, കത്രീനാമ്മ എന്നിവരാണ് മാതാപിതാക്കൾ. സജി, സുജ, സൈജു (യുകെ) എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുവാനാണ് ആഗ്രഹിക്കുന്നതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ബോഡി നാട്ടിലെത്തിക്കുവാനുള്ള ശ്രമത്തിലാണ് പീറ്റർബറോ മലയാളി അസ്സോസിയേഷൻ പ്രവർത്തകരും. മാസങ്ങൾക്ക് മുമ്പുമാത്രമാണ് മറ്റൊരു യുകെ മലയാളി ഇതേവിധത്തിൽ ഫ്‌ളാറ്റിലെ സ്റ്റെയർകേസിൽ നിന്നുവീണ് മരണമടഞ്ഞത്. നാട്ടിൽ പോയിരുന്ന ഭാര്യയും മക്കളും തിരികെ യുകെയിലേക്കുവരാൻ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിൽക്കുമ്പോഴായിരുന്നു അന്നത്തെ ദാരുണസംഭവം. അമ്പതുപോലും തികയ്ക്കാത്തവരുടെ അകാലമരണത്തോടെ ആയിരുന്നു 2025 പുതുവർഷ തുടക്കം. രണ്ടാംമാസം ആയിട്ടും ഒന്നിനുപിന്നാലെ ഒന്നായി ആകസ്‌മിക മരണങ്ങൾ യുകെ മലയാളികളെ വേട്ടയാടുന്നത് തുടരുന്നു.