കൊല്ലം: നടനും എംഎല്‍എയുമായ മുകേഷിന് പാര്‍ട്ടിയുടെ രഹസ്യ വിലക്ക് ഏര്‍പ്പെടുത്തിയതായി സൂചന. ലൈംഗിക പീഡനക്കേസില്‍ നിര്‍ണായക തെളിവുകള്‍ സഹിതമുള്ള കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ആണ് പാര്‍ട്ടിയുടെ ഈ തീരുമാനം.
എം.മുകേഷ് എം.എല്‍.എയ്ക്ക് പാര്‍ട്ടി പരിപാടികളില്‍ അനൗദ്യോഗിക വിലക്ക് ഏര്‍പ്പെടുത്താന്‍ സി.പി.എം തീരുമാനിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജില്ലാ നേൃത്വം ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. എം.എല്‍.എ എന്ന നിലയില്‍ മുകേഷിന് പൊതുപരിപാടികളില്‍ പങ്കെടുക്കാം. എന്നാല്‍ പാര്‍ട്ടി പരിപാടികളുടെ പ്രചാരണ ബോര്‍ഡുകളിലും നോട്ടീസുകളിലും മുകേഷിന്റെ പേരും ചിത്രവും ഉപയോഗിക്കേണ്ടെന്നാണ് രഹസ്യ ധാരണയാണ് ഉള്ളത്.
അടുത്ത മാസം കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികള്‍ ജനപ്രതിനിധികളെ അടക്കം പങ്കെടുപ്പിച്ച് ജില്ലയില്‍ വ്യാപകമായി നടക്കുകയാണ്. മുകേഷിനെ ഇത്തരം പരിപാടികളുടെ ഭാഗമാക്കുന്നത് സംസ്ഥാന സമ്മേളനത്തിന് എതിരെ പ്രചാരണത്തിന് ഇടയാക്കുമെന്ന വിലയിരുത്തലിലാണ് മാറ്റിനിറുത്തല്‍. പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം മുകേഷ് ഇതുവരെ കൊല്ലത്ത് എത്തിയിട്ടില്ല.
കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും കൊല്ലം നിയമസഭാ മണ്ഡലത്തില്‍ സി.പി.എം ചിഹ്നത്തില്‍ മത്സരിച്ചാണ് വിജയിച്ചതെങ്കിലും മുകേഷിന് ഇതുവരെ പാര്‍ട്ടി അംഗത്വം നല്‍കിയിട്ടില്ല. മുകേഷിനെതിരെ ലൈംഗികാരോപണം ഉയര്‍ന്ന ശേഷമാണ് കൊല്ലത്ത് പാര്‍ട്ടി സംഘടനാ സമ്മേളനങ്ങള്‍ ആരംഭിച്ചത്. കൊല്ലത്തെ ലോക്കല്‍, ഏരിയാ, ജില്ലാ സമ്മേളനങ്ങളുടെ ഭാഗമായി നടന്ന ഒരു പൊതുപരിപാടിയിലും മുകേഷ് പങ്കെടുത്തിരുന്നില്ല.