കൊല്ലം: കൊല്ലത്ത് ആംബുലന്‍സും കോഴിയുമായി പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ച് അപകടം. കൊല്ലം കൊട്ടാരക്കരയില്‍ ആണ് ആംബുലന്‍സും കോഴിയുമായി പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന രോഗി അടക്കം രണ്ടു പേര്‍ മരിച്ചു.
അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്പി (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. രോഗിയുമായി പോയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ ഏഴുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എംസി റോഡില്‍ കൊട്ടാരക്കര സദാനന്ദപുരത്ത് വെച്ച് അര്‍ധരാത്രിക്കു ശേഷമാണ് അപകടമുണ്ടായത്. മരിച്ച ദമ്പതികളുടെ ഇവരുടെ മകള്‍ ബിന്ദു അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. ആംബുലന്‍സ് ഡ്രൈവറടക്കം അഞ്ചു പേരാണ് ആംബുലന്‍സിലുണ്ടായിരുന്നത്. ലോറിയില്‍ നാലുപേരുമാണ് ഉണ്ടായിരുന്നത്.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. അടൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.
ലോറിയില്‍ ഡ്രൈവറും ലോഡിറക്കാനുള്ള തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്. രണ്ടു വാഹനങ്ങളിലുമായി ആകെ ഒമ്പതുപേരാണ് ഉണ്ടായിരുന്നത്.മരിച്ച തമ്പിയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ശ്യാമളയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുമാണുള്ളത്.