മാര്‍ച്ച് 27ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് എല്ലാവരും. വര്‍ഷങ്ങളായി എംപുരാന് വേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകരാണ് നമ്മള്‍. മാര്‍ച്ച് 27ന് സിനിമ തീയറ്ററുകളില്‍ എത്തുമ്പോള്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്ക്. ഇപ്പോഴിതാ സംവിധായകന്‍ പൃഥ്വിയോട് ചോദിച്ച ഒരു ചോദ്യവും ആ ചോദ്യത്തിന് പൃഥ്വിയുടെ മറുപടിയും ആണ് വൈറലാകുന്നത്.
അടുത്തിടെ നടന്ന ഒരഭിമുഖത്തില്‍ ആണ് പൃഥ്വിയോട് ഒരു ചോദ്യം ചോദിച്ചത്. ലൂസിഫര്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്താല്‍ നായക വേഷത്തില്‍ ആരെയായിരിക്കും പരിഗണിക്കുക എന്ന ചോദ്യത്തിന് പൃഥ്വിരാജ് പറഞ്ഞ മറുപടിയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനാണെങ്കിലും ലൂസിഫറിന്റെ ഹിന്ദി റീമേക്കില്‍ ഷാരുഖ് ഖാനെ ആയിരിക്കും നായകനായി താന്‍ തിരഞ്ഞെടുക്കുക എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
2019 ല്‍ ലൂസിഫര്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്നും എന്നാല്‍ കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷത്തിനിടെ സിനിമ വ്യവസായത്തില്‍ സംഭവിച്ച മാറ്റമാണ് ഇപ്പോള്‍ എംപുരാന്‍ അഞ്ച് ഭാഷകളില്‍ എടുക്കാന്‍ കാരണമായതെന്നും പൃഥ്വിരാജ് പറഞ്ഞു. 200 കോടി ക്ലബ്ബില്‍ കയറിയ ആദ്യ മലയാള ചിത്രമാണോ ലൂസിഫര്‍ എന്ന അവതാരകയുടെ ചോദ്യത്തിന് തനിക്കറിയില്ല എന്നായിരുന്നു പൃഥ്വിയുടെ മറുപടി.
ചിത്രമൊരു വലിയ ഹിറ്റ് ആയിരുന്നു എന്നറിയാം എന്നു മാത്രമാണ് താരം പറഞ്ഞത്. ടീസര്‍ കണ്ടിട്ടുള്ള ആളുകളുടെ പ്രതീക്ഷയെല്ലാം മാര്‍ച്ച് 27-ാം തീയതി സഫലമാകട്ടെയെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ഡയറക്ട് ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ള നടന്‍ മോഹന്‍ലാലാണെന്നും പൃഥ്വിരാജ് ചൂണ്ടിക്കാട്ടി.
''ഞാന്‍ മൂന്ന് സിനിമകള്‍ സംവിധാനം ചെയ്തു. അതില്‍ എനിക്കേറ്റവും കംഫര്‍ട്ട് ആയിരുന്ന നടന്‍ മോഹന്‍ലാല്‍ ആണ്. എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് അറിയാം. മാത്രമല്ല നമ്മുടെ അടുത്ത് കാര്യങ്ങള്‍ കൃത്യമായി ചോദിച്ചറിഞ്ഞ് ചെയ്യുകയും ചെയ്യും. ഞാന്‍ സംവിധാനം ചെയ്ത സിനിമകളിലെ താരങ്ങളില്‍ ഏറ്റവും എളുപ്പത്തില്‍ ഡയറക്ട് ചെയ്യാന്‍ സാധിച്ചത് അദ്ദേഹത്തെയാണ്.'' - പൃഥ്വിരാജ് പറഞ്ഞു.