താടി ട്രിം ചെയ്ത് പുതിയ മേക്കോവറില്‍ മോഹന്‍ലാല്‍. ബഹ്റൈന്‍ സര്‍ക്കാരിന്റെ പരമോന്നത ബഹുമതി നേടിയ വ്യവസായി ഡോ. ബി രവി പിള്ളയെ ആദരിക്കുന്ന ചടങ്ങില്‍ മോഹന്‍ലാല്‍ താടി ട്രിം ചെയ്ത് എത്തിയത്. പരിപാടി നടക്കുന്ന തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും മിനിറ്റുകള്‍ക്കകം ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാനും തുടങ്ങി.
ഇതോടെ സത്യന്‍ അന്തിക്കാട് ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്കാണോ ഇതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
2015 ല്‍ പുറത്തെത്തിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒരുമിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് 'ഹൃദയപൂര്‍വം'. സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 10 ന് കൊച്ചിയില്‍ ആരംഭിക്കും. മോഹന്‍ലാല്‍ ഫെബ്രുവരി 14 ന് സിനിമയില്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മാളവിക മോഹനാണ് ചിത്രത്തിലെ നായിക. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും ഈ ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. അനൂപ് സത്യന്‍ സിനിമയില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുന്നുണ്ട്.